‘ഒന്നാം ക്ലാസ് ഒന്നാം തരം’; ഈ സ്‌കൂളിൽ ഇനി പിൻബെഞ്ചില്ല, മുൻബെഞ്ചും

#സ്വന്തം ലേഖകന്‍
പുനലൂർ തൊളിക്കോട് സർക്കാർ എൽപി സ്കൂളിൽ കുട്ടികളുടെ ഇരിപ്പിടം പുതിയരീതിയിൽ ക്രമീകരിച്ചപ്പോൾ.|Photo: Mathrubhumi
പുനലൂർ തൊളിക്കോട് സർക്കാർ എൽപി സ്കൂളിൽ കുട്ടികളുടെ ഇരിപ്പിടം പുതിയരീതിയിൽ ക്രമീകരിച്ചപ്പോൾ.|Photo: Mathrubhumi

കൊല്ലം ജില്ലയിലെ പുനലൂർ നഗരസഭയിലെ തൊളിക്കോട് സർക്കാർ എൽപി സ്‌കൂളിലെ ക്ലാസ്മുറികളിൽ ഇനി പിൻബെഞ്ചോ മുൻബെഞ്ചോ ഇല്ല. എല്ലാവരും ഒരേ അകലത്തിൽ.

ക്ലാസ്മുറികളിലെ ബെഞ്ചുകൾ ഇംഗ്ലീഷ് അക്ഷരമാലയിലെ 'യു' ആകൃതിയിൽ ക്രമീകരിച്ചുകൊണ്ടാണ് ഇവിടെ അധ്യയനം. എല്ലാ കുട്ടികൾക്കും അധ്യാപകരെ ഒരേരീതിയിൽ കണ്ട് ആശയവിനിമയം നടത്തുന്നതിനുവേണ്ടിയാണിത്. 'ഒന്നാം ക്ലാസ്, ഒന്നാം തരം' എന്നപേരിൽ ക്ലാസ് പിടിഎ യോഗം നടത്തി പുതിയ സംവിധാനം രക്ഷിതാക്കൾക്കുകൂടി പരിചയപ്പെടുത്തുകയും ചെയ്തു. പുതിയ രീതിവഴി എല്ലാ കുട്ടികളെയും ഒരേരീതിയിൽ അധ്യാപകർക്ക് ശ്രദ്ധിക്കാനാകുമെന്ന് യോഗത്തിൽ പ്രഥമാധ്യാപകൻ കെ.ജി. എബ്രഹാം ചൂണ്ടിക്കാട്ടി.

'ബാഗ്‌ലെസ്‌ സ്‌കൂൾ' ഉൾപ്പെടെ ഒട്ടേറെ നൂതന പരിഷ്‌കാരങ്ങൾ പരിചയപ്പെടുത്തി സംസ്ഥാനത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റുകയും ഒട്ടേറെ പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള സ്‌കൂളാണിത്. ക്ലാസ് പിടിഎ യോഗങ്ങൾക്കെത്തുന്ന രക്ഷിതാക്കൾക്ക് പാഠഭാഗം പരിചയപ്പെടുത്തുന്ന രീതിയും ഇവിടെയുണ്ട്.

കുട്ടികൾതന്നെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. വായന, ലേഖനം തുടങ്ങിയ മേഖലകളിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾ പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നതിനുള്ള ഒട്ടേറെ അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ട് ഇവിടെ. പുറമേ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാവിനും പങ്കാളിയാകാനുള്ള പരിശീലനവും നൽകുന്നു. കുട്ടികളുടെ പഠനമികവ് പഠനോത്സവമായി വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂൾ.

Content Highlights: Tholicode Govt LP School, Punalur, revolutionizes learning with `U` shaped seating, ensuring equal distance and interaction for all students