പ്രണയിനിയെ കണ്ടുമുട്ടി, ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചു; ഐ.ഐ.ടി ദിനങ്ങൾ ഓർത്ത് സുന്ദർ പിച്ചൈ

#Education desk
ഗൂഗിള്‍ സി.ഇ.ഓ. സുന്ദര്‍ പിച്ചൈ | Photo - AP
ഗൂഗിള്‍ സി.ഇ.ഓ. സുന്ദര്‍ പിച്ചൈ | Photo - AP

ഖരഗ്പൂർ: ഐ.ഐ.ടി ഖരഗ്പൂരിന്റെ എഴുപത്തിയഞ്ചാം വാർഷിക വേളയിൽ ആശംസകൾ നേർന്ന് മുൻ വിദ്യാർഥിയും ഗൂഗിൾ സി.ഇ.ഒയുമായ സുന്ദർ പിച്ചൈ. തന്റെ വ്യക്തിജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും അടിത്തറയിട്ട ക്യാമ്പസ് ഓർമ്മകളും എ.ഐ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമാണ് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചത്. പ്രണയവും സൗഹൃദവും പ്രോഗ്രാമിങ്ങും നിറഞ്ഞ ക്യാമ്പസ് നാളുകളാണ് തന്നെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് പിച്ചൈ വൈകാരികമായി ഓർത്തെടുത്തു.

ഹാരീസിലെ ഭക്ഷണവും രാത്രിയിലെ പഠനവും...

ഹാരീസിലെ (Harry's) രുചിയേറിയ ഭക്ഷണവും ക്യാമ്പസിലെ ഇല്ലു (ദിവാലിയോടനുബന്ധിച്ച് ഐഐടിയി ഖരഘ്പൂരിൽ നടക്കുന്ന ഇല്ലുമിനിഷേൻ ഫെസ്റ്റിവൽ) ഉത്സവവും അദ്ദേഹം ഓർത്തു. ബി 308 മുറിയിലിരുന്ന് കൂട്ടുകാർക്കൊപ്പം രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പഠിച്ചതും സൗഹൃദവും അധ്യാപകരും തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറഞ്ഞു.

"ഈ ക്യാമ്പസിൽ വെച്ചാണ് ഞാൻ എന്റെ ഭാര്യ അഞ്ജലിയെ കണ്ടുമുട്ടുന്നത്. ഇവിടെയാണ് ഞാൻ ആദ്യമായി പ്രോഗ്രാമിങ് പഠിച്ചതും ഫ്ലോപ്പി ഡിസ്കുകളുമായി നടന്ന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ ആദ്യമായി അവസരങ്ങൾ ലഭിച്ചതും," പിച്ചൈ തന്റെ സന്ദേശത്തിൽ പങ്കുവെച്ചു. ഈ നിമിഷങ്ങളാണ് ജീവിതത്തിന്റെ ഗതി മാറ്റിയതെന്നും തന്നെ ഗൂഗിളിലേക്കുള്ള വഴിയിലെത്തിച്ചതെന്നും സാങ്കേതികവിദ്യ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസവും ഐ.ഐ.ടിയും

സർവകലാശാലയിലെ വിദ്യാഭ്യാസം യഥാർത്ഥത്തിൽ ഒരു സമ്മാനമാണെന്ന് പിച്ചൈ വിശേഷിപ്പിച്ചു. ഇവിടെ നിന്നുള്ള നിരവധി ബിരുദധാരികൾ ഇന്ത്യയിലും ലോകമെമ്പാടും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ അടുത്ത തരംഗത്തിലേക്ക് നാം നീങ്ങുമ്പോൾ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് ഇനിയും വർദ്ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ ഇന്ന് ലോകത്തിന് പ്രയോജനപ്പെടുന്ന രീതിയിലുള്ള പുതുമകൾ സൃഷ്ടിക്കുകയാണെന്ന് പിച്ചൈ അഭിപ്രായപ്പെട്ടു.

വരുന്ന അഞ്ചു വർഷത്തിനുള്ളിൽ എ.ഐ സാങ്കേതികവിദ്യ ലബോറട്ടറികളിൽ നിന്ന് സാധാരണക്കാരുടെ കൈകളിലേക്ക് എത്തുമെന്നാണ് പിച്ചൈയുടെ കാഴ്ചപ്പാട്. ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, കർഷകർ, ഡെവലപ്പർമാർ, സംരംഭകർ എന്നിവരിലേക്ക് എ.ഐ സാങ്കേതികവിദ്യ എത്തും. ജോലി കൂടുതൽ മികച്ച രീതിയിലും സംതൃപ്തിയോടെയും ചെയ്യാൻ ഇത് ആളുകളെ സഹായിക്കും. ഈ വർഷം ഡൽഹിയിൽ നടന്ന എ.ഐ ഇംപാക്ട് സമ്മിറ്റിൽ വെച്ച് കണ്ടുമുട്ടിയ ജെമിനി സ്റ്റുഡന്റ് അംബാസഡർമാരുടെ ആർജവം ഭാവിയിലെ സാങ്കേതിക പുരോഗതിയെക്കുറിച്ച് തനിക്ക് വലിയ ശുഭപ്രതീക്ഷ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: On IIT Kharagpur's 75th anniversary Google CEO Sundar Pichai reminisces about his campus life