എയ്ഡഡ് ഹയർസെക്കൻഡറി അധ്യാപക നിയമനം പ്രതിസന്ധിയിൽ; സർക്കാർ ഉത്തരവ് വൈകുന്നു

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

നാദാപുരം: സംസ്ഥാനത്തെ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ഈ അധ്യയനവർഷത്തെ അധ്യാപകനിയമനങ്ങൾ പ്രതിസന്ധിയിൽ.

സെലക്‌ഷൻ കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധികളെ നിശ്ചയിച്ചുകൊണ്ടുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് വൈകുന്നതാണ് എയ്‌ഡഡ് സ്കൂളുകളെയും ഉദ്യോഗാർഥികളെയും ഒരുപോലെ വലയ്ക്കുന്നത്. സർക്കാർ പ്രതിനിധി ഇല്ലാതെ സെലക്‌ഷൻ കമ്മിറ്റി കൂടാനോ ഇന്റർവ്യൂ നടത്താനോ കെ.ഇ.ആർ. നിയമപ്രകാരം സാധിക്കില്ല.

കഴിഞ്ഞ അധ്യയനവർഷത്തിൽ ജൂൺ 20-ന് ഗവൺമെന്റ് നോമിനികളുടെ പാനൽ അംഗീകരിച്ച് ഉത്തരവ് പുറത്തിറങ്ങിയിരുന്നു. പുതിയ അധ്യയനവർഷം ആരംഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും ഇതുവരെയും ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇത് കാരണം വിരമിച്ച അധ്യാപകരുടെ ഒഴിവുകളിലേക്കും അധ്യാപകർ രാജിവെച്ച ഒഴിവുകളിലേക്കും പുതിയ നിയമനം നടത്താൻ മാനേജ്മെന്റുകൾക്ക് കഴിയാത്ത അവസ്ഥയാണ്. ആവശ്യമായ യോഗ്യതകളെല്ലാമുണ്ടായിട്ടും സർക്കാർതലത്തിലെ ചുവപ്പുനാട കാരണം ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ നൂറുകണക്കിന് ഉദ്യോഗാർഥികളാണ് ആശങ്കയോടെ കാത്തിരിക്കുന്നത്.

അധ്യാപകനിയമന കാര്യത്തിൽ സർക്കാർ കാണിക്കുന്ന ഈ അമാന്തം എയ്ഡഡ് സ്കൂൾ മേഖലയെ നിശ്ചലമാക്കുകയാണെന്നും അടിയന്തരമായി ഗവ. നോമിനി ഉത്തരവ് പുറപ്പെടുവിച്ച് അനിശ്ചിതത്വം ഒഴിവാക്കണമെന്നും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ.) ആവശ്യപ്പെട്ടു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌ അരുൺ തോമസ് അധ്യക്ഷനായി.

Content Highlights: The recruitment of teachers in Kerala's aided higher secondary schools has come to a standstill due to the General Education Department's delay in issuing the order to appoint government representatives to the selection committees.