‘മലയാളം എളുപ്പം, ഹിന്ദി വലച്ചു’; ഏഴാംതരം തുല്യതാ പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: ‘‘നിങ്ങളൊക്കെ വലിയ പഠിപ്പുള്ളവർ. ഞാൻ പഠിച്ചിട്ടില്ല.’’ -പല വേദികളിലും ഇതു പറയുമ്പോൾ എളിമയ്ക്കുമപ്പുറം അപകർഷബോധമായിരുന്നു ഇന്ദ്രൻസിന്.
ശനിയാഴ്ച പരീക്ഷാഹാളിലേക്കെത്തുമ്പോൾ പക്ഷേ, ആത്മവിശ്വാസമുള്ള വിദ്യാർഥിയായിരുന്നു ഇന്ദ്രൻസ്. അട്ടക്കുളങ്ങര സ്കൂളിൽ സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യതാ പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ് നഷ്ടപ്പെട്ട സ്കൂൾപഠനം തിരികെപ്പിടിച്ചു.
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടെ പരീക്ഷയാണ് ശനിയാഴ്ച നടന്നത്. ‘‘മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നു. ഹിന്ദി അല്പം വലച്ചു.’’ -പരീക്ഷയെഴുതിയിറങ്ങിയ ഇന്ദ്രൻസ് പറഞ്ഞു. ഞായറാഴ്ച സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം വിഷയങ്ങളിലാണ് പരീക്ഷകൾ.
‘‘ഏഴാംക്ലാസുവരെ പഠിച്ചിരുന്നെങ്കിലും പ്രാരബ്ധങ്ങളിൽ പഠിപ്പു നിർത്തേണ്ടിവന്നു. സുഹൃത്തും വാർഡ് കൗൺസിലറുമായ ഡി.ആർ. അനിലാണ് സാക്ഷരതാമിഷന്റെ ‘അക്ഷരശ്രീ’യെപ്പറ്റി വിവരം നൽകിയത്. ചിത്രീകരണത്തിരക്കുകളുള്ളതിനാൽ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസിൽ കൃത്യമായി പങ്കെടുക്കാനായിരുന്നില്ല. സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു പഠനം.
Content Highlights: indrans writing exam