മതസൗഹാർദത്തിന് മാതൃകയായി വളാഞ്ചേരി എംജിഎം ക്യാമ്പസ്; ഓഡിറ്റോറിയത്തിന് പാണക്കാട് ശിഹാബ് തങ്ങളുടെ പേര്

വളാഞ്ചേരി: കേരളത്തിന്റെ മതസൗഹാർദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് വളാഞ്ചേരി എംജിഎം ടെക്നോളജിക്കൽ ക്യാമ്പസിൽ വേറിട്ടൊരു മാതൃക. ക്യാമ്പസിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന് “പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയം” എന്ന് നാമകരണം ചെയ്തതാണ് ചടങ്ങിലെ ശ്രദ്ധേയമായ നിമിഷമായത്.

2026 ബാച്ചിലെ B.Tech, Polytechnic Diploma വിദ്യാർത്ഥികളുടെ Welcoming Ceremony, പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം, ജീവാമൃതം പദ്ധതിയുടെ ഉദ്ഘാടനം എന്നിവയോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സ്വാഗതപ്രസംഗത്തിനിടെ എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ അപ്രതീക്ഷിതമായി ഓഡിറ്റോറിയത്തിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. വേദിയിലെയും സദസ്സിലെയും ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങിയ സദസ്സിനെ അമ്പരപ്പിച്ച പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

ഉദ്ഘാടന പ്രസംഗത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാമകരണത്തിന് നന്ദി രേഖപ്പെടുത്തി. ഇത് മതേതരത്വത്തിന്റെ വിശാലമായ കാഴ്ചപ്പാടും സമൂഹത്തിന് നൽകുന്ന വലിയൊരു സന്ദേശവുമാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് ഒരു ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഡിറ്റോറിയത്തിന് നൽകിയത് ഏറെ സന്തോഷവും അത്ഭുതവും നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാന്റെയും സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വിദ്യാമൃതം പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതും ചികിത്സാ സഹായങ്ങൾ, ഭവനരഹിതർക്ക് വീടുകൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

വേദിയിലുണ്ടായിരുന്ന പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും ജെ.പി. നൗഷാദലി എംഎൽഎയും എംജിഎം നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ചടങ്ങിൽ ഡോ. എം. അബ്ദുറഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയവരും പങ്കെടുത്തു.