അണ്ണാ സർവകലാശാല കോളേജുകളിലെ ക്രമക്കേട്, ഗവർണർ റിപ്പോർട്ട് തേടി

ചെന്നൈ: അണ്ണാ സർവകലാശാലയ്ക്കു കീഴിൽ കോളേജുകൾക്ക് അഫിലിയേഷൻ നൽകിയതിലും അധ്യാപകനിയമനത്തിലും വൻ ക്രമക്കേടുകൾ നടന്നതായുള്ള പരാതിയിൽ അന്വേഷണംനടത്താൻ സമിതിക്ക് രൂപംനൽകി. ആരോപണമുന്നയിച്ച എല്ലാ കാര്യങ്ങളിലും സമിതി വിശദമായ അന്വേഷണം നടത്തുമെന്ന് സർവകലാശാല വൈസ് ചാൻസലർ ആർ. വേൽരാജ് അറിയിച്ചു. ഒരേ അധ്യാപകർ ഒന്നിലധികം എൻജിനിയറിങ് കോളേജുകളിൽ ഒരേ സമയം ജോലിചെയ്തുവെന്ന കാര്യം അതീവ ഗൗരവമായി കാണേണ്ടതാണ്.
അന്വേഷണത്തിൽ കുറ്റം കണ്ടെത്തിയാൽ അധ്യാപകർക്കെതിരേ മാത്രമല്ല, കോളേജുകൾക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്നും വൈസ് ചാൻസലർ മുന്നറിയിപ്പുനൽകി. വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആർ.എൻ. രവിയും ഇടപെട്ടു. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നടത്തിയ അധ്യാപകനിയമനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമടങ്ങിയ റിപ്പോർട്ടും ഗവർണർ ആവശ്യപ്പെട്ടു.
അഴിമതിക്കെതിരേ പ്രവർത്തിക്കുന്ന സംഘടനയായ അരപ്പോർ ഇയക്കമാണ് അണ്ണാ സർവകാശാലയ്ക്കും അഫിലിയേറ്റഡ് കോളേജുകൾക്കുമെതിരേ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജലൻസിന് പരാതിയുംനൽകി. അണ്ണാ സർവകലാശാലയിൽ അഫിലിയേഷനുള്ള പല കോളേജുകളിലും ഒരേസമയം ഒരേ ആളുകൾ മുഴുവൻസമയ അധ്യാപകരായി പ്രവർത്തിക്കുന്നതായും സർവകലാശാല ഉന്നതാധികൃതരുടെ അറിവോടെയാണിതെന്നും പരാതിയിൽ പറയുന്നു.
പല അധ്യാപകരും പി.എച്ച്ഡി. തീസിസ് തലക്കെട്ട് വ്യാജമായി തയ്യാറാക്കി നൽകി. അണ്ണാ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 480 കോളേജുകളിൽ 224 കോളേജുകളും തട്ടിപ്പ് നടത്തിയതായും അരപ്പോർ ഇയക്കത്തിന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Anna varsity to submit report on affiliation irregularities