ആറ്റമിക്ക് എനര്‍ജി വകുപ്പിന്റെ അഖിലേന്ത്യാ ഉപന്യാസ മത്സരം

കേന്ദ്രസർക്കാർ ആറ്റമിക് എനർജി വകുപ്പ് (ഡി.എ.ഇ.) ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്‌നോളജി മേഖലയിൽ നടത്തുന്ന അഖിലേന്ത്യാ ഉപന്യാസമത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. രണ്ടുഘട്ടങ്ങളിലായി നടത്തുന്ന മത്സരത്തിൽ ആദ്യഘട്ടം ഉപന്യാസരചനയാണ്. രണ്ടാംഘട്ടം മുംബൈ ഡി.എ.യിൽവെച്ച്, വിധികർത്താക്കളുടെ മുന്നിൽ നടത്തുന്ന ഓറൽ പ്രസന്റേഷൻ.
മൂന്ന് വിഷയങ്ങൾ നിർദേശിച്ചിട്ടുണ്ട്. എ-ജേണി ഓഫ് ന്യൂക്ലിയർ പവർ ഇൻ ഇന്ത്യ -പാസ്റ്റ്, പ്രസന്റ് ആൻഡ് ഫ്യൂച്ചർ, ബി- സൊസൈറ്റൽ ആപ്ലിക്കേഷൻസ് ഓഫ് റേഡിയോ ഐസോടോപ് ആൻഡ് റേഡിയേഷൻ ടെക്‌നോളജീസ് ഫോർ വികസിത് ഭാരത്, സി- ഇംപോർട്ടൻസ് ഓഫ് ലേസർ, പ്ലാസ്മ ആൻഡ് ആക്സിലറേറ്റർ ടെക്‌നോളജീസ് ഫോർ എ സെൽഫ് റിലയന്റ് ഇന്ത്യ. ഉപന്യാസങ്ങളുടെ ഉള്ളടക്കംസംബന്ധിച്ച ഒരു രൂപരേഖ dae.gov.in/ -ൽ ഉള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട് (ഇംപോർട്ടന്റ് മാറ്റേഴ്‌സ് ആൻഡ് ഇവന്റ്‌സ് ലിങ്ക്).
ഒരാൾക്ക് ഒരു വിഷയത്തിൽമാത്രം പരമാവധി 2000 വാക്കുകളിൽ ഉപന്യാസം രചിക്കാം. ഇൻട്രൊഡക്‌ഷൻ (പരമാവധി 350 വാക്കുകൾ), വിശദമായ ഉപന്യാസം (1500 വാക്കുകൾ), കൺക്ലൂഷൻ (150 വാക്കുകൾ) എന്നരീതിയിൽ രചന നടത്താം. ഒറിജിനാലിറ്റി, സ്റ്റൈൽ, ലാംഗ്വേജ് എന്നിവ പരിഗണിച്ചാകും മൂല്യനിർണയം.
യോഗ്യത
അപേക്ഷകർ 10+2 കഴിഞ്ഞ്, ഒരു ഇന്ത്യൻ സർവകലാശാലയിൽ ഏതെങ്കിലും വിഷയത്തിൽ റെഗുലർ ഫുൾടൈം ബിരുദപ്രോഗ്രാം പഠിക്കുന്നവരായിരിക്കണം. എൻജിനിയറിങ്/ മെഡിക്കൽ/ ഐ.ഐ.ടി. വിദ്യാർഥികൾക്കും അവർ കോഴ്‌സിന്റെ നാലാംവർഷത്തിലാണ് പഠിക്കുന്നതെങ്കിൽ അപേക്ഷിക്കാം.
ബിരുദകോഴ്‌സ് പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാൻ അർഹതയില്ല. എന്നാൽ, ബിരുദപ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർക്ക് ഓഗസ്റ്റ് 29-നുമുൻപ് അവരുടെ അന്തിമപരീക്ഷാഫലം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിൽ അപേക്ഷിക്കാം.
ഇന്ത്യൻ ഭാഷയിൽ കൈകൊണ്ട് എഴുതിയതായിരിക്കണം ഉപന്യാസം. അത് പി.ഡി.എഫ്. ഫയലാക്കി 36essaycontest@dae.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ എട്ടിനകം ലഭിക്കത്തക്കവിധം, ഇ-മെയിൽ ചെയ്യണം. മെയിൽ അയക്കാനുള്ള മാർഗനിർദേശങ്ങൾ, മെയിലിനോടൊപ്പം അയക്കേണ്ട രേഖകളുടെ വിവരങ്ങൾ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്.
സമ്മാനങ്ങൾ
വിജയികൾക്ക് 25,000 രൂപ വീതമുള്ള മൂന്ന് ഒന്നാംസമ്മാനങ്ങൾ, 20,000 രൂപവീതം മൂന്ന് രണ്ടാംസമ്മാനങ്ങൾ, 15,000 രൂപ വീതമുള്ള മൂന്ന് മൂന്നാംസമ്മാനങ്ങൾ എന്നിവ നൽകും (ഓരോ വിഷയത്തിലും ഒന്നുവീതം). കൂടാതെ 7000 രൂപ വീതമുള്ള 21 സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. അന്വേഷണങ്ങൾ: aaopad@dae.gov.in.
Content Highlights: Department of Atomic Energy All India Essay Competition