ആശയങ്ങള്‍ പങ്കുവെയ്ക്കൂ സമ്മാനം നേടൂ; കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഐഡിയാത്തോണ്‍

തിരുവനന്തപുരം: നവസാങ്കേതികവിദ്യകള്‍, സ്വതന്ത്ര വിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ ഭാഗമായി സംസ്ഥാനത്തെ പ്രൊഫഷണല്‍ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ഐഡിയത്തോണ്‍ സംഘടിപ്പിക്കുന്നു. ആരോഗ്യവും ക്ഷേമവും, ശുദ്ധജലവും ശുചിത്വവും, വ്യവസായ മേഖലയും അടിസ്ഥാന സൗകര്യവികസനവും, അസമത്വം കുറയ്ക്കല്‍, സുസ്ഥിര നഗരങ്ങളും സുസ്ഥിരസമൂഹങ്ങളും, കാലാവസ്ഥാവ്യതിയാനം നേരിടല്‍, ലിംഗനീതി എന്നീ ഏഴു വിഷയമേഖലകളിലാണ് ആശയങ്ങള്‍ അവതരിപ്പിക്കേണ്ടത്.
ഈ മേഖലകളില്‍ 2035 ആകുമ്പോഴേക്കും കേരളത്തിന് എങ്ങനെ മുന്നേറാം എന്നത് സംബന്ധിച്ച പ്രസക്തമായ ആശയങ്ങള്‍ സമര്‍പ്പിക്കുന്ന ടീമുകളെ ഓരോ കലാലയത്തില്‍ നിന്നും തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന 1000 പേര്‍ക്ക് സംസ്ഥാനതലത്തില്‍ ഓഗസ്റ്റ് 12ന് ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ആദ്യ ദിവസം നടക്കുന്ന യങ് പ്രൊഫഷണല്‍ മീറ്റില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.
മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളായാണ് ആശയങ്ങള്‍ അവതരിപ്പിക്കേണ്ടത്. കോളേജ് തലത്തില്‍ പരമാവധി മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസന്റേഷന്‍/വീഡിയോ/കുറിപ്പ് രൂപത്തില്‍ ആശയം അവതരിപ്പിക്കാം. തുടര്‍ന്ന്, സംസ്ഥാന പ്രൊഫഷണല്‍ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ 90 സെക്കന്‍ഡില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോ രൂപത്തില്‍ തങ്ങളുടെ ആശയം തയ്യാറാക്കണം. കെ-ഡിസ്‌കാണ് മത്സരത്തിന്റെ നോഡല്‍ ഏജന്‍സി. ഏഴു വിഷയങ്ങളില്‍ ഒരോന്നിലും ഏറ്റവും മികച്ച മൂന്ന് ആശയങ്ങള്‍ക്ക് പുരസ്‌കാരം ലഭിക്കും. ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ സമര്‍പ്പിച്ച കോളേജിന് പ്രത്യേക പുരസ്‌കാരവും ലഭിക്കും.
നോഡല്‍ ഓഫീസറുടെ വിവരങ്ങള്‍ ഉള്‍പ്പെടെ കോളേജുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 13. കോളേജ് തലത്തില്‍ ആശയങ്ങള്‍ തിരഞ്ഞെടുക്കേണ്ട അവസാന തീയതി ജൂലൈ 20. കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ ആശയങ്ങള്‍ ജൂലൈ 29 ന് മുന്‍പ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായുള്ള വെബ്‌സൈറ്റ് വിലാസം www.freedomfest2023.in.
Content Highlights: Ideathon, college students, K-disc, malayalam news, freedom fest, education news