പ്രഥമശുശ്രൂഷാ കോഴ്‌സിൽ ദേവഗിരിക്ക് 100/100

ദേവഗിരി സെയ്‌ന്റ് ജോസഫ്സ്‌ കോളേജിൽ(ഓട്ടോണമസ്) നടന്ന പ്രഥമശുശ്രൂഷാ കോഴ്‌സിൽനിന്ന്
ദേവഗിരി സെയ്‌ന്റ് ജോസഫ്സ്‌ കോളേജിൽ(ഓട്ടോണമസ്) നടന്ന പ്രഥമശുശ്രൂഷാ കോഴ്‌സിൽനിന്ന്

കോഴിക്കോട്: പ്രഥമശുശ്രൂഷാ കോഴ്‌സ് പൂർത്തിയാക്കി, ദേവഗിരി സെയ്‌ന്റ് ജോസഫ്സ്‌ കോളേജിലെ(ഓട്ടോണമസ്) മുഴുവൻ വിദ്യാർഥികളും. ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കോളേജിലെ ഒന്നാംവർഷ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കായി രണ്ടുദിവസത്തെ കോഴ്‌സ് നടത്തിയത്.

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. മൂന്നരമണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ 1300-ഓളം വിദ്യാർഥികൾ പങ്കെടുത്തു.

കഴിഞ്ഞ രണ്ട് അധ്യയനവർഷങ്ങളിലും ഇതേ കോഴ്‌സ് സംഘടിപ്പിച്ചിരുന്നതിനാൽ ദേവഗിരി കോളേജിലെ മുഴുവൻ വിദ്യാർഥികളും ഇപ്പോൾ ഈ കോഴ്‌സ് പൂർത്തിയാക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയുംചെയ്തു.

സമാപനച്ചടങ്ങിൽ മിംസ് ആശുപത്രി എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. പി.പി. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ്, ഡോ. വേണുഗോപാലനെ പൊന്നാടയണിയിച്ച് ആദരിച്ചു.

സെൽഫ് ഫിനാൻസിങ്‌ കോഴ്‌സ് ഡയറക്ടർ ഫാ. സുനിൽ എം. ആന്റണി, മിംസ് ബി.എൽ.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.പി. മുനീർ, എയ്ഞ്ചൽസ് എക്സിക്യുട്ടീവ് ഡയറക്ടർ രാജേന്ദ്ര കുമാർ എന്നിവർ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ഫിസിക്കൽ എജുക്കേഷൻ മേധാവി ഫാ. ബോണി അഗസ്റ്റിൻ, ഫിസിക്കൽ എജുക്കേഷൻ അധ്യാപികയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. രേഖാ ജോസ് എന്നിവർ സംസാരിച്ചു.

Content Highlights: Devagiri St.Joseph's College completed First Aid Course