വികസനമോ പരിസ്ഥിതിയോ? ആശയപ്പോരാട്ടവുമായി ‘സ്പീക്ക് ഫോർ ഇന്ത്യ’ സോണൽ മത്സരം

കോഴിക്കോട്: ‘‘ശുദ്ധവായുവും വെള്ളവുമില്ലാതെ ജീവിക്കാനാവില്ല. അതിന് പ്രകൃതിയെ കാക്കുക തന്നെ വേണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ തന്നെ പ്രകൃതിയല്ലേ...’’ -പ്രകൃതിയില്ലാതെ എന്ത് ജീവനെന്ന് ഒരു വിഭാഗം വിദ്യാർഥികൾ.
‘‘എരിയുന്ന വയറിനോട് പ്രകൃതിസംരക്ഷണം പറഞ്ഞിട്ടെന്ത് കാര്യം. ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്ക് സാമ്പത്തികവളർച്ച പ്രധാനമാണ്’’ -അന്തസുള്ള ജീവിതത്തിന് മികച്ച സമ്പദ്‌വ്യവസ്ഥ വേണമെന്ന് മറ്റൊരുപക്ഷം.
ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി ചേർന്ന് നടത്തുന്ന ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ 11-ാം എഡിഷന്റെ കോഴിക്കോട് സോണൽ ലെവൽ മത്സരത്തിലാണ് പുതിയ ചിന്തകളും ആശയങ്ങളുമായി വിദ്യാർഥികളെത്തിയത്. കാസർകോടുമുതൽ മലപ്പുറംവരെയുള്ള ജില്ലകളിൽനിന്ന് ജില്ലാതല മത്സരത്തിൽ വിജയിച്ചവരാണ് സോണൽ മത്സരത്തിനെത്തിയത്.
‘ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിൽ സാമ്പത്തികവളർച്ചയെക്കാൾ മുൻഗണന നൽകേണ്ടത് പരിസ്ഥിതിസംരക്ഷണത്തിനാണ്’ എന്ന വിഷയത്തിലായിരുന്നു സംവാദം. ഭോപാൽ ദുരന്തവും പ്ലാച്ചിമടയിലെ സമരവുമെല്ലാം ഓർമ്മിപ്പിച്ചും ഇനി ഒരു തലമുറയ്ക്ക് ജീവിക്കണമെങ്കിൽ പ്രകൃതിയെ നോവിക്കരുതെന്നും കുട്ടികൾ വാദിച്ചു. വികസനമെന്നത് ആഡംബരമല്ലെന്നും ആവശ്യമാണെന്നും അതിന് പ്രകൃതിയെ ഏത് രീതിയിൽ ചൂഷണം ചെയ്യുന്നുവെന്നത് പ്രധാനമാണെന്നും മറുകൂട്ടർ വാദിച്ചു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന മത്സരം സിറ്റി പോലീസ് കമ്മിഷണർ എ. പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പുരോഗതിയും പരിസ്ഥിതി സംരക്ഷണവുമെല്ലാം വേണം. പാടത്ത് ചെളി നല്ലതാണ്. എന്നാൽ, അത് തീൻമേശയിലാകുമ്പോൾ അഴുക്കാവും. അതുപോലെ എല്ലാ കാര്യവും അതത് സാഹചര്യത്തിനനുസരിച്ച് ആപേക്ഷികമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറൽ ബാങ്ക് കുന്ദമംഗലം ബ്രാഞ്ച് ഹെഡും സീനിയർ മാനേജരുമായ റിതു ജോയ് അധ്യക്ഷയായി. മാതൃഭൂമി അസി. ജനറൽ മാനേജർ സി. മണികണ്ഠൻ, ന്യൂസ് എഡിറ്റർ കെ.ജി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് കുന്ദമംഗലം ബ്രാഞ്ച് ഹെഡും സീനിയർ മാനേജരുമായ റിതു ജോയ്, തൃശ്ശൂർ ശ്രീകേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി എൻ.ആർ. അനിൽകുമാർ, മാതൃഭൂമി അസി. ജനറൽ മാനേജർ കെ. വിജയ് ആനന്ദ് എന്നിവർ വിധികർത്താക്കളായി. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായാണ് സ്പീക്ക് ഫോർ ഇന്ത്യ നടത്തുന്നത്.