വി.സാംബശിവന്റെ കഥാപ്രസംഗം പാഠപുസ്തകത്തിലേക്ക്

മറക്കുമോ നിങ്ങള്‍ എന്ന പാഠഭാഗത്തിലെ ആയിശ | Photo: Mathrubhumi
മറക്കുമോ നിങ്ങള്‍ എന്ന പാഠഭാഗത്തിലെ ആയിശ | Photo: Mathrubhumi

കൊല്ലം: വയലാറിന്റെ ആയിഷ എന്ന ഖണ്ഡകാവ്യത്തെ അടിസ്ഥാനമാക്കി വി. സാംബശിവന്‍ തയ്യാറാക്കി ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ച കഥാപ്രസംഗഭാഗം പാഠപുസ്തകത്തിലേക്ക്. എട്ടാംക്ലാസിലെ പുതിയ പാഠപുസ്തകത്തിലാണ് നൂറ്റാണ്ട് പിന്നിടുന്ന കഥാപ്രസംഗകലയ്ക്ക് ആദ്യമായി ഇടം ലഭിച്ചത്. 

1924-ല്‍ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിക്ക് കഥാപ്രസംഗഭാഷ്യം രചിച്ച് സി.എ. സത്യദേവനാണ് ആദ്യത്തെ കഥാപ്രസംഗം വേദിയില്‍ അവതരിപ്പിച്ചത്. പോയവര്‍ഷം കഥാപ്രസംഗ കലാകാരന്മാര്‍ ഇതിന്റെ നൂറാംവാര്‍ഷികം ആഘോഷിച്ചിരുന്നു.

ഇത്തവണത്തെ പാഠപുസ്തക കമ്മിറ്റിയില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന തോമസ് താമരശ്ശേരിയുണ്ടായിരുന്നു. കൊല്ലത്തെ പഴയകാല കാഥികന്‍ ബേബി താമരശ്ശേരിയുടെ മകനായ അദ്ദേഹമാണ് ഇങ്ങനെയൊരു നിര്‍ദേശം പാഠപുസ്തക കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. കമ്മിറ്റി അത് അംഗീകരിക്കുകയും ഈ കഥാപ്രസംഗത്തിന്റെ തുടക്കഭാഗം പാഠപുസ്തകത്തില്‍ ചേര്‍ക്കുകയുമായിരുന്നു. 

'മറക്കുമോ നിങ്ങള്‍' എന്നാണ് പാഠഭാഗത്തിന്റെ തലക്കെട്ട്. വൈലോപ്പിള്ളിയുടെ മാമ്പഴം, ജി. ശങ്കരക്കുറുപ്പിന്റെ ചന്ദനക്കട്ടില്‍, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വാഴക്കുല എന്നിവ കഥാപ്രസംഗരൂപത്തിലാക്കാനുള്ള അഭ്യാസവും കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട്. കഥാപ്രസംഗം ആദ്യമായാണ് സ്‌കൂള്‍ തലത്തില്‍ പഠനവിഷയമാകുന്നതെന്ന് കാഥികനും വി. സാംബശിവന്റെ മകനുമായ വസന്തകുമാര്‍ സാംബശിവന്‍ പറഞ്ഞു

Content Highlights: v sambashivans kathaprasangam in class 8th textbook