സുസ്ഥിര സ്മാർട്ട് സിറ്റികൾക്കായി സെയിൻ്റ് ഗിറ്റ്സ്–തായ്‌വാൻ യൂണിവേഴ്സിറ്റി സംയോജിത കമാൻഡ് & കൺട്രോൾ

കോട്ടയം : സെയിന്റ്‌ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് തായ്‌വാനിലെ നാഷണൽ ചുങ് ചെങ് സർവകലാശാല (CCU)യുമായി ചേർന്ന് സുസ്ഥിര സ്മാർട്ട് സിറ്റികൾക്കായുള്ള ഇൻറഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ (ICCC) 25-ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യ–തായ്‌വാൻ അക്കാദമിക് സഹകരണത്തിന്റെ ഒരു മാതൃകയായി മാറുന്ന വിധത്തിലാണ് ഈ കേന്ദ്രം രൂപീകരിക്കപ്പെട്ടത്.
തായ്‌വാൻ നാഷണൽ ചുങ് ചെങ് സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ എഞ്ചിനീയറിംഗിന്റെയും റിസർച്ച് സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സസ്റ്റെയ്‌നബിലിറ്റിയുടെയും ഡയറക്ടറുമായ പ്രൊഫ. ഡോ. പാവോ-ആൻ ഷിയാങ്ങ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട്ര ഗവേഷണവും സുസ്ഥിര നഗരവികസനവും ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ന്യൂഡൽഹിയിലെ തായ്‌പേയ് ഇക്കണോമിക് & കൾച്ചറൽ സെൻററിന്റെ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷൻ ഡയറക്ടർ ഡോ. ലംഗ്-ജിയേ യാങ് “തായ്‌വാനിലെ സയൻസ് & ടെക്നോളജിയുടെ വികസനവും ഇന്ത്യയുമായുള്ള സഹകരണവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. റിസർച്ച് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് ഡീൻ ഡോ. എം.ഡി. മാത്യു നിലവിലുള്ള സഹകരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. സെയിന്റ്‌ഗിറ്റ്‌സ് എക്‌സിക്യൂട്ടീവ് ചെയർമാൻ എർ. പുന്നൂസ് ജോർജ്, ചടങ്ങിൽ പ്രസംഗിച്ചു.
തായ്‌വാൻ നാഷണൽ ചുങ് ചെങ് സർവകലാശാലയുമായി സഹകരിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി സെയിന്റ്‌ഗിറ്റ്‌സിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), നിർമിതബുദ്ധി (AI) എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രോജക്റ്റുകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ICCC സ്ഥാപിതമായതോടെ സ്മാർട്ട് എനർജി, മൊബിലിറ്റി, ജല-മാലിന്യ സംസ്കരണം, ആരോഗ്യവും ക്ഷേമവും, ഡിജിറ്റൽ ട്വിൻ ക്ലാസ്‌റൂമുകൾ, കമ്മ്യൂണിറ്റി ലിവിംഗ് ലാബുകൾ എന്നിവയ്ക്കായി പ്രത്യേക ഗവേഷണ-പ്രവർത്തന കേന്ദ്രങ്ങൾ രൂപംകൊള്ളും.
Content Highlights: St.Gits College and Taiwan`s CCU opened a command center for sustainable smart cities