പ്രൈമറി സ്കൂളുകളിൽ 'ഡിജിറ്റൽ സ്ക്വയർ': 5,100 പ്രധാനാധ്യാപകർക്കും അധ്യാപകർക്കും പരിശീലനം നൽകി

തിരുവനന്തപുരം: പ്രൈമറി ക്ലാസ് മുതൽ കുട്ടികൾക്കു പഠിക്കാൻ കംപ്യൂട്ടർ നൽകി കേരളം അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിലേക്കു ചുവടുവെക്കുന്നു. യു.പി. പഠനം കഴിയുമ്പോഴേക്കും വിദ്യാർഥികളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരരാക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ തുടക്കമിട്ട ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിയിലാണ് ഈ ദൗത്യം. ഇതിനകം 5,100 സ്കൂളുകൾ ഡിജിറ്റൽ പഠനപരിപാടിയുടെ ഭാഗമായി.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലുള്ള കുട്ടികളെ കംപ്യൂട്ടർ ഗെയിമുകളിലൂടെയും വിനോദ പരിപാടികളിലൂടെയും അറിവിലേക്കു നയിക്കാനുള്ളതാണ് ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റിന്റെ മേൽനോട്ടത്തിലാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി 5100 സ്കൂളുകളിലെ പ്രഥമാധ്യാപകർക്കും ഓരോ നോഡൽ ടീച്ചർക്കും പരിശീലനം നൽകി.
പൊതുവിദ്യാലയങ്ങളിലെ കളിപ്പെട്ടി, ഇ@വിദ്യ എന്നീ പരിപാടികൾ ഇതുമായി സംയോജിപ്പിക്കും. ഓരോ സ്കൂളിനും രണ്ടു കംപ്യൂട്ടറുകളെങ്കിലും ഉറപ്പാക്കും. ഒരു ‘ഓപ്പൺ ലാബ്’ സജ്ജമാക്കും. സ്വയം പഠിക്കാനുള്ള കോർണറുകളും ഊഴം വെച്ച് പരിശീലനത്തിനുള്ള അവസരവുമൊരുക്കും. പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് വഴി ക്ലാസ് മുറി പഠനവും പരിഷ്കരിക്കും.
ഡിജിറ്റൽ സാക്ഷരതയ്ക്കുപുറമേ, ഉത്തരവാദിത്വത്തോടെ സൈബർ ലോകത്ത് ഇടപെടാനുള്ള അവബോധവും കുട്ടികളിൽ വളർത്താൻ പദ്ധതി സഹായിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ‘മാതൃഭൂമി’യോടു പറഞ്ഞു.
Content Highlights: Digital Square project launched in 5,100 Kerala schools for primary students, Aims to make students fully digitally literate by the end of upper primary education