ഓർമകളുടെ കലാലയമുറ്റത്തേക്ക് ഒരു മടക്കയാത്ര | ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0

അലുമ്‌നി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് സംഘടിപ്പിച്ച സംഗമം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
അലുമ്‌നി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് സംഘടിപ്പിച്ച സംഗമം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

ഒരിക്കൽ സ്വപ്നങ്ങളുമായി നടന്ന ഇടനാഴികളിലേക്കും കൂട്ടുകാരോടൊപ്പം ചിരിച്ച ക്ലാസ് മുറികളിലേക്കും ഗുരുക്കന്മാരുടെ സ്‌നേഹവും ശാസനയും ഏറ്റുവാങ്ങിയ കലാലയമുറ്റത്തേക്കും ഒരു തിരിച്ചുപോക്ക്. പഠിച്ചിറങ്ങി വർഷങ്ങൾ പിന്നിട്ടാലും മനസ്സിൽ മായാതെ നിൽക്കുന്ന സൗഹൃദങ്ങളെയും ഓർമകളെയും വീണ്ടും ചേർത്തുപിടിക്കാൻ ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂരിലെ പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു. അലുമ്‌നി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ (AASK) സംഘടിപ്പിച്ച 'ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0' ഓഗസ്റ്റ് 9, 10 തീയതികളിൽ വിവിധ പരിപാടികളോടെ നടന്നു.

''ഈ കലാലയമുറ്റത്ത് നാം എത്രയെത്ര സ്വപ്നങ്ങൾ കണ്ടു! സ്വപ്നങ്ങൾ നെയ്‌തെടുത്തു... ജീവിതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. നമ്മെ നന്മകളാക്കിയ ഗുരുക്കന്മാരുടെ സ്‌നേഹവും ശാസനയും ഏറ്റുവാങ്ങിയും, വായനയും രചനയും കലയും കായിക മേഖലയിലെ കൂട്ടായ്മകളുമായി വളർന്നും...'' എന്ന ഓർമപ്പെടുത്തലോടെയാണ് പരിപാടിയുടെ സംഘാടകർ പൂർവ്വവിദ്യാർഥികളെ വീണ്ടും കലാലയത്തിലേക്ക് ക്ഷണിച്ചത്.

കാലം ജീവിതത്തിന് പുതിയ പേരുകളും പുതിയ വഴികളും സമ്മാനിച്ചെങ്കിലും, പഴയ കലാലയ ഓർമകൾക്ക് മങ്ങലേൽക്കുന്നില്ല. ക്ലാസ് മുറികളും കളിക്കളങ്ങളും, ഇടനാഴികളിലെ സൗഹൃദങ്ങളും, പഠനകാലത്തെ ചെറിയ സന്തോഷങ്ങളും ജീവിതത്തിന്റെ പല തിരക്കുകൾക്കിടയിലും മനസ്സിൽ സൂക്ഷിച്ചുവെച്ചവയാണ്. വിവിധ നാടുകളിലും വ്യത്യസ്ത മേഖലകളിലുമായി ജീവിതത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന പൂർവ്വവിദ്യാർഥികളെ ഒരിക്കൽക്കൂടി ഒരുമിപ്പിക്കുകയാണ് 'ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0'യുടെ ലക്ഷ്യം.

ഓഗസ്റ്റ് 9-ന് രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടെയാണ് പരിപാടികൾ ആരംഭിച്ചത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ 'Back to Classroom' എന്ന പേരിൽ പഴയ ക്ലാസ് മുറികളിലേക്കുള്ള തിരിച്ചുപോക്കാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഉദ്ഘാടനച്ചടങ്ങായിരുന്നു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് 'സാരഥ്യം' എന്ന പേരിൽ കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം നടന്നു. ഉച്ചഭക്ഷണത്തിനുശേഷം വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ പൂർവ്വവിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.

വൈകിട്ട് 'ഉദ്യമഗാഥ- Winning Life Stories' എന്ന പരിപാടിയിൽ സംരംഭകരായ പൂർവ്വവിദ്യാർഥികളെ ആദരിച്ചു. വിവിധ മേഖലകളിൽ സ്വന്തം ഇടം കണ്ടെത്തിയ പൂർവ്വവിദ്യാർഥികളുടെ ജീവിതാനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുന്ന വേദിയായിരുന്നു ഇത്. രാത്രി ഏഴ് മുതൽ 10 വരെ 'ഗന്ധർവരാവ്' എന്ന പേരിൽ സംഗീതപരിപാടിയും ഒരുക്കിയിട്ടുണ്ടായിരുന്നു.

അലുമ്‌നി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ സംഘടിപ്പിച്ച ഈ സംഗമം പഴയ തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് കലാലയത്തിന്റെ പൈതൃകവും സൗഹൃദത്തിന്റെ മൂല്യവും പരിചയപ്പെടുത്തുന്ന വേദിയായി. ഒരിക്കൽ പിന്നിട്ടുപോയെന്ന് കരുതിയ കാലത്തിലേക്ക് രണ്ട് ദിവസത്തേക്ക് മടങ്ങിപ്പോകാനും പഴയ കൂട്ടുകാരെ കാണാനും അധ്യാപകരെ ആദരിക്കാനും, മറന്നുപോയ ഓർമകളെ വീണ്ടും വിളിച്ചുണർത്താനും അവസരമായി.

Content Highlights: Sree Krishna College Guruvayur alumni association (AASK) organized the reunion event 'Hridayamyil Sreekrishna 2.0'., The two-day event took place on August 9 and 10 with various engaging programs., Activities included 'Back to Classroom', Union leaders meet 'Sarathy', and felicitation of successful entrepreneurs., Cultural programs and a musical night titled 'Gandharvaravu' added vibrancy to the reunion.