സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കാരം: എല്ലാ സ്‌കൂളിലും ഗ്രാമങ്ങളിലും ജനകീയചർച്ച

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമപ്പഞ്ചായത്തുകളിലും സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായി ജനകീയചർച്ചകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ചർച്ച പൂജാ അവധിക്കുശേഷം തുടങ്ങും.

മുന്നൊരുക്കത്തിനായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ജില്ലാകളക്ടർമാരുടെയും തദ്ദേശസ്ഥാപന മേധാവികളുടെയും യോഗംവിളിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുമായി വിദ്യാഭ്യാസമന്ത്രി കൂടിക്കാഴ്ച നടത്തും.

ജനകീയചർച്ചകൾക്ക് ജില്ലാഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും സ്കൂൾതലസമിതികളും ചുക്കാൻപിടിക്കും. ഓരോജില്ലയിലും ആ ജില്ലയിലെ വിദ്യാലയങ്ങൾ, പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ റിസോഴ്‌സ് ഗ്രൂപ്പ് രൂപവത്കരിക്കണം.

എല്ലാതലങ്ങളിലും സംഘാടകസമിതികളും വിളിച്ചുചേർക്കും. അതതു വിദ്യാഭ്യാസസമിതികൾക്കാണ് ചുമതല.

Content Highlights: School Curriculum Reform Kerala