സ്‌കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂട്: കരട് പ്രകാശനം സെപ്റ്റംബര്‍ 21-ന്

പ്രതീകാത്മക ചിത്രം | Photo: freepik.com
പ്രതീകാത്മക ചിത്രം | Photo: freepik.com

കേരളത്തില്‍ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസ ചട്ടക്കൂടിന്റെ കരട് പ്രകാശനവും സെമിനാറും സെപ്റ്റംബര്‍ 21ന് സഹകരണ ടവറില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കും. ജനകീയ ചര്‍ച്ചകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടും, കുട്ടികളുടെ ചര്‍ച്ചകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടും അന്ന് പ്രകാശനം ചെയ്യുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി അറിയിച്ചു

പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തയ്യാറാക്കിയ ചട്ടക്കൂടുകള്‍ ഒക്ടോബര്‍ 9 ന് പ്രകാശനം ചെയ്യും. ഒന്ന്,മൂന്ന്,അഞ്ച്,ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. 

അധ്യാപക സഹായി, ഡിജിറ്റല്‍ ടെക്സ്റ്റ്, രക്ഷിതാക്കള്‍ക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. പഠനം മുടങ്ങുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കുട്ടികള്‍ക്ക് സ്വയം പഠിക്കാവുന്ന തരത്തിലാണ് ഡിജിറ്റല്‍ ടെക്സ്റ്റ് വികസിപ്പിക്കുക. ഭിന്നശേഷി കുട്ടികള്‍ക്കായി ഓഡിയോ ടെക്സ്റ്റും പുറത്തിറക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി 

Content Highlights: draft of State Curriculum Framework will be launch on September 21