പ്ലസ്‌വൺ, വി.എച്ച്.എസ്.ഇ. അലോട്‌മെന്റ് സമയക്രമം ഇന്നറിയാം

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഹരിപ്പാട്: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി (വി.എച്ച്.എസ്.ഇ.) പ്രവേശനത്തിനുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ നൽകാനാകുംവിധം വിദ്യാഭ്യാസ വകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി.

മുൻവർഷങ്ങളിലെപ്പോലെ ഹയർസെക്കൻഡറിയിൽ 20 ശതമാനം സീറ്റുവർധന പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ വേണോയെന്നതിലുൾപ്പെടെ സർക്കാരിന്റെ നയപരമായ തീരുമാനം വെള്ളിയാഴ്ചയുണ്ടായേക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, അലോട്‌മെന്റ് സമയക്രമം തുടങ്ങിയവയും പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇത്തവണ മേയ് 15-നാണ് എസ്.എസ്.എൽ.സി. ഫലം വന്നത്. 25-ന് പ്ലസ്‌വൺ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്നു നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം മേയ് ഒൻപതിനു ഫലം വന്നു. 14 മുതൽ പ്ലസ്‌വൺ, വി.എച്ച്.എസ്.ഇ. അപേക്ഷ സ്വീകരിച്ചു. 24-ന് ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

പ്ലസ്‌വണിന് ഇത്തവണത്തെ അടിസ്ഥാന സീറ്റ് 3,61,044 ആണ്. പത്താംക്ലാസ് ജയിച്ചവർ 4,14,290.

വി.എച്ച്.എസ്.ഇ. ബാച്ച് 1,101, സീറ്റ് 33,030

സംസ്ഥാനത്ത് 389 സ്കൂളിൽ 1,101 ബാച്ചിലായി 33,030 വി.എച്ച്.എസ്.ഇ. സീറ്റാണുള്ളത്. അതിൽ 30,660 സീറ്റ് പൊതുമെറിറ്റിലാണ്. മാനേജ്‌മെന്റ് ക്വാട്ട-2,370. കൃഷി, ഡെയറിഫാം, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, എൻജിനിയറിങ്, ബാങ്കിങ്, ടൂറിസം മേഖലകളിലെ പുത്തൻ പ്രവണതകൾക്കനുസൃതമായ സിലബസാണ്. ഒരുബാച്ചിൽ 30 കുട്ടികൾക്ക്‌ പ്രവേശനം നൽകും.

Content Highlights: The Kerala Education Department has completed arrangements to start the online application process for Plus One Higher Secondary and VHSE admissions from Monday, with a crucial government decision on the 20% seat hike expected this Friday.