നോര്‍ക്ക വഴി ഓസ്ട്രിയയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ്; പൈലറ്റ് പ്രൊജക്ടിന് ധാരണയായി

Representative Image| Photo: Canva.com
Representative Image| Photo: Canva.com

നോര്‍ക്ക വഴിയുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രൊജക്ടിന് ധാരണയായി. കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സിങ് റിക്രൂട്ട്മെന്റ് ആണ് പൈലറ്റ് പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്.

ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണര്‍ ആന്റ് കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്നാഗലിന്റെ (Hans Joerg Hortnagl)  നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

ജര്‍മ്മനിയിലേക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകള്‍ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയില്‍ അജിത് കോളശ്ശേരി പറഞ്ഞു.

കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജന പരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയുള്ള അവസരങ്ങളാണ് നിലവില്‍ ഉള്ളതെന്ന് ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്നാഗല്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ നൈപുണ്യ മികവുള്ളവരാണെന്ന് ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്നാഗല്‍ അഭിപ്രായപ്പെട്ടു.

തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്സിങ് കോളേജില്‍ നിന്നും അസോസിയേറ്റ് പ്രൊഫസര്‍മാരായ റീന എ. തങ്കരാജ്, ശോഭ പി.എസ്., സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടെക്നോളജി (SI-MET) ഡയറക്ടര്‍ ആശാ എസ്. കുമാര്‍, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ്, ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായി, മറ്റ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Content Highlights: nursing recruitment pilot project through norka