ചരിത്ര വസ്തുതകള്‍ മായ്ക്കാന്‍ എന്‍സിആര്‍ടി ശ്രമിക്കുന്നു - മന്ത്രി വി. ശിവന്‍കുട്ടി

വി. ശിവന്‍കുട്ടി | Photo: Mathrubhumi
വി. ശിവന്‍കുട്ടി | Photo: Mathrubhumi

എന്‍.സി.ഇ.ആര്‍.ടി പാഠഭാഗങ്ങള്‍ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം  നിലപാട് വ്യക്തമാക്കിയത്. ചരിത്രവസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാനാണ് എന്‍സിആര്‍ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്‍.സി.ഇ.ആര്‍. ടി പാഠഭാഗങ്ങള്‍ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപത്തില്‍ മുസ്ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാന്‍ ആണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നത്.നേരത്തെയും ശാസ്ത്ര - സമൂഹശാസ്ത്ര - ചരിത്ര - രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകള്‍ എന്‍സിഇആര്‍ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉള്‍ക്കൊള്ളിച്ചുള്ള അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയാണ്. 
കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസ്സിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടുകള്‍ തുടരും.

Content Highlights: minister sivankutty about ncert new syllabus