ബിഎ എൽഎൽബി, എൽഎൽഎം പ്രോഗ്രാമുകളിൽ പ്രവേശനം; ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് ഡിസംബർ 14-ന്

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: നാഷണൽ ലോ യൂണിവേഴ്‌സിറ്റി (എൻഎൽയു -ഡൽഹി) യുജി (ഇന്റഗ്രേറ്റഡ്), പിജി നിയമ പ്രോഗ്രാമുകളിലെ 2026-’27 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകൾ, യോഗ്യത

• ബിഎ എൽഎൽബി.(ഓണേഴ്‌സ്) (അഞ്ച് വർഷം - 10 സെമസ്റ്റർ): പ്ലസ് ടു തല സീനിയർ സെക്കൻഡറി സ്‌കൂൾ/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ (ഒബിസി- 42, പട്ടിക വിഭാഗം - 40 ശതമാനം) ജയിച്ചിരിക്കണം. 2026-ൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

• എൽഎൽഎം (ഒരു വർഷം - നോൺ െറസിഡൻഷ്യൽ): കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം) എൽഎൽബി/തത്തുല്യ നിയമ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അന്തിമവർഷ എൽഎൽബി/തത്തുല്യ പരീക്ഷ 2026-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

രണ്ടു പ്രോഗ്രാമുകളിലെ പ്രവേശനത്തിനും പ്രായപരിധി വ്യവസ്ഥ ഇല്ല.

പ്രവേശന പരീക്ഷ

ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എഐഎൽഇടി) വഴിയാണ് രണ്ട് പ്രോഗ്രാമുകളിലെയും പ്രവേശനം. ഡിസംബർ 14-ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ഓഫ് ലൈൻ (പെൻ ആൻഡ് പേപ്പർ മോഡ്) നടത്തുന്ന പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തു നൽകണം. മൊത്തം 38 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

പരീക്ഷാ ഘടന

• യുജി എഐഎൽഇടി -ഒരു മാർക്ക് വീതമുള്ള മൊത്തം 150 മാർക്കിനുള്ള 150 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ഇംഗ്ലീഷ് ലാംഗ്വേജ് (50 ചോദ്യങ്ങൾ), കറന്റ് അഫയേഴ്‌സ് ആൻഡ് ജനറൽ നോളജ് (30), ലോജിക്കൽ റീസണിങ് (70).

ലീഗൽ അഭിരുചി വിലയിരുത്താൻ, ലീഗൽ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ലോജിക്കൽ റീസണിങ്‌ വിഭാഗത്തിൽ ഉണ്ടാകാം. പക്ഷേ, അപേക്ഷകർക്ക് നിയമ പരിജ്ഞാനമോ സാങ്കേതിക അറിവോ ഇതിലേക്ക് വേണമെന്നില്ല

• എൽഎൽഎം എഐഎൽഇടി: 100 മാർക്ക്. 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (ഒരു മാർക്ക് വീതം). നിയമത്തിന്റെ വ്യത്യസ്ത മേഖലകളിൽനിന്നുമാകും ചോദ്യങ്ങൾ.

രണ്ട് പരീക്ഷകൾക്കും നെഗറ്റീവ് മാർക്കിങ് രീതി ഉണ്ട്. ഉത്തരം തെറ്റിയാൽ കാൽ മാർക്ക് വീതം നഷ്ടപ്പെടും.

അപേക്ഷ

nationallawuniversitydelhi.in വഴി നവംബർ 10 വരെ അപേക്ഷിക്കാം. വിജ്ഞാപനം, മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ എന്നിവ ഈ വെബ്‌സൈറ്റിൽ ലഭിക്കും.അപേക്ഷാഫീസ് 3000 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ. ഓൺലൈൻ ആയി (ഡബിറ്റ്/ക്രഡിറ്റ് കാർഡ്/യുപിഐ/നെറ്റ് ബാങ്കിങ്‌) അടക്കാം. ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്ന വനിതകൾ, പട്ടിക വിഭാഗക്കാർ എന്നിവരെ അപേക്ഷാ ഫീസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

മറ്റ് പ്രോഗ്രാമുകൾ

നാഷണൽ ലോ യൂണിവേഴ്‌സിറ്റി നടത്തുന്ന മറ്റ് പ്രോഗ്രാമുകളുടെ വിജ്ഞാപനം 2026 ജനുവരിയില്‍ പ്രസിദ്ധപ്പെടുത്തും.

പ്രോഗ്രാമുകൾ: * പോസ്റ്റ് ഗ്രാജുവറ്റ് ഇൻസോൾവൻസി പ്രോഗ്രാം (പിജിഐപി) - മാസ്റ്റർ ഓഫ് ആർട്‌സ് (എംഎ)/മാസ്റ്റർ ഓഫ് ലോസ് (എൽഎൽഎം) (രണ്ടുവർഷം) * ജോയന്റ് മാസ്റ്റേഴ്‌സ്/എൽഎൽഎം ഇൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി (ഐപി) ലോ ആൻഡ് മാനേജ്‌മെന്റ് (ഒരു വർഷം) * പിഎച്ച്ഡി പ്രോഗ്രാം

ഈ പ്രോഗ്രാമുകളിലെ പ്രവേശനം മേയ് മൂന്നിന് നടത്തുന്ന ഓൾ ഇന്ത്യ എൻട്രൻസ് ടെസ്റ്റ് (എഐഇടി) അടിസ്ഥാനമാക്കിയായിരിക്കും. അപേക്ഷ ജനുവരി ഏഴ് മുതൽ

Content Highlights: NLU Delhi 2026-27 Admissions Open