ഐ.എം.എം. കാറ്റ് അപേക്ഷ ഓഗസ്റ്റ് മൂന്ന് മുതൽ, പരീക്ഷ നവംബർ 29-ന്; പരീക്ഷാഘടനയും മാതൃകയും അറിയാം

#ടോമി വർഗീസ് മണ്ണടി
Representative Image | Photo: Getty Images
Representative Image | Photo: Getty Images

അഹമ്മദാബാദ്, ബെംഗളൂരു, കോഴിക്കോട്, കൊൽക്കത്ത ഉൾപ്പടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലേക്കും (ഐ.ഐ.എം.) മറ്റ് പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കും പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2026-ന് അപേക്ഷിക്കാം.

പ്രോഗ്രാമുകൾ

* ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ: പി.ജി.പി. (പോസ്റ്റ്‌ഗ്രാജ്വേറ്റ് പ്രോഗ്രാം), പി.ജി.ഡി.എം. (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ്) തുടങ്ങിയ ഫുൾ-ടൈം ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകൾ.

* എക്സിക്യുട്ടീവ്/വർക്കിങ് പ്രൊഫഷണൽ പ്രോഗ്രാമുകൾ: തൊഴിൽപരിചയമുള്ളവർക്കായുള്ള എക്സിക്യുട്ടീവ് എം.ബി.എ., പി.ജി.പി.എക്സ്. (പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ഫോർ എക്സിക്യൂട്ടീവ്), ഇ.പി.ജി.പി. (എക്സിക്യുട്ടീവ് പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാം), പി.ജി.പി.ഡബ്ല്യു.ഇ. (പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ഫോർ വർക്കിങ് എക്സിക്യുട്ടീവ്സ്) തുടങ്ങിയവ.

* ഡോക്ടറൽ പ്രോഗ്രാമുകൾ: ഗവേഷണ താത്‌പര്യമുള്ളവർക്കായി എഫ്.പി.എം. (ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ്) പോലുള്ള ഡോക്ടറൽ പ്രോഗ്രാമുകൾ.

യോഗ്യത

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നോ കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യമായ സി.ജി.പി.എ.യോ ഉള്ള ബാച്ച്‌ലർ ബിരുദം. സി.ജി.പി.എ. മാത്രമാണെങ്കിൽ, സർവകലാശാലയുടെ മാർഗനിർദേശപ്രകാരം മാർക്ക് കണക്കാക്കും. എസ്.സി., എസ്.ടി., പിഡബ്ല്യു.ബി.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർക്ക് കുറഞ്ഞത് 45 ശതമാനം മാർക്ക് മതിയാകും.

സി.എ., സി.എസ്., സി.എം.എ. തുടങ്ങിയ പ്രൊഫഷണൽ ബിരുദധാരികൾക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.

ബിരുദപഠനത്തിന്റെ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും താത്‌കാലികമായി അപേക്ഷിക്കാം.

സംവരണം: എസ്.സി. (15%), എസ്.ടി. (7.5), എൻ.സി.-ഒ.ബി.സി. (27), ഇ.ഡബ്ല്യു.എസ്. (10), പി.ഡബ്ല്യു.ബി.ഡി. (5). സർട്ടിഫിക്കറ്റുകൾ നിശ്ചിത ഫോർമാറ്റിലും നിശ്ചിത തീയതിക്കുശേഷം ഇഷ്യൂ ചെയ്തതുമായിരിക്കണം.

പരീക്ഷാഘടനയും മാതൃകയും

പരീക്ഷ നവംബർ 29-ന് കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തും. പരീക്ഷയിൽ മൂന്ന് സെഷനുകൾ ഉണ്ടായിരിക്കും. ചോദ്യങ്ങൾ രണ്ട് തരത്തിലായിരിക്കും:

* മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ: നാല് ഓപ്ഷനുകളിൽനിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കണം.

ശരിയായ ഉത്തരത്തിന് മൂന്നുമാർക്ക്. തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് (നെഗറ്റീവ് മാർക്കിങ്)

* ടൈപ്പ് ഇൻ ദി ഏൻസർ (ടി.ഐ.ടി.എ.): ഓപ്ഷനുകൾ ഉണ്ടാവില്ല. സ്ക്രീനിലെ കീബോർഡ് ഉപയോഗിച്ച് അക്കമോ വാക്കോ നേരിട്ട് ടൈപ്പ് ചെയ്ത് ഉത്തരം നൽകണം. ശരിയുത്തരത്തിന് മൂന്നുമാർക്ക്. തെറ്റായ ഉത്തരത്തിനോ ഉത്തരം നൽകാതിരുന്നാലോ മാർക്ക് നഷ്ടപ്പെടില്ല. (ചോദ്യങ്ങളിൽ ഉറപ്പില്ലെങ്കിലും ന്യായമായ ഒരു ഊഹം പരീക്ഷിക്കാം; തെറ്റിയാലും മാർക്ക് നഷ്ടപ്പെടില്ല എന്നതുകൊണ്ടാണിത്)

അപേക്ഷ

iimcat.ac.in വഴി ഓഗസ്റ്റ് മൂന്നിന് രാവിലെ 10 മുതൽ സെപ്റ്റംബർ 15-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫീസ്: എസ്.സി., എസ്.ടി., പി.ഡബ്ല്യ.ബി.ഡി. -1350 രൂപ. മറ്റുള്ളവർ: 2700 രൂപ.

രജിസ്ട്രേഷൻ സമയത്ത് അഞ്ച് ടെസ്റ്റ് സിറ്റികൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. കേരളത്തിൽ പത്ത് പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഏകദേശം 170 നഗരങ്ങളിലായി പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: നവംബർ നാല് മുതൽ 29 വരെ. ഫലപ്രഖ്യാപനം ജനുവരി ആദ്യവാരത്തിൽ ഉണ്ടാകും. സ്കോർ സാധുത 2027 ഡിസംബർ 31 വരെയാണ്.

ശ്രദ്ധിക്കുക

ഓരോ ഐ.ഐ.എമ്മിനും സ്വന്തമായ യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയും ഉണ്ട്. പ്രവേശനത്തിന് ഉയർന്ന കാറ്റ് സ്കോർ, മുൻ അക്കാദമിക് പ്രകടനം, ജോലി പരിചയം, ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയും പരിഗണിക്കും.

പ്രോഗ്രാമുകളുടെ ലഭ്യത, യോഗ്യതാ മാനദണ്ഡങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, പരീക്ഷാഘടന എന്നിവ വർഷം തോറും മാറിയേക്കാം. വിവരങ്ങൾക്ക്: iimcat.ac.in

വിഭാഗം ചോദ്യങ്ങളുടെ സ്വഭാവം
വി.എ.ആർ.സി. (വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ) ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, റീഡിങ് കോംപ്രിഹെൻഷൻ, പാരാ ജംബിൾസ് തുടങ്ങിയവ
ഡി.ഐ.എൽ.ആർ. (ഡേറ്റ ഇന്റർപ്രെട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്) വിവര വിശകലനം, ഗ്രാഫുകൾ, പസിലുകൾ എന്നിവയിലൂടെയുള്ള യുക്തിചിന്ത
ക്യു.എ. (ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്) അരിതമെറ്റിക്, ആൾജിബ്ര, ജ്യോമെട്രി തുടങ്ങിയ ഗണിതശാസ്ത്ര പ്രശ്നങ്ങൾ

Content Highlights: IIM CAT 2026 Registration Starts Tomorrow: Check Dates and Exam Pattern