'കേരളം കരിയറിന് അനുയോജ്യമോ?'; സ്പീക്ക് ഫോർ ഇന്ത്യ വേദിയെ ചൂടുപിടിപ്പിച്ച് വിദ്യാർഥികൾ

#Education desk
കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയിൽ നടന്ന ഫെഡറൽ ബാങ്ക് -മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ 11-ാം എഡിഷന്റെ ബ്ലോക്ക്തല മത്സരാർഥികൾ ഉദ്ഘാടകയായ അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ. മാതൃഭൂമി അസിസ്റ്റന്റ് ജനറൽമാനേജർ സി. മണികണ്ഠൻ, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, ഫെഡറൽ ബാങ്ക് പുതിയറ ബ്രാഞ്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. സന്ദീപ്, ദേവഗിരി സെയ്‌ന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ ഫാ. ബിജു ജോസഫ്, മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ കെ. വിജയ് ആനന്ദ് എന്നിവർക്കൊപ്പം
കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയിൽ നടന്ന ഫെഡറൽ ബാങ്ക് -മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ 11-ാം എഡിഷന്റെ ബ്ലോക്ക്തല മത്സരാർഥികൾ ഉദ്ഘാടകയായ അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ. മാതൃഭൂമി അസിസ്റ്റന്റ് ജനറൽമാനേജർ സി. മണികണ്ഠൻ, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, ഫെഡറൽ ബാങ്ക് പുതിയറ ബ്രാഞ്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. സന്ദീപ്, ദേവഗിരി സെയ്‌ന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ ഫാ. ബിജു ജോസഫ്, മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ കെ. വിജയ് ആനന്ദ് എന്നിവർക്കൊപ്പം

കോഴിക്കോട്: “കേരളം ജീവിക്കാൻ മാത്രമല്ല കരിയർ കെട്ടിപ്പടുക്കാനും അനുയോജ്യമാണ് എന്നതിൽ ഒരു സംശയവുമില്ല. കാരണം ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ നമ്മൾ മുന്നേറുന്നതിനൊപ്പം കേരളത്തിൽ സ്വന്തമായി സംരംഭം തുടങ്ങാനുള്ള സാധ്യതകളും കൂടിവരുകയാണ്. ഈ കാലഘട്ടത്തിലും മനോഭാവം മാറാത്തതിന്റെ പ്രശ്‌നം മാത്രമാണ് മലയാളികൾക്കുള്ളത്.”- എന്ന വാദവുമായി ഒരു കൂട്ടർ.

“കേരളം കരിയർ വളരാൻ ഒട്ടും അനുയോജ്യമല്ല. കാരണം കേരളത്തിലെ തൊഴിലില്ലായ്മ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ ഇരട്ടിയിലധികമാണ്. കേരളം യുവതയ്ക്ക് നല്ല വിദ്യാഭ്യാസം നൽകുന്നുണ്ടെങ്കിലും അവരുടെ കഴിവുകൾക്കനുസരിച്ചുള്ള അവസരങ്ങൾ നൽകുന്നതിൽ ഇപ്പോഴും പിന്നിലാണ്. അതുകൊണ്ടാണ് മികച്ച കരിയർ സ്വപ്നംകാണുന്ന പല യുവാക്കൾക്കും സ്വന്തം നാട് വിട്ടുപോകേണ്ടിവരുന്നത്”-എന്ന് വാദിച്ച് മറ്റൊരു വിഭാഗം.

ഫെഡറൽബാങ്ക് മാതൃഭൂമിയുമായിച്ചേർന്ന് നടത്തുന്ന ഫെഡറൽബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ പതിനൊന്നാം എഡിഷന്റെ കോഴിക്കോട് ബ്ലോക്ക്തല മത്സരത്തിൽ ആശയങ്ങൾ ഏറ്റുമുട്ടിയപ്പോൾ തീപാറി. ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജിൽ നടന്ന സംവാദമത്സരത്തിൽ ‘കേരളം ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നാടാണ്, പക്ഷേ, കരിയർ കെട്ടിപ്പടുക്കാൻ അനുയോജ്യമായ സ്ഥലമല്ല’ എന്ന വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചർച്ച നടന്നു. വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് വാക്കുകളുടെ പോരാട്ടത്തിനെത്തിനെത്തിയത്.

കേരളത്തിലെ ഉയർന്ന സാക്ഷരതയും മികച്ച സ്കൂളുകളും കോളേജുകളും സർവകലാശാലകളും ഉണ്ടെന്നതാണ് അനുകൂലിക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ ഐ.ടി. കേന്ദ്രങ്ങളും വിഴിഞ്ഞം തുറമുഖവും ഒട്ടേറെ പുതിയ സാധ്യതകൾ തുറന്നതായി ഇവർ വാദിച്ചു.

വിദ്യാഭ്യാസമുള്ള യുവാക്കളുടെ എണ്ണത്തിന് ആനുപാതികമായി ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ കേരളത്തിലില്ലെന്നതാണ് എതിർക്കുന്നവർ പ്രധാനമായും ഉയർത്തിക്കാട്ടിയത്. ചില മേഖലകളിൽ ലഭിക്കുന്ന ശമ്പളം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കും തൊഴിൽപരമായ കഴിവുകൾക്കും അനുസൃതമല്ല.

ബെംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ തുടങ്ങിയ നഗരങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലികൾ കുറവാണ്. വലിയ വ്യവസായശാലകൾ, ഉത്‌പാദന യൂണിറ്റുകൾ, എന്നിവയില്ലാത്തതും പരിമിതിയായി ഇവർ ചൂണ്ടിക്കാട്ടുന്നു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ മത്സരം ഉദ്ഘാടനംചെയ്തു. ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ ഫാ. ബിജു ജോസഫ് അധ്യക്ഷനായി. ഫെഡറൽ ബാങ്ക് പുതിയറ ബ്രാഞ്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി അസിസ്റ്റന്റ് ജനറൽമാനേജർ സി. മണികണ്ഠൻ, ന്യൂസ് എഡിറ്റർ കെ.ജി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, അസിസ്റ്റന്റ് ജനറൽ മാനേജർ കെ. വിജയ് ആനന്ദ് എന്നിവർ വിധികർത്താക്കളായി. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായാണ് കലാലയ വിദ്യാർഥികൾക്ക് നാടിനെക്കുറിച്ചും ആനുകാലിക വിഷയങ്ങളെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താൻ സ്പീക്ക് ഫോർ ഇന്ത്യ വേദി സംഘടിപ്പിച്ചത്.

Content Highlights: Federal Bank and Mathrubhumi organized the 11th edition of Speak for India Kozhikode block-level competition