ആരാണ് സൗരവ് ദാസ്? കോക്രോച്ച് ജനത പാർട്ടി മുന്നണി പോരാളിയുടെ വിദ്യാഭ്യാസ യോഗ്യതയും കരിയറും

#Education desk
സൗരവ് ദാസ്| Photo: ANI
സൗരവ് ദാസ്| Photo: ANI

കഴിഞ്ഞ രണ്ടുമാസമായി രാജ്യത്തെ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). 'തൊഴിൽരഹിതരായ ചെറുപ്പക്കാർ പാറ്റകളെപ്പോലെ'യാണെന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസരൂപേണയുള്ള പ്രതികരണം ഇന്ന് ലക്ഷക്കണക്കിന് വിദ്യാർഥികളും ഉദ്യോഗാർത്ഥികളും യുവ പ്രൊഫഷണലുകളും അണിനിരക്കുന്ന ദേശീയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. അഭിജീത് ദിപ്കെ, അശുതോഷ് രാങ്ക, രത്‌ന സിങ് എന്നിവർക്കൊപ്പം പ്രസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയനായ മുഖമായി മാറിയിരിക്കുകയാണ് സൗരവ് ദാസ്.

മാധ്യമപ്രവർത്തനത്തിൽ നിന്ന് സമരമുഖത്തേക്ക്

അന്വേഷണാത്മക പത്രപ്രവർത്തകനായ സൗരവ് ദാസ് തന്റെ പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയയിലെ ഇടപെടലുകളിലൂടെയുമാണ് പ്രതിഷേധങ്ങൾക്കിടയിൽ ജനശ്രദ്ധ ആകർഷിച്ചത്. നോയിഡയിലെ ആമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസം- മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ സൗരവ്, പഠനകാലത്ത് തന്നെ എൻ.ഡി.ടി.വി പോലുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്ത് പരിചയവുമുണ്ട്. 

ബിരുദത്തിന് ശേഷം വീഡിയോ പ്രൊഡ്യൂസറായും കണ്ടന്റ് അസോസിയേറ്റായും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത സൗരവ്, 2020 മുതൽ സ്വതന്ത്ര മാധ്യമപ്രവർത്തകനാണെന്ന് ലിങ്ക്ഡിൻ പ്രൊഫൈൽ പറയുന്നു. ഫ്രണ്ട്‌ലൈൻ മാഗസിനിൽ 'കേസ് ഇൻ പോയിന്റ്' എന്ന പേരിൽ രണ്ടാഴ്ചയിലൊരിക്കൽ അദ്ദേഹം കോളം എഴുതുന്നുണ്ട്. കൂടാതെ അൽ ജസീറ, ദി ഹിന്ദു, ആർട്ടിക്കിൾ 14, ദ ക്വിന്റ്, ദ വയർ തുടങ്ങിയ അന്താരാഷ്ട്ര-ദേശീയ മാധ്യമങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവരാവകാശ പോരാട്ടങ്ങളും വെളിപ്പെടുത്തലുകളും

വിവരാവകാശ നിയമം ഉപയോഗിച്ച് അദ്ദേഹം നടത്തിയ അന്വേഷണങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. പാനമ പേപ്പേഴ്സിലെ വെളിപ്പെടുത്താത്ത വരുമാനം, പെഗസസ് സ്പൈവെയർ വാങ്ങിയതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുള്ള വിവരങ്ങൾ, ഉത്തർപ്രദേശിലെ കോവിഡ് മരണങ്ങളിലെ പൊരുത്തക്കേടുകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അന്വേഷണ റിപ്പോർട്ടുകളിൽ ചിലതാണ്.

സോഷ്യൽ മീഡിയയിലെ സ്വാധീനം

സി.ജെ.പി പ്രസ്ഥാനത്തിന്റെ വളർച്ചയോടെ സോഷ്യൽ മീഡിയയിൽ സൗരവിനുള്ള സ്വീകാര്യതയും വർധിച്ചു. നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്സും എക്സിൽ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തിലധികം ഫോളോവേഴ്സുമുണ്ട്. 'ചലോ സൻസദ്' പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളും പ്രസ്ഥാനവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും നിരന്തരം പങ്കുവെക്കുന്നതിലൂടെ സമരത്തിന്റെ പ്രധാന വാർത്താ സ്രോതസ്സായി ജന്ദർ മന്ദർ പ്രതിഷേധ സമയത്ത് സൗരവ് മാറിയിരുന്നു. പത്രപ്രവർത്തനത്തിന് പുറമെ വിവിധ പൊതു-സ്വകാര്യ സർവ്വകലാശാലകളിൽ അദ്ദേഹം പ്രഭാഷണങ്ങളും നടത്താറുണ്ട്.

Content Highlights: Investigative journalist and RTI activist Sourav Das has emerged as a key face of the youth-led Cockroach Janata Party (CJP) movement, leveraging his media background and massive social media following to amplify public issues.