വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് തട്ടിപ്പ്: പ്രഥമാധ്യാപകരും അധ്യാപകരും പ്രതികളാകും

#സജീവൻ പൊയ്ത്തുംകടവ്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

കണ്ണൂർ: വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകൾ തട്ടിപ്പ് നടത്തിയതായി വിജിലൻസ് സംഘം കണ്ടെത്തി. ഇത്തരം സ്കൂളുകൾക്കെതിരേ അഴിമതിനിരോധന നിയമപ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കാനുള്ള അനുമതിക്കായി കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

എട്ടുമാസത്തോളം നേരിട്ടും അല്ലാതെയും നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. മിക്ക സ്കൂളുകളും തസ്തിക നിലനിർത്താൻ വേണ്ടിയാണ് കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചത്. ഹാജർപ്പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ അടക്കമുള്ള രേഖകളിൽ വ്യാജമായി പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യൂണിഫോം, പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണം എന്നിങ്ങനെ സർക്കാരിന് സാമ്പത്തികനഷ്ടവുമുണ്ടാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പയ്യന്നൂർ, മാടായി, തളിപ്പറമ്പ് നോർത്ത്, സൗത്ത്, ഇരിക്കൂർ എന്നീ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ കീഴിൽ മാത്രം 11 സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചിട്ടുണ്ട്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലെ ചില സ്കൂളുകളിലും കൃത്രിമം നടന്നതായി വിജിലൻസ് കണ്ടെത്തി.

മറ്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ഈ സ്കൂളുകളിൽ പഠിക്കുന്നതായി കാണിച്ചാണ് പ്രധാനമായും വ്യാജരേഖകൾ ചമച്ചത്. ചില കുട്ടികളുടെ വിലാസത്തിൽ വിജിലൻസ് അന്വേഷണം നടത്തി. ഇവരെല്ലാം ഈ സ്കൂളുകളിൽ ഹാജരായിട്ടുള്ളതായിക്കാണിച്ചാണ് ഹാജർപ്പട്ടികയിൽ രേഖപ്പെടുത്തലുകൾ വരുത്തിയത്. കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയെപ്പോലും ഇപ്രകാരം തങ്ങളുടെ വിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന് വ്യാജരേഖയുണ്ടാക്കിയ സ്കൂളുമുണ്ട്. കാസർകോട് ജില്ലയിൽ പഠിക്കുന്ന കുട്ടിയും ഇവിടെ പഠിക്കുന്നതായി കാണിച്ചിട്ടുണ്ട്. തലശ്ശേരി ഭാഗത്തെ ഒരു സ്കൂളിലെ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെ അധികമായിക്കാണിച്ച് ഹാജർവെക്കുന്നതായും കണ്ടെത്തി. അഞ്ചരക്കണ്ടിയിലെ ഒരു സ്കൂളിൽ തൊട്ടടുത്ത സ്കൂളിലെ കുട്ടികളെ വ്യാജമായി ചേർത്തിട്ടുണ്ട്.

സംഭവത്തിൽ പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും പ്രതികളാകും. ക്രമക്കേടുകൾ പരിശോധിക്കാൻ ബാധ്യസ്ഥരായ ഉയർന്ന ഓഫീസർമാർക്ക് ഇതിൽ പങ്കുണ്ടോയെന്ന് കേസ് രജിസ്റ്റർ ചെയ്തശേഷം പരിശോധിക്കും. കണ്ണൂർ നഗരത്തിനടുത്തുള്ള സ്കൂളടക്കം ജില്ലയിലെ വിവിധ സ്കൂളുകൾ വിജിലൻസ് നിരീക്ഷണത്തിലാണ്. സമ്മർദം കൊണ്ടാണ് ഇപ്രകാരം വ്യാജപ്രവേശനം കാണിക്കുന്നതെന്ന് പല അധ്യാപകരും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രിമിനൽ നടപടികളിൽനിന്ന് ആരേയും ഒഴിവാക്കാനാകില്ലെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. ഇൻസ്പെക്ടർമാരായ സുനിൽകുമാർ, പി.എം. ബിനുമോഹൻ, എസ്.ഐ.മാരായ നിജേഷ്, രാധാകൃഷ്ണൻ, പ്രവീൺ, രാജേഷ്, എ.എസ്.ഐ.മാരായ ജയശ്രീ, രാജേഷ്, സജിത്ത്, രാജേഷ് എഴോം എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.

Content Highlights: Vigilance found multiple Kannur schools inflated student numbers to maintain teaching posts., Fake entries were created in attendance, admission, and midday meal registers.