‘സ്കൂളിലേക്ക് വരില്ല, നടുവേദനയാണേ...’, വീട്ടിലിരുന്ന് അവർ പരീക്ഷയെഴുതി

#റിനീഷ് കൃഷ്ണൻ
ഞായറാഴ്ച നടന്ന സാക്ഷരത(മികവുത്സവം) പരീക്ഷയെഴുതുന്ന കൊട്ടേക്കാട് ആനപ്പാറയിലെ ദമ്പതിമാരായ മണിയും ലക്ഷ്മിയും. വീട്ടിലിരുന്നാണ് ഇരുവരും പരീക്ഷ എഴുതിയത്. ഫോട്ടോ: പി.പി. രതീഷ്
ഞായറാഴ്ച നടന്ന സാക്ഷരത(മികവുത്സവം) പരീക്ഷയെഴുതുന്ന കൊട്ടേക്കാട് ആനപ്പാറയിലെ ദമ്പതിമാരായ മണിയും ലക്ഷ്മിയും. വീട്ടിലിരുന്നാണ് ഇരുവരും പരീക്ഷ എഴുതിയത്. ഫോട്ടോ: പി.പി. രതീഷ്

പാലക്കാട്: “പേന പിടിക്കുമ്പോ കൈവിറയ്ക്കും, ഇനിയിപ്പോ ഇതൊക്കെ വേണോ എന്ന് വിചാരിച്ചതാ... അക്ഷരം എഴുതിയപ്പോ നല്ല സന്തോഷം”-സാക്ഷരത പരീക്ഷയെഴുതിയതിന്റെ സന്തോഷത്തിലാണ് കൊട്ടേക്കാട് ആനപ്പാറ മൊളിയിൽ വീട്ടിലെ ലക്ഷ്മി അമ്മ(78). 81 വയസ്സുള്ള ഭർത്താവ് മണിയോടൊപ്പം വീട്ടിലിരുന്നാണ് ലക്ഷ്മി പരീക്ഷ എഴുതിയത്.

പരീക്ഷയുടെ കാര്യം പറഞ്ഞപ്പോൾ രണ്ടുപേർക്കും ഒരൊറ്റ നിർബന്ധന മാത്രം. പരീക്ഷയെഴുതാൻ സ്കൂളിലേക്ക് വരില്ല. നടുവേദനയാണേ... വീട്ടിലിരുന്ന് പരീക്ഷയെഴുതാമെന്ന് വാർഡിലെ സാക്ഷരത പ്രേരക് ജയന്തി വാക്കുകൊടുത്തു. പിന്നലെ വീട്ടിൽ പേരക്കുട്ടികളായ റിതുൽ രമേഷിന്റെയും റിജുൽ രമേഷിന്റെയും മേൽനോട്ടത്തിൽ പരിശീലന ക്ലാസുകളായി.

ഒടുവിൽ ഞായറാഴ്ച വൈകീട്ട് നാലോടെ സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ സജി തോമസ്, അസിസ്റ്റന്റ് കോഡിനേറ്റർ പി.വി. പാർവതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനപ്പാറയിലെ വീട്ടിലെത്തിയാണ് മണിയെയും ഭാര്യ ലക്ഷ്മിയേയും പരീക്ഷ എഴുതിപ്പിച്ചത്. ജില്ലയിലെ പ്രായംകൂടിയ സാക്ഷരതാ വിദ്യാർഥികളാണ് ഇരുവരും.

വിവരമറിഞ്ഞപ്പോൾ ജില്ലാതല സന്ദർശനത്തിനെത്തിയ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ രശ്മി അനിലും മണിയുടെ വീട്ടിലെത്തി. ഇതോടെ വീട്ടുകാരും ഉദ്യോഗസ്ഥരുമൊക്കെയായി ഉത്സാഹത്തോടെയാണ് ഇരുവരും അക്ഷരമെഴുതിത്തുടങ്ങിയത്.

ആൾക്കാർ കൂടിയപ്പോൾ ആദ്യം അന്താളിപ്പും ചെറിയ വിറയലുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥർ തമാശപറഞ്ഞും വിശേഷങ്ങൾ ചോദിച്ചും ‘വൈബ്’ ആയപ്പോൾ 81-കാരൻ മണി പേനയെടുത്ത് എഴുതിത്തുടങ്ങി.

ആൾക്കാരെകണ്ട് നാണിച്ചുനിന്ന ലക്ഷ്മിയമ്മയും പേരെഴുതിത്തുടങ്ങി. വീട്ടിലുണ്ടായിരുന്ന മണിയുടെ മക്കൾ രവീന്ദ്രനും രമേഷും മരുമക്കളായ രചിത്രയും ജലജയും ഇടംവലംകൈകളായി നിലയുറപ്പിച്ചതോടെ മണിക്കും ലക്ഷ്മിക്കും ആവേശംകൂടി. മരുന്നുപണിയും

പിന്നീട് ചായക്കടയിലും ജോലിചെയ്തിരുന്ന മണി ശ്വാസംമുട്ടലും വാർധക്യസഹജമായ ബുദ്ധിമുട്ടുകളെയും തുടർന്ന് ഏറെകാലമായി വിശ്രമത്തിലാണ്. കൂലിപ്പണിക്കുപോയിക്കൊണ്ടിരുന്ന ലക്ഷ്മിയും പത്തുവർഷത്തിലേറെയായി എവിടേക്കും പോകാറില്ല. ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാം-ഉല്ലാസ് പദ്ധതിയുടെ ഭാഗമായാണ് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പരീക്ഷ നടത്തിയത്.

Content Highlights: Lakshmi Amma (78) and her husband Mani (81) embraced literacy, proving it`s never too late to learn.