ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ ഗ്രാൻഡ് ഫിനാലെ; നന്ദകുമാർ ചാമ്പ്യൻ, ദേവിക റണ്ണറപ്പ്

കൊച്ചി: കേരളത്തിന്റെ കലാലയ യുവത്വത്തിന് വാക്പോരാട്ടത്തിന്റെ സുന്ദരഭൂമികയായിമാറിയ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദ ത്തിന്റെ പത്താം എഡിഷൻ ഗ്രാൻഡ് ഫിനാലെയിൽ എറണാകുളം കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ എസ്.എസ്. നന്ദകുമാർ ചാമ്പ്യൻ. മുവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജിലെ ദേവിക ഷൈനാണ് റണ്ണറപ്പ്. നന്ദകുമാറിന് 2.5 ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, ദേവികയ്ക്ക് 1.5 ലക്ഷവും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു.
ഗ്രാൻഡ് ഫിനാലെയിലെത്തിയ ഈസ്റ്റർ ബാബു പോൾ (ഗവ. മെ ഡിക്കൽ കോളേജ്, തിരുവനന്തപുരം), എസ്.എസ്. അഫിന (അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി സെന്റർ, മലപ്പുറം), ഗാഥ വിജയ് (മാർ ഇവാനി യോസ് കോളേജ്, തിരുവനന്തപുരം), ഡിസാൽഫിയോ കെ. സണ്ണി (ഫിസാറ്റ്, അങ്കമാലി), സന ഷെറിൻ (കെഎംസിടി ലോ കോളേജ്, കുറ്റിപ്പുറം), മാളവിക ആർ. വൈലോപ്പിള്ളി (ഗവ. ലോ കോളേജ്, തിരുവനന്തപുരം) എന്നിവർക്ക് 50,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിച്ചു.
സെയ്ന്റ് തെരേസാസ് കോളേജിൽനടന്ന ഗ്രാൻഡ് ഫിനാലെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായ കൊച്ചി നേവൽ എയർ ക്രാഫ്റ്റ് യാർഡ് കമ്മഡോർ സുപ്രണ്ട് സുധീർ റെഡ്ഡി, നടൻ രമേഷ് പി ഷാരടി സംവിധായകൻ ജിസ് ജോയ് എന്നിവർ സമ്മാനങ്ങൾ നൽകി.
'അമേരിക്കയുടെ സൈനിക-സാമ്പത്തിക നടപടികൾ ലോകസമാധാനത്തിന് വഴിതെളിക്കും' എന്നതായിരുന്നു ഫൈനലിലെ ആദ്യറൗണ്ടിലെ വിഷയം. രണ്ടാം റൗണ്ടിൽ 'ഇന്ത്യൻ ജനത നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര പ്രതിസന്ധിയാണോ വായുമലിനീകരണം' എന്നതും. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേ ഷൻ 'മാതൃഭൂമി'യുമായി ചേർന്ന് നടത്തുന്ന സ്പീക്ക് ഫോർ ഇന്ത്യ സംവാദ പരിപാടിയുടെ പലതലങ്ങളിലായി, ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങളിൽ വിജയിച്ചവരായിരുന്നു ഫൈനലിൽ.
Content Highlights: Federal Bank Speak for India`s 10th edition Grand Finale in Kochi saw S.S. Nandakumar emerge champion