കായികം, അധ്യാപനം, ശാസ്ത്രം എന്നീ മേഖലകളില്‍ അഞ്ച് പുതിയ എഐ കോഴ്‌സുകളുമായി വിദ്യാഭ്യാസ മന്ത്രാലയം

കായികം വിദ്യാഭ്യാസം, ശാസ്ത്രം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ എഐ, ഡാറ്റാ സയന്‍സ് എന്നിവ പ്രയോജനപ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അഞ്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സുകള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയില്‍ സൗജന്യമായി സ്വയം ( SWAYAM) പ്ലാറ്റ്‌ഫോമിലാണ് കോഴ്‌സുകള്‍ ലഭിക്കുക.
പൈത്തണ്‍ ഉപയോഗിച്ചുള്ള എഐ/എംഎല്‍, ക്രിക്കറ്റ് അനലിറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, അക്കൗണ്ടിങ് എന്നിവ കോഴ്‌സുകളില്‍ ഉള്‍പ്പെടുന്നു. പ്രായോഗികമായ പരിശീലനം കൂടി ഉള്‍പ്പെടുന്ന രീതിയിലാണ് കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ കോഴ്‌സുകള്‍.
പൈത്തണ്‍ ഉപയോഗിച്ചുള്ള എഐ/എംഎല്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിംഗിന്റെയും ആശയങ്ങള്‍ പൈത്തണിലൂടെ പഠിതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നു. ഡാറ്റാ വിഷ്വലൈസേഷന്‍ ടെക്‌നിക്കുകള്‍, ലീനിയര്‍ ആള്‍ജിബ്ര, സ്റ്റാറ്റിസ്റ്റിക്‌സ്, ഒപ്റ്റിമൈസേഷന്‍ ആശയങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പൈത്തണ്‍ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ സയന്‍സ് പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും വിലയിരുത്താനുമുള്ള കഴിവും ഇതിലൂടെ ലഭിക്കും.
എഐ ഉപയോഗിച്ചുള്ള ക്രിക്കറ്റ് അനലിറ്റിക്‌സ്
സ്‌പോര്‍ട്‌സ് അനലിറ്റിക്‌സുമായി ബന്ധപ്പെട്ട കോഴ്‌സില്‍ ക്രിക്കറ്റില്‍ ഡാറ്റാ സയന്‍സ് എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കും. വിവരങ്ങളുടെ ശേഖരണം, അവലോകനം, സ്‌ട്രൈക്ക് റേറ്റ്, BASRA ഇന്‍ഡെക്‌സ് പോലുള്ള പ്രകടനത്തിനെ വിലയിരുത്തുന്ന, സങ്കീര്‍ണ്ണമായ ക്രിക്കറ്റ് ഡാറ്റ പൈത്തണ്‍ ഉപയോഗിച്ച് വിഷ്വലൈസ് ചെയ്യുന്നതാണ് കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കുക.
അധ്യാപകര്‍ക്കുള്ള എഐ
അധ്യാപന രീതി, മൂല്യനിര്‍ണ്ണയം, വിദ്യാര്‍ഥികളുടെ പങ്കാളിത്തം എന്നിവയില്‍ എഐ എങ്ങനെ സംയോജിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരം അധ്യാപകര്‍ക്ക് നല്‍കുന്നു. അധ്യാപനത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിനും പഠനം വ്യക്തിഗതമാക്കുന്നതിനും ക്ലാസ് മുറികളിലെ കുട്ടികളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ അധ്യാപകര്‍ ഇതിലൂടെ പഠിക്കും.
ഫിസിക്‌സില്‍ ഉപയോഗിക്കാവുന്ന എഐ
എക്‌സ്പിരിമെന്റല്‍ ഫിസിക്‌സിനെ എഐ സാങ്കേതികവിദ്യകളുമായി ബന്ധിപ്പിക്കുന്ന കോഴ്‌സാണിത്. മെഷീന്‍ ലേണിംഗിലും ന്യൂറല്‍ നെറ്റ്വര്‍ക്കുകളിലും ഇത് പ്രായോഗിക പരിശീലനം നല്‍കുന്നു, എഐ അടിസ്ഥാനമാക്കിയുള്ള ടൂളുകളും സിമുലേഷനുകളും ഉപയോഗിച്ച് ഫിസിക്‌സിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു.
കെമിസ്ട്രിയില്‍ ഉപയോഗിക്കുന്ന എഐ
സയന്‍സ് വിഷയം പഠിച്ച ബിരുദ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ കോഴ്സ്, മോളിക്യുലാര്‍ പ്രെഡിക്ഷന്‍, റിയാക്ഷന്‍ മോഡലിംഗ്, മരുന്ന് രൂപകല്‍പ്പന തുടങ്ങിയ മേഖലകളിലെ എഐയുടെ ഉപയോഗങ്ങള്‍ പരിചയപ്പെടുത്തുന്നു. പഠിതാക്കള്‍ യഥാര്‍ത്ഥ ഡാറ്റാസൈറ്റുകളില്‍ പ്രവര്‍ത്തിക്കുകയും കെമിസ്ട്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൈത്തണ്‍ അധിഷ്ഠിത സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുകയും ചെയ്യും.
അക്കൗണ്ടിംഗിലെ എഐ
സാമ്പത്തികവും സാങ്കേതികവിദ്യയും ചേരുന്ന ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കോഴ്സ്, ഓട്ടോമേഷന്‍, സാമ്പത്തിക മേഖലകളില്‍ നടക്കുന്ന തട്ടിപ്പ് കണ്ടെത്തല്‍, സാമ്പത്തിക പ്രവചനം, അക്കൗണ്ടിംഗ് രീതികളില്‍ ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കല്‍ എന്നിവയ്ക്കായി എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പഠിപ്പിക്കുന്നു.
ഈ കോഴ്സുകളെല്ലാം സ്വയം (SWAYAM) പോര്‍ട്ടലില്‍ സൗജന്യമായി ലഭ്യമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഈ കോഴ്‌സുകളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളില്‍ ആളുകളുടെ ഡിജിറ്റല്‍ സന്നദ്ധത വളര്‍ത്തുക എന്ന സര്‍ക്കാറിന്റെ തീരുമാനവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ സംരംഭം.
Content Highlights: Ministry of Education launches 5 AI & Data Science courses on SWAYAM platform. Covers Python AI/ML, Cricket Analytics, Physics, Chemistry & Accounting. Free with certification.