എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് കാണാതായി, ഫലപ്രഖ്യാപനം വൈകിയത്‌ രണ്ടര വർഷം

പ്രതീകാത്മക ചിത്രം | Photo: gettyimages.in
പ്രതീകാത്മക ചിത്രം | Photo: gettyimages.in

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണയം നടത്താൻ ഒരു അധ്യാപകന് നൽകിയ ‘പ്രൊജക്ട്‌ ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവം പുറത്തുവരുന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ്‌ പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകേണ്ട കോഴ്‌സിന്‍റെ ഫലപ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല. പരീക്ഷാഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല.

ഇതിനിടെയാണ് ഏപ്രിൽ ഏഴിന് വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ച് വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടുപോയി എന്ന് അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടുചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Content Highlights: answersheet of mba students in kerala university missing