ക്ലാസ്‌മുറികളിലെ ഊഷ്മളത കുറയുന്നോ ? അധ്യാപകർ നിസ്സഹായരാകുന്നു; കുട്ടികളെ കേൾക്കണം

ലോകം മാറുമ്പോൾ സാമ്പ്രദായിക ടൂളുകൾ കൊണ്ടുമാത്രം പുതിയ വെല്ലുവിളികളെ നേരിടാനാവില്ല എന്ന കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യരാശി എത്രമേൽ സാങ്കേതികമായി വികസിച്ചാലും സുഖ ദുഃഖങ്ങളും ആശ നിരാശകളും അവരുടെ അടിസ്ഥാന വികാരങ്ങളും സംബോധനചെയ്യപ്പെടുന്ന വിദ്യാഭ്യാസത്തിനേ നമ്മുടെ കുട്ടികളെ രക്ഷിക്കാൻ കഴിയൂ.
ക്ലാസ്‌മുറികളിലെ ഊഷ്മളത കുറയുന്നോ
ഇന്നത്തെ നമ്മുടെ ക്ലാസ്‌റൂമുകളിലെ അവസ്ഥ പൊതുവേ വ്യത്യസ്തവും ആശങ്കാജനകവുമാണ്. കോവിഡിനു ശേഷമുള്ള കാലഘട്ടം പൊതുവേ നമ്മുടെ വിദ്യാഭ്യാസമേഖലയിലും കുട്ടികളുടെ മാനസികാരോഗ്യത്തിലും സമീപനങ്ങളിലും പെരുമാറ്റത്തിലും വലിയതോതിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ജെൻസീ തലമുറയെ അഭിസംബോധന ചെയ്യുന്നത് പല അധ്യാപകരെയും സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു.
അമിതമായ വൈകാരികപ്രകടനങ്ങൾ നടത്തുന്ന കുട്ടികൾ പലപ്പോഴും അധ്യാപകരോടും രക്ഷിതാക്കളോടും മുതിർന്നവരോടുമുള്ള പരമ്പരാഗതമായ ആദരവിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങൾ പഴയകാലത്തെപ്പോലെ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല എന്ന പരാതിയിൽ കഴമ്പില്ലാതെയില്ല. സോഷ്യൽ മീഡിയാകാലത്തെ അതിദ്രുത ഇൻഫർമേഷൻ ഹൈവേയിൽ അവർ പലതിനാലും നിരന്തരം സ്വാധീനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാമൂഹിക മാറ്റം അവരിൽ വലിയതോതിലുള്ള വൈകാരിക അസ്ഥിരതയ്ക്കും എടുത്തുചാട്ടത്തിനും കാരണമാകുന്നുണ്ട്.
ചെറിയകാര്യങ്ങൾക്കുപോലും അമിതമായി പ്രതികരിക്കുകയും മാനസികമായി തളരുകയുംചെയ്യുന്ന, ചിലപ്പോൾ നിസ്സാര കാരണങ്ങൾപോലും അവരെ ആത്മഹത്യയിലേക്കുനയിക്കുന്ന ഒരുതരം ഭീതിദമായ പ്രവണത ഇവർക്കിടയിൽ കാണാൻ സാധിക്കുന്നുണ്ട്.
നിസ്സഹായരാകുന്ന അധ്യാപകർ
ഈ ഗുരുതരമായ പ്രശ്നങ്ങൾക്ക് യഥാസമയം പരിഹാരം കാണാൻ പലപ്പോഴും അധ്യാപകർക്ക് കഴിയാതെപോകുന്നു. സ്കൂളുകളിലെ അമിതമായ ജോലിഭാരവും പ്രത്യേകിച്ചും ഹയർസെക്കൻഡറി ക്ലാസ്‌മുറികളിൽ കുട്ടികളുടെ എണ്ണക്കൂടുതലും പലേടങ്ങളിലും ഇതിന് ആക്കംകൂട്ടുന്നു. അക്കാദമിക കാര്യങ്ങൾക്കപ്പുറമുള്ള ഒട്ടേറെ അനൗദ്യോഗിക ചുമതലകളും നിയമപരമായ കടുത്ത നിയന്ത്രണങ്ങളും അധ്യാപകരെ മാനസികമായും ശാരീരികമായും തളർത്തുന്നതായിക്കാണാം. പല തലത്തിൽനിന്നുള്ള പരിപാടികളുടെ ബാഹുല്യം പലപ്പോഴും ഹൃദയാവർജകമായ അധ്യായനത്തിനു വിലങ്ങു തടിയാവുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടണം. ഈ വെല്ലുവിളികളെ അതിജീവിക്കാനും കുട്ടികളിൽ ധാർമികബോധവും മാനസിക കരുത്തും വളർത്തിയെടുക്കാനും ചില പ്രായോഗിക നടപടികൾ നാം അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
കുട്ടികളെ കേൾക്കണം
ക്ലാസിൽ കുട്ടികളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ അവസരം നൽകണം. അവരുടെ മാനസിക സംഘർഷങ്ങളും വിഷമങ്ങളും ന്യായാന്യായങ്ങളും ക്ഷമയോടെ കേൾക്കാൻ അധ്യാപകർ സമയം കണ്ടെത്തുകയും ചെയ്യണം. പാഠപുസ്തക അറിവുകൾക്കൊപ്പം പരസ്പര ബഹുമാനം, സഹാനുഭൂതി, വിനയം, ക്ഷമ തുടങ്ങിയ മാനുഷികമൂല്യങ്ങൾ ജീവിത നൈപുണികൾ എന്നിവ പുതുപുത്തൻ ജീവിത കഥകളിലൂടെയും സ്വന്തം മാതൃകയിലൂടെയും പകർന്നുനൽകണം. മൊബൈൽ ഫോണുകളുടെയും സാമൂഹികമാധ്യമങ്ങളുടെയും വഴിവിട്ട ഉപയോഗം കുറയ്ക്കാനായി അവർക്കിണങ്ങുന്ന നൂതന കളികളും മത്സരങ്ങളും അധ്യയ നത്തിന്റെ ഭാഗമായി നടക്കണം. പ്രകൃതിയോടിണങ്ങിയുള്ള ക്രിയാത്മകപ്രവർത്തനങ്ങളും അനുഭവങ്ങളും ക്ലാസുകളിൽ ലക്ഷ്യാധിഷ്ഠിതമായി ഉപയോഗപ്പെടുത്തണം.
ഓരോക്ലാസിലും ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികൾ നേതൃത്വംനൽകുന്ന സാഹിത്യ സമാജത്തിനും സർഗസായാഹ്നങ്ങൾക്കും അവസരം നൽകുന്നത് നന്നാവും. ക്ലാസ് മുറികളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ നിത്യ ജീവിതവുമായി ബന്ധപ്പെടുന്നതും ജീവിത, മത്സരപ്പരീക്ഷകളെ ആത്മ വിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്നതുമാവണം.
സംവിധാനങ്ങൾ മാറണം
ഫലവത്തായ ആശയവിനിമയം, പരസ്പര സഹകരണം, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, ക്രിയാത്മകത, വിമർശനാത്മകചിന്ത തുടങ്ങി ഇനിയും പിറവിയെടുത്തിട്ടില്ലാത്ത പല തൊഴിൽ മേഖലകളിലേക്കും തെരുവിലും വീട്ടിലും ഓഫീസിലും പൊതു ഇടങ്ങളിലും പാലിക്കപ്പെടേണ്ട സാമാന്യ മര്യാദകളും കൂടി പരിശീലിപ്പിക്കുന്നതാവണം ഓരോ ക്ലാസും.
വൈകാരികമായി അസ്ഥിരത പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സ്നേഹപൂർവമായ പിന്തുണയും പ്രൊഫഷണൽ കൗൺസലിങ്ങും കൂടുതൽ കൃത്യവും ഫലപ്രദവുമായ രീതിയിൽ വിദ്യാലയങ്ങളിൽ നൽകേണ്ടതുണ്ട്. അനാവശ്യമായ ഭാരങ്ങൾ കുറച്ച്, കാലഹരണപ്പെട്ട സംവിധാനങ്ങൾക്കുപകരം അധ്യാപകരെ കുട്ടികളുമായി കൂടുതൽ സമയം സംവദിക്കാനും അവരെ മനസ്സിലാക്കാനും അവരെ പ്രാപ്തരാക്കുന്ന രീതിയിൽ സ്കൂൾ സംവിധാനങ്ങൾ മാറ്റിയെടുക്കണം. ഇതിനെല്ലാം ഉതകുന്ന തരത്തിൽ പാഠ്യപദ്ധതികളിലും അധ്യാപക പരിശീലനങ്ങളിലും പഠന പ്രവർത്തനങ്ങളിലും മൂല്യ നിർണയങ്ങളിലും സാങ്കേതികരംഗത്തെ നൂതന സൗകര്യങ്ങളായ എ.ഐ., ഡേറ്റാ അനലിറ്റിക്സ്, എ.ആർ.വി.ആർ. സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കാലാനുസൃതമായ മാറ്റങ്ങൾ സർവ തലങ്ങളിലും അടിയന്തര അനിവാര്യതയാണ്. പുതുതായിപ്പണിയുന്ന സ്കൂൾ കെട്ടിടങ്ങളുടെ രൂപവും ഭാവവും സംവിധാനങ്ങളും നിർമിതിയും നവീകരിക്കപ്പെടേണ്ടതുണ്ട്. കൃത്യമായ മോണിറ്ററിങ്ങും എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ട്.
(സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആണ് ലേഖകൻ.)
Content Highlights: Explore how classroom dynamics have shifted post-pandemic, affecting education and teachers' roles. Teachers day highlights the need for adaptive strategies.