MBBS സീറ്റുകൾ വർധിപ്പിച്ച് എൻ.എം.സി; കേരളത്തിന് 300 പുതിയ സീറ്റുകൾ, വർധനവ് സ്വകാര്യ മേഖലയിൽ

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ 13,186 അധിക എം.ബി.ബി.എസ് സീറ്റുകൾക്ക് അനുമതി നൽകി ദേശീയ മെഡിക്കൽ കമ്മീഷൻ. ഇതോടെ രാജ്യത്തെ 836 മെഡിക്കൽ കോളേജുകളിലായി ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 1,40,214 ആയി ഉയർന്നു. ഇതിൽ 445 സർക്കാർ മെഡിക്കൽ കോളേജുകളിലായി 2,786 സീറ്റുകൾ വർധിപ്പിച്ച് ആകെ സർക്കാർ സീറ്റുകൾ 63,971 ആയി.
391 സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 10,400 സീറ്റുകൾ വർധിച്ച് ആകെ സ്വകാര്യ സീറ്റുകൾ 76,243 ആയി മാറിയതായും എൻ.എം.സി പുറത്തുവിട്ട സീറ്റ് മാട്രിക്സിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളിൽ 1,650 അധിക സീറ്റുകളോടെ കർണാടകയാണ് പട്ടികയിൽ ഒന്നാമത്. 76 മെഡിക്കൽ കോളേജുകളിലായി ആകെ 15,745 സീറ്റുകളുണ്ട്. 1,250 പുതിയ സീറ്റുകളുമായി തമിഴ്‌നാടും (ആകെ 14,299 സീറ്റുകൾ), 1,240 സീറ്റുകൾ വർധിപ്പിച്ച് ബിഹാറും, 1,200 സീറ്റുകൾ വർദ്ധിപ്പിച്ച് ഉത്തർപ്രദേശും തൊട്ടുപിന്നിലുണ്ട്.
കേരളത്തിലെ വിവരങ്ങൾ
കേരളത്തിൽ ആകെ 300 പുതിയ എം.ബി.ബി.എസ് സീറ്റുകളാണ് വർധിപ്പിച്ചത്. ഈ വർധനവ് പൂർണ്ണമായും സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ് ഉണ്ടായിട്ടുള്ളത്. സ്വകാര്യ മേഖലയിലെ 22 കോളേജുകളിലായി ആകെ സീറ്റുകൾ 3,899 ആയി ഉയർന്നു. സംസ്ഥാനത്തെ 14 സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ സീറ്റുകളൊന്നും അനുവദിച്ചിട്ടില്ലെങ്കിലും നിലവിലുള്ള 1,855 സീറ്റുകൾ പുതുക്കി നൽകിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ 36 മെഡിക്കൽ കോളേജുകളിലായി (സർക്കാർ, സ്വകാര്യ മേഖലകൾ ഉൾപ്പെടെ) ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 5,754 ആയി.
കൗൺസിലിങ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി കോളേജുകൾ തങ്ങളുടെ വിവരങ്ങൾ പരിശോധിക്കണമെന്നും സീറ്റ് മാട്രിക്സിൽ വ്യതിയാനങ്ങൾ കണ്ടാൽ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അനുവദിച്ച പരിധിക്കപ്പുറം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയാൽ 2019-ലെ എൻ.എം.സി ആക്ട് പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എൻ.എം.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: The National Medical Commission has approved 13,186 new MBBS seats across 836 colleges in India, bringing the nation's total to 1,40,214 seats, with Kerala gaining 300 new seats specifically in private medical colleges.