പ്ലസ്‌വൺ പരീക്ഷയ്ക്കു മാർക്ക്‌ കുറഞ്ഞു; ഇംപ്രൂവ്മെന്റ് പരീക്ഷയും നിർത്തി

AI Image created by mathrubhumi.com
AI Image created by mathrubhumi.com

ആലപ്പുഴ: പ്ലസ്‌വൺ പരീക്ഷയുടെ ഫലം വന്നപ്പോൾ ഒട്ടേറെ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ മാർക്ക്‌ കുറവ്.കണക്ക്, കൊമേഴ്സ് വിഷയങ്ങളിലാണ് കൂടുതൽ പ്രശ്നം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയിരുന്ന ഇംപ്രൂവ്മെന്റ് പരീക്ഷയും ഈവർഷം മുതൽ നിർത്തിയതിനാൽ മാർക്കു മെച്ചപ്പെടുത്താൻ കുട്ടികൾ പ്ലസ്‌ടു പരീക്ഷയ്ക്കൊപ്പം പ്ലസ്‌വൺ പരീക്ഷകൂടി എഴുതേണ്ടിവരും. ഈ വർഷത്തെ പ്ലസ്‌വൺകാർക്കൊപ്പമാണ് ഇതെഴുതേണ്ടത്.

ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞവർഷംതന്നെ നിർത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും സംഘടനാനേതാക്കൾ ശക്തമായി എതിർത്തു. വിജ്ഞാപനമിറക്കാതെ പരീക്ഷ നിർത്തുന്നത് നിയമപ്രശ്നങ്ങൾക്കിടവരുത്തുമെന്നതു കൂടി കണക്കിലെടുത്താണ് അന്നു മാറ്റിവെച്ചത്. ഇക്കുറി നേരത്തേതന്നെ വിജ്ഞാപനമിറക്കി പരീക്ഷ നിർത്തുകയാണു ചെയ്തത്.

സയൻസ് വിഭാഗത്തിലെ വിദ്യാർഥികളാണ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയിരുന്നവരിൽ കൂടുതലും. ഇക്കുറി പ്ലസ്‌വൺ ഫലം വന്നപ്പോൾ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പിന്നാക്കം പോയത് കണക്കിനാണ്. ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 15 ദിവസത്തോളം അധ്യയനം മുടക്കേണ്ടതുൾപ്പെടെയുള്ള പ്രശ്നങ്ങളും സാമ്പത്തികബാധ്യതയും ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയിരുന്ന പരീക്ഷ നിർത്തിയതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, മാർക്ക്‌ മെച്ചപ്പെടുത്താനുള്ള അവസരം വൈകുന്നത് കുട്ടികളെ മാനസികമായി ബാധിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളോടു കാര്യങ്ങൾ വിശദമായി സംസാരിക്കണമെന്നും കരുതൽ വേണമെന്നും മേലധികാരികൾ പ്രിൻസിപ്പൽമാരോട് അനൗദ്യോഗികമായി നിർദേശിച്ചിട്ടുണ്ട്.

Content Highlights: kerala plus one results and improvement results