നീറ്റ് പിജി പ്രവേശനം: ഫീസ് നിയമങ്ങളിൽ ഇളവുമായി NBEMS; സീറ്റ് അപ്‌ഗ്രേഡേഷന് മുൻകൂർ ഫീസില്ല

നീറ്റ് പിജി ഫീസ് നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് എൻ.ബി.ഇ.എം.എസ് (നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ്). ഒക്ടോബർ 26 മുതൽ കോളേജ് റിപ്പോർട്ടിങ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
അടുത്ത കൗൺസിലിങ് റൗണ്ടുകളിൽ മികച്ച സീറ്റുകൾക്കായി സീറ്റ് അപ്‌ഗ്രേഡേഷൻ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ, അപ്‌ഗ്രേഡേഷൻ ഫലം വരുന്നതുവരെ ആദ്യ വർഷത്തെ കോഴ്‌സ് ഫീസ് മുൻകൂറായി അടയ്ക്കേണ്ടതില്ല. അന്തിമമായി തിരഞ്ഞെടുക്കുന്ന കോളേജിൽ പ്രവേശനം ഉറപ്പാക്കുമ്പോൾമാത്രം ഫീസ് നേരിട്ട് അടച്ചാൽ മതിയാകും.
ലഭിച്ച സീറ്റിൽ തൃപ്തരായി പ്രവേശനം ഉറപ്പിക്കുന്നവർ ഒന്നാം വർഷ വാർഷിക കോഴ്‌സ് ഫീസ്, പ്രവേശനം ലഭിച്ച NBEMS അംഗീകൃത ആശുപത്രികളിൽ നേരിട്ടാണ് അടയ്‌ക്കേണ്ടത്. കൗൺസിലിങ്ങിന്റെ സമയത്ത് NBEMS അക്കൗണ്ടിലേക്ക് ഫീസ് നിക്ഷേപിക്കേണ്ടതില്ല.
വിദ്യാർഥികളുടെ റിപ്പോർട്ടിങ്ങും ജോയിനിങ് സ്റ്റാറ്റസും നിശ്ചിത സമയത്തിനുള്ളിൽ ഇൻട്രാ-എംസിസി പോർട്ടലിൽ ആശുപത്രികൾ അപ്‌ഡേറ്റ് ചെയ്യണം. സമയബന്ധിതമായി ഇത് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ, ആ സീറ്റ് ഒഴിവുള്ളതായി കണക്കാക്കി അടുത്ത റൗണ്ടിലേക്ക് മാറ്റും.
കൗൺസിലിങ് തീയതികൾ:
| തീയതി (Date) | |
| റൗണ്ട് 1 റിപ്പോർട്ടിങ് & ജോയിനിങ് | ഒക്ടോബർ 26 - നവംബർ 2, 2026 |
| റൗണ്ട് 2 ഫലം | നവംബർ 14, 2026 |
| റൗണ്ട് 2 റിപ്പോർട്ടിങ് & ജോയിനിങ് | നവംബർ 16 - 23, 2026 |
| റൗണ്ട് 3 ഫലം | ഡിസംബർ 4, 2026 |
| റൗണ്ട് 3 റിപ്പോർട്ടിങ് & ജോയിനിങ് | ഡിസംബർ 5 - 12, 2026 |
| ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട് ഫലം | ഡിസംബർ 24, 2026 |
| സ്‌ട്രേ വേക്കൻസി റൗണ്ട് റിപ്പോർട്ടിംഗ് | ഡിസംബർ 24 - 31, 2026 |
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ:
റിപ്പോർട്ടിങ് സമയപരിധി: ഫീസ് ഇളവ് നൽകിയിട്ടുണ്ടെങ്കിലും എംസിസി (MCC) നിശ്ചയിച്ചിട്ടുള്ള റിപ്പോർട്ടിങ്, ജോയിനിങ് തീയതികളിൽ മാറ്റമുണ്ടാകില്ല. തീയതികളിൽ ഇളവ് അനുവദിക്കില്ലെന്ന് NBEMS വ്യക്തമാക്കിയിട്ടുണ്ട്.
ട്രെയിനിങ് കാലയളവ്: പിന്നീട് സീറ്റ് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്ന വിദ്യാർഥികളുടെ ട്രെയിനിങ് കാലയളവ്, പുതിയ സീറ്റിൽ ജോയിൻ ചെയ്യുന്ന തീയതി മുതലായിരിക്കും കണക്കാക്കുക.
OPJR പോർട്ടൽ: പ്രവേശന നടപടികൾ സമർപ്പിക്കുന്നതിനുള്ള NBEMS-ന്റെ 'ഓൺലൈൻ പോർട്ടൽ ഫോർ ജോയിനിങ് ആൻഡ് രജിസ്ട്രേഷൻ' (OPJR) എംസിസി കൗൺസിലിങ് റൗണ്ടുകൾ പൂർത്തിയായ ശേഷമേ സജീവമാകൂ.
Content Highlights: Candidates opting for seat upgradation do not need to pay the first-year course fee in advance