വിദേശപഠനത്തിന് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക: പാസ്‌പോർട്ട് നിരക്കുകളിൽ മാറ്റം, പുതിയ ഫീസ് ജൂലായ് 1 മുതൽ

ന്യൂഡൽഹി: വിദേശത്ത് ഉന്നതപഠനം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണ്ണായക അറിയിപ്പ്. രാജ്യത്തെ പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ നിരക്കുകൾ 2026 ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും നിലവിലുള്ളവ പുതുക്കുന്നവർക്കും തത്കാൽ സ്കീം ഉപയോഗിക്കുന്നവർക്കും ഈ മാറ്റം ബാധകമായിരിക്കും. വിദേശ സർവ്വകലാശാലകളിൽ പ്രവേശന പ്രക്രിയകൾ ആരംഭിക്കാനിരിക്കുന്ന വിദ്യാർഥികൾ പുതുക്കിയ മാറ്റങ്ങൾ കൂടി പരിഗണിച്ച് യാത്രാ ബഡ്ജറ്റ് തയ്യാറാക്കണം.
പുതിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:
1. മുതിർന്നവർക്കുള്ള നിരക്കുകൾ (18 വയസ്സിന് മുകളിലുള്ളവർ):
36 പേജുള്ള പാസ്‌പോർട്ട് : ₹2,500
36 പേജുള്ള പാസ്‌പോർട്ട് (തത്കാൽ) : ₹5,000
60 പേജുള്ള പാസ്‌പോർട്ട് : ₹3,500
60 പേജുള്ള പാസ്‌പോർട്ട്( തത്കാൽ) : ₹6,000
2. 18 വയസ്സിൽ താഴെയുള്ളവർക്കുള്ള നിരക്കുകൾ:
36 പേജുള്ള പാസ്‌പോർട്ട് (Normal): ₹1,750
36 പേജുള്ള പാസ്‌പോർട്ട് (Tatkal): ₹4,250
വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട മറ്റ് വിവരങ്ങൾ
അനുബന്ധ രേഖകളുടെ ഫീസ്: വിസ നടപടികൾക്ക് വിദ്യാർഥികൾക്ക് ഏറ്റവും അത്യാവശ്യമായ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവയുടെ നിരക്ക് 750 രൂപ ആയി പുതുക്കിയിട്ടുണ്ട്.
ഫീസ് ഇളവുകൾ: എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് അപേക്ഷകളിൽ 10% ഇളവ് ലഭിക്കും. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നവർക്ക് ഈ ആനുകൂല്യം ഉണ്ടായിരിക്കില്ല.
അഡ്മിഷൻ ഡെഡ്‌ലൈനുകൾ അടുത്തുവരുന്ന വിദ്യാർഥികൾ അവസാന നിമിഷം വലിയ തുക നൽകി തത്കാൽ സംവിധാനത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ, സാധാരണ സ്കീമിൽ മുൻകൂട്ടിത്തന്നെ അപേക്ഷിക്കാൻ മന്ത്രാലയം നിർദ്ദേശിക്കുന്നു. ഇത് അനാവശ്യമായ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഒഴിവാക്കാൻ സഹായിക്കും.
Content Highlights: The Ministry of External Affairs has announced a revision of Indian passport application, renewal, and Tatkal fees effective from July 1, 2026, alongside an update to auxiliary charges like Police Clearance Certificates (PCC) which will significantly impact students planning to study abroad.