ഫുട്‌വേര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം; ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍

#ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രതീകാത്മക ചിത്രം| FDDI Website
പ്രതീകാത്മക ചിത്രം| FDDI Website

കേന്ദ്ര വാണിജ്യ വ്യവസായമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് പദവിയുള്ള, ഫുട്വേര്‍ ഡിസൈന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) 2025ല്‍ നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

# കാംപസുകള്‍

നോയിഡ, റോഹ്ത്തക്, ഗുണ (മധ്യപ്രദേശ്), ഹൈദരാബാദ്, കൊല്‍ക്കത്ത, ഫര്‍സത്ഗന്‍ജ് (റായ്ബറേലി), അങ്കലേശ്വര്‍ (സൂറത്ത്), പട്ന, ജോധപുര്‍, ഛിന്‍ഡ് വാര (മധ്യപ്രദേശ്), ചെന്നൈ, ചണ്ഡീഗഢ് കാംപസുകളിലായിട്ടാണ് ഡിസൈന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ മേഖലകളിലെ വിവിധ പ്രോഗ്രാമുകള്‍ നടത്തുന്നത്.

# യു.ജി.

ബാച്ച്ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.): (i) ഫുട്വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ (ii) ഫാഷന്‍ ഡിസൈന്‍ (iii) ലതര്‍, ലൈഫ് സ്‌റ്റൈല്‍ ആന്‍ഡ് പ്രോഡക്ട് ഡിസൈന്‍

ബാച്ച്ലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.): റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ്

നാല് പ്രോഗ്രാമുകളുടെയും ദൈര്‍ഘ്യം നാലുവര്‍ഷം (എട്ടുസെമസ്റ്റര്‍) ആണ്.

യോഗ്യത: പ്ലസ് ടു (10+2)/തത്തുല്യ പരീക്ഷയോ (സ്ട്രീം ഏതുമാകാം), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) അംഗീകാരമുള്ള ഏതെങ്കിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ നല്‍കുന്ന ഡിപ്ലോമ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി 1.7.2025-ന് 25 വയസ്സ്.

# പി.ജി.

മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.): (i) ഫുട്വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ (ii) ഫാഷന്‍ ഡിസൈന്‍

മാസ്റ്റര്‍ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.): റിട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ്

ദൈര്‍ഘ്യം രണ്ടുവര്‍ഷം (നാല് സെമസ്റ്റര്‍).

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബാച്ച്ലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫുട്വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എം.ഡിസില്‍ പ്രവേശനം നേടുന്ന, ഡിസൈന്‍ പശ്ചാത്തലമില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട രണ്ടോ മൂന്നോ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിഡ്ജ് പ്രോഗ്രാം ഉണ്ടാകും.

എല്ലാ കോഴ്സുകളിലെയും അപേക്ഷകര്‍ക്ക് ഇംഗ്ലീഷില്‍ മെച്ചപ്പെട്ട ആശയവിനിമയശേഷി വേണം.

# എ.ഐ.എസ്.ടി.

മേയ് 11-ന് നടത്തുന്ന പേപ്പര്‍ അധിഷ്ഠിത ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ് (എ.ഐ.എസ്.ടി.) അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്.

ബാച്ച്ലര്‍ പ്രോഗ്രാം പരീക്ഷയ്ക്ക് നാല് സെക്ഷനുകള്‍: എ - അനലറ്റിക്കല്‍ എബിലിറ്റി, ബി -ബിസിനസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, സി -ജനറല്‍ അവയര്‍നെസ്, ഡി -കോംപ്രിഹന്‍ഷന്‍, ഗ്രാമര്‍, യൂസേജ് മുതലായവ.

മാസ്റ്റേഴ്‌സ് പ്രോഗ്രാം പരീക്ഷയ്ക്കും നാല് സെക്ഷനുകള്‍: എ - അനലറ്റിക്കല്‍ എബിലിറ്റി, ബി - ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍ ആന്‍ഡ് ഗ്രാമര്‍, സി -ജനറല്‍ നോളജ് ആന്‍ഡ് കറന്റ്് അഫയേഴ്‌സ്, ഡി -മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ആന്‍ഡ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്.

ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷകളില്‍ സ്‌കോര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. അവരെ എ.ഐ.എസ്.ടി. അഭിമുഖീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കിയേക്കാം. എന്നാല്‍, അവര്‍ എ.ഐ.സി.ടി. അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ അവരുടെ അതിലെ സ്‌കോറാകും പരിഗണിക്കുക.

ഇവരും എഫ്.ഡി.ഡി.ഐ.യിലേക്ക് അപേക്ഷിക്കണം. മേയ് 31-നുശേഷം നല്‍കുന്ന ദേശീയതല പ്രവേശനപരീക്ഷാ സ്‌കോര്‍ പരിഗണിക്കുന്നതല്ല.

ബിരുദ, പി.ജി., ഡിസൈന്‍, മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍

അപേക്ഷ

www.fddiindia.com-se അഡ്മിഷന്‍ ലിങ്ക് വഴി ഏപ്രില്‍ 20 വരെ നല്‍കാം. അധിക ലേറ്റ് ഫീകൂടി നല്‍കി 30 വരെയും അപേക്ഷിക്കാം. ഓരോ കാംപസിലുമുള്ള പ്രോഗ്രാമുകളുടെ/സ്‌പെഷ്യലൈസേഷനുകളുടെ പട്ടിക പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Content Highlights: Apply for FDDI`s UG & PG design & business programs in Footwear, Fashion, & Retail