AIIMS ബിഎസ്‌സി നഴ്‌സിങ്;: 1.91 ലക്ഷം അപേക്ഷകർ, 5 വർഷത്തിനിടെ 1000% വർധനവ്

#Education desk
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  നടത്തുന്ന ബി.എസ്.സി (ഓണേഴ്സ്) നഴ്സിങ്, അലൈഡ് & ഹെൽത്ത്‌കെയർ പ്രവേശന പരീക്ഷകൾക്ക് അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവ്. ഓഗസ്റ്റ് സെഷനിലേക്ക് ബി.എസ്.സി നഴ്സിങ് കോഴ്‌സിന് 1.91 ലക്ഷത്തോളം പേരും അലൈഡ് ഹെൽത്ത്‌കെയർ കോഴ്‌സുകൾക്ക് 1.17 ലക്ഷത്തിലധികം പേരും അപേക്ഷിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിലെ അലൈഡ് ഹെൽത്ത്‌കെയർ പ്രൊഫഷണലായ വിപുൽ ശർമ സമർപ്പിച്ച ആർ.ടി.ഐ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് എയിംസ് വിവരങ്ങൾ പുറത്തുവിട്ടതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

അപേക്ഷക്കാരുടെ എണ്ണത്തിലെ വർധനവ് 

ബി.എസ്.സി (ഓണേഴ്സ്) നഴ്സിങ് എൻട്രൻസ്

വിഭാഗം 2021 2022 2023 2024 2025
OBC (NCL) 6,754 8,708 32,526 65,637 78,319
General (UR) 5,542 6,487 19,180 34,772 48,988
SC 2,292 2,755 9,883 22,109 28,543
EWS 1,334 1,700 5,405 11,865 15,218
ST 563 817 2,520 6,470 9,049
ആകെ 16,485 20,467 69,514 1,40,853 1,80,117

ബി.എസ്.സി അലൈഡ് & ഹെൽത്ത്‌കെയർ കോഴ്‌സുകൾ

വിഭാഗം 2021 2022 2023 2024 2025
OBC (NCL) 3,326 3,483 12,400 29,242 54,489
General (UR) 1,737 2,011 5,894 16,849 35,137
SC 859 967 3,380 9,593 20,150
EWS 759 809 2,321 6,692 11,586
ST 197 209 694 2,291 5,606
ആകെ 6,878 7,479 24,689 64,667 1,26,968

മെഡിക്കൽ, നഴ്സിങ് മേഖലകൾക്കപ്പുറം പുതിയ അവസരങ്ങൾ

എം.ബി.ബി.എസ്, നഴ്സിങ് കോഴ്‌സുകൾക്ക് പുറമെയുള്ള ബിരുദ ഹെൽത്ത്‌കെയർ കരിയറുകളെ കുറിച്ച് വിദ്യാർഥികൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടാകേണ്ടതുണ്ടെന്ന് വിപുൽ ശർമ ചൂണ്ടിക്കാട്ടി.

നേരത്തെ 'പാരമെഡിക്കൽ' എന്ന് അറിയപ്പെട്ടിരുന്ന മേഖലകൾ ഇപ്പോൾ അലൈഡ് ഹെൽത്ത്‌കെയർ എന്നാണ് അറിയപ്പെടുന്നത്. മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഒഫ്താൽമിക് സയൻസസ്, റേഡിയോതെറാപ്പി, പെർഫ്യൂഷൻ ടെക്നോളജി തുടങ്ങിയ നിരവധി സ്പെഷ്യലൈസ്ഡ് കോഴ്‌സുകൾ ഇതിൽ ഉൾപ്പെടുന്നു.

വർഷത്തോറും 22 ലക്ഷത്തോളം വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുമ്പോൾ രാജ്യത്താകെ ഒരു ലക്ഷത്തോളം എം.ബി.ബി.എസ് സീറ്റുകൾ മാത്രമാണുള്ളത്. അതിനാൽ, ഡോക്ടറാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ബദൽ കരിയർ മാർഗമായി അലൈഡ് ഹെൽത്ത്‌കെയർ മാറുന്നുണ്ട്.

കുറഞ്ഞ പഠനച്ചെലവ്

സർക്കാർ മെഡിക്കൽ കോളേജുകളിലും എയിംസ്, ജിപ്‌മർ, പി.ജി.ഐ.എം.ഇ.ആർ തുടങ്ങിയ പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളിലും വളരെ കുറഞ്ഞ ഫീസിലാണ് ഇത്തരം കോഴ്‌സുകൾ ലഭ്യമാകുന്നത്.

  • കേന്ദ്ര സ്ഥാപനങ്ങൾ: കോഴ്‌സ് ഫീസ് ഏകദേശം ₹1,500 മുതൽ ₹15,000 വരെ.

  • സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകൾ: പ്രതിവർഷ ഫീസ് ₹20,000 മുതൽ ₹60,000 വരെ.

  • സ്വകാര്യ സർവകലാശാലകൾ: ഫിസിയോതെറാപ്പി, കാർഡിയാക് ടെക്നോളജി തുടങ്ങിയ കോഴ്‌സുകൾക്ക് പ്രതിവർഷം ₹80,000 മുതൽ ₹3 ലക്ഷം വരെ.

  • ഡിപ്ലോമ കോഴ്‌സുകൾ: പ്രതിവർഷം ₹20,000 മുതൽ ₹70,000 വരെ.

Content Highlights: AIIMS BSc Nursing and Allied Healthcare entrance exams witnessed a record surge in applicants for the August session