ഭിന്നശേഷി വിദ്യാർഥികൾക്ക് നിർമിതബുദ്ധി അന്യമല്ല; കെെറ്റ്‌സ് പരിശീലനം നൽകും

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തൃശ്ശൂർ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നിർമിതബുദ്ധി അന്യമാകില്ല. റോബോട്ടിക്‌സ്, നിർമിതബുദ്ധി തുടങ്ങിയ സങ്കേതികവിദ്യകളിൽ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ പരിശീലനം നൽകും. സ്വന്തം സ്‌കൂളിലെ ഭിന്നശേഷിക്കാരെയും ബി.ആർ.സി.ക്കു കീഴിലുള്ള മറ്റു ഭിന്നശേഷി വിദ്യാർഥികൾക്കുമാണ് നിർമിതബുദ്ധി പരിശീലിപ്പിക്കുന്നത്. നിലവിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഇവരെ പാഠ്യവിഷയങ്ങളിൽ സഹായിക്കുകയും സാങ്കേതികവിദ്യയുടെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ആദ്യഘട്ടമായി ഗെയിമുകളിലൂടെ സാങ്കേതികവിദ്യയോട് താത്പര്യമുണ്ടാക്കും. പിന്നീട് ലളിതമായ കോഡിങ്ങുകളും പഠിപ്പിക്കും. പരിമിതികളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിജീവിക്കാനും സ്മാർട്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സൈബർ സെക്യുരിറ്റി, ഗെയിമിങ്, എജ്യുടെയ്ൻമെന്റ്, അനിമേഷൻ തുടങ്ങിയവയിലാണ് പരിശീലനം. വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചാകും എ.ഐ. പരിശീലനം.

നിർമിതബുദ്ധിയും റോബോട്ടിക്‌സും ഉപയോഗിച്ച് ഭിന്നശേഷിക്കാർക്കുള്ള പഠനസഹായികളും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നിർമിക്കും. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ളവർക്ക് ആംഗ്യഭാഷയിൽ സംവദിക്കാനാകുന്ന പ്രോഗ്രാമുകളും വികസിപ്പിക്കുന്നുണ്ട്. കാഴ്ചപരിമിതർക്ക് സുഗമമായി സഞ്ചരിക്കാനാകുന്ന കണ്ണട, ഷൂ, വാക്കിങ് സ്റ്റിക്ക്, സ്മാർട്ട് ഹോം നിയന്ത്രണ ഉപകരണം തുടങ്ങിയവയും ഇതിനോടകം വികസിപ്പിച്ചു.

സംസ്ഥാനത്തെ 2200 സർക്കാർ-എയ്ഡഡ് ഹൈസ്‌കൂളുകളിലാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് നിർമിതബുദ്ധി, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ, വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി സാങ്കേതികവിദ്യയുടെ നിർമാതാക്കളാക്കി മാറ്റുകയാണ് ലക്ഷ്യം.

പരിശീലനം ഏപ്രിലിൽ തുടങ്ങും
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് യൂണിറ്റുകൾ വഴി ആറുലക്ഷം രക്ഷിതാക്കൾക്കാണ് എ.ഐ. സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നത്. ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും ഭിന്നശേഷിവിദ്യാർഥികളെ പഠിപ്പിക്കാനുള്ള പരിശീലനം. ഏപ്രിലിൽ ഇതിനുള്ള പരിശീലനം കൈറ്റ്‌സ് അംഗങ്ങൾക്ക് നൽകിത്തുടങ്ങും. ജൂണിൽ ഭിന്നശേഷിക്കാർക്കുള്ള പരിശീലനം പൂർത്തിയാകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതുവഴി ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കും ഭിന്നശേഷി വിദ്യാർഥികൾക്കും മികച്ച അവസരമാണ് ഒരുങ്ങുന്നത്. 
കെ. അൻവർ സാദത്ത്, സി.ഇ.ഒ., കൈറ്റ്‌സ് 

Content Highlights: Little KITES offers AI and robotics training to students with disabilities, empowering them to overcome challenges and become tech creators.