സംക്ഷിപ്തതയാണ് ബുദ്ധിയുടെ ആത്മാവ്- - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ | ഫോട്ടോ: പി.പി.രതീഷ് \ മാതൃഭൂമി
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ | ഫോട്ടോ: പി.പി.രതീഷ് \ മാതൃഭൂമി

സംക്ഷിപ്തതയാണ് ബുദ്ധിയുടെ ആത്മാവന്നും ചുരുങ്ങിയ വാക്കുകൾകൊണ്ട് കാഴ്ചക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വിഷയം അവതരിപ്പിക്കുന്നത് സംവാദകന്റെ കഴിവു തന്നെയാണെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു അദ്ദേഹം.

തന്റെ ജോലി നീതി നടപ്പാക്കുക എന്നതാണെങ്കിലും യഥാർഥത്തിൽ ഡിബേറ്റ് തന്നെയാണ് കോടതികളിൽ നടക്കുന്നത്. എല്ലാ കേസുകളിലും വലിയ വാദമാണ് നടക്കുന്നത്. കോളേജുകളിൽ നടക്കുന്ന മറ്റ് പരിപാടികളെ പോലെ വർണാഭമായ പരിപാടിയല്ല സംവാദങ്ങൾ. ഇതിന് ബുദ്ധിയും നിരീക്ഷണവും വിശകലനവുമെല്ലാം പ്രധാനമാണ്. സ്പീക്ക് ഫോർ ഇന്ത്യയുടെ ഫൈനൽ വേദി ഭാരതീയ വിദ്യാഭവനിൽ പഠിക്കുന്ന കാലത്തുള്ള ഡിബേറ്റ് മത്സരങ്ങളിലേക്ക് തന്നെ എത്തിച്ചു. പിൽകാലത്ത് ഒരു അഭിഭാഷ കനാകാനുള്ള അടിത്തറ പാകിയത് അന്ന് നടത്തിയ സംവാദങ്ങളായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർത്തു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഒത്തിരി കാര്യങ്ങൾ പറയുകയെന്നത് വലിയ കാര്യമാണ്. കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ അത് ബോധ്യപ്പെടുത്തുകയെന്നത് ഒരു കലയാണ്. ഇതു തന്നെയാണ് കോടതികളിലും നടക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിൽ ഉണ്ടാകുന്നത് സംഘർഷമല്ല. സംഘർഷം ഉണ്ടാക്കാനുള്ള അറിവോ കഴിവോ മൃഗങ്ങൾക്കില്ല. യഥാർഥത്തിൽ നിലനിൽപ്പിനായുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Justice Devan Ramachandran on Debate Skills