IIT കാണ്‍പൂര്‍ ഡയറക്ടര്‍ പ്രഫ.അഭയ് കരണ്‍ദികര്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി

Abhay Karandikar | Photo: IIT Kanpur
Abhay Karandikar | Photo: IIT Kanpur

ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) സെക്രട്ടറിയായി ഐ.ഐ.ടി കാണ്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ.അഭയ് കരണ്‍ദികറിനെ നിയമിച്ചു. മുന്‍ സെക്രട്ടറി എസ്. ചന്ദ്രശേഖര്‍ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തില്‍ ബയോടെക്‌നോളജി വിഭാഗം സെക്രട്ടറി ഡോ.രാജേഷ് ഗോഖലെയ്ക്ക് അധികച്ചുമതല നല്‍കുകയായിരുന്നു ഇതുവരെ. നിയമനത്തിന് ക്യാബിനറ്റിന്റെ അപ്പോയ്ന്‍മെന്റ് കമ്മിറ്റി അംഗീകാരം നല്‍കി 

60 വയസ്സ് തികയുന്നത് വരെയോ ഇനിയൊരു ഉത്തരവുണ്ടാകുന്ന വരെയോ പ്രൊഫ.അഭയ് കരണ്‍ദികര്‍ തസ്തികയില്‍ തുടരുമെന്ന് ശനിയാഴ്ച രാത്രി വൈകി പുറപ്പെടുവിച്ച പേഴ്‌സണല്‍ മിനിസ്ട്രി ഉത്തരവില്‍ പറയുന്നു.

2018-ലാണ് ഐ.ഐ.ടി കാണ്‍പൂര്‍ ഡയറക്ടര്‍ ആയി പ്രൊഫ.അഭയ് കരണ്‍ദികര്‍ ചുമതലയേല്‍ക്കുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കൂടിയാണ് അദ്ദേഹം. ഗ്രാമീണ ഇന്ത്യയിലേക്ക് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ ഭാരത്നെറ്റ് നടത്തിപ്പിന്റെ ഉപദേശകനായും പ്രൊഫ.അഭയ് കരണ്‍ദികര്‍ പ്രവര്‍ത്തിക്കുന്നു. സി-ഡാക്കിനൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ടെലികോം സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യ (TSDSI) ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. 

Content Highlights: Abhay Karandikar-IIT Kanpur director appointed as secretary of department of science and technology