അമ്മയും അമ്മൂമ്മയും മുത്തശ്ശിയും അധ്യാപകരായ വഴിയേ കൊച്ചുമകളും; നാല് തലമുറയുടെ അധ്യാപനജീവിതം

കൊച്ചി: അ.. അമ്മ എന്ന് പറഞ്ഞ് പഠിക്കുമ്പോൾ തന്നെയാണ് വിദ്വൽപ്രഭ അ.. അധ്യാപിക എന്നും പഠിച്ചത്. വിദ്വൽപ്രഭയുടെ അമ്മ സരസ്വതിയമ്മയും ഇതുതന്നെ പഠിച്ചപ്പോൾ മകൾ സൗമ്യയും അതിന്റെ തനിയാവർത്തനമായിരുന്നു. രസകരമായ ഒരു ചിത്രമായി ഈ പഠനം നമ്മുടെ മുന്നിൽ തെളിയുമ്പോൾ അത് നാല് തലമുറയുടെകൂടി കഥയാണ്.
1902-ൽ ജനിച്ച മീനാക്ഷിയമ്മ അധ്യാപികയായപ്പോൾ അതിന്റെ തുടർച്ചയായാണ് മകൾ സരസ്വതിയമ്മയും അവരുടെ മകൾ വിദ്വൽപ്രഭയും അവരുടെ മകൾ സൗമ്യയും അധ്യാപക ജീവിതത്തിലേക്ക് തന്നെയെത്തിയത്. നാല് തലമുറ അധ്യാപകരായ കഥ പറയുമ്പോൾ ഈ അധ്യാപകദിനത്തിൽ വിദ്വൽപ്രഭ ആഗ്രഹിക്കുന്നത് ഒന്നുമാത്രം, “ഞങ്ങളുടെ കുടുംബത്തിൽ ഇനിയും തുടരണം ഈ അധ്യാപക ശോഭ...”
ഇരണിയലിലെ ‘സാറുമാർ’
വിദ്വൽപ്രഭ കന്യാകുമാരിയിലെ ഇരണിയൽ ഗവ. സ്‌കൂളിൽ പഠിക്കുമ്പോൾ അവിടെ അതിന് മുൻപ് രണ്ട് ‘സാറു’മാരുണ്ടായിരുന്നു, അമ്മ സരസ്വതിയമ്മയും അമ്മൂമ്മ മീനാക്ഷിയമ്മയും. “പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾ ഔദ്യോഗിക ജീവിതം നയിക്കുന്നത് വളരെ അപൂർവമായിരുന്നു. അത്തരമൊരു നൂറ്റാണ്ട് പിന്നിട്ട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമായ 1902-ൽ ജനിച്ച എന്റെ അമ്മൂമ്മ മീനാക്ഷിയമ്മയും 1925-ൽ ജനിച്ച അമ്മ സരസ്വതിയമ്മയും പക്ഷേ മാറിച്ചിന്തിച്ചവരായിരുന്നു. സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്നാഗ്രഹിക്കുകയും അതിന് പിന്തുണ നൽകുകയും ചെയ്ത കുടുംബമായതുകൊണ്ടുതന്നെയാണ് അവർ രണ്ടുപേരും അധ്യാപകരായത്. അമ്മൂമ്മ അധ്യാപികയായി വന്ന ഇരണിയൽ ഗവ. സ്‌കൂളിൽ തന്നെയാണ് എന്റെ അമ്മയും അധ്യാപികയായത്. ആ കാലത്ത് അധ്യാപികമാരെയും അധ്യാപകനെപ്പോലെ സാർ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. മീനാക്ഷിയമ്മ സാറും സരസ്വതിയമ്മ സാറും പഠിപ്പിച്ചിരുന്ന ഇരണിയൽ സ്‌കൂളിൽ തന്നെയാണ് ഞാനും പഠിച്ചത്. അമ്മയും അമ്മൂമ്മയും അധ്യാപകരായ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ അവരെപ്പോലെ ഒരു അധ്യാപികയാകണമെന്ന ആഗ്രഹം മൊട്ടിട്ടുണ്ടായിരുന്നു.” വിദ്വൽപ്രഭ അധ്യാപികയായ കഥ പറഞ്ഞു.
മുണ്ടും നേര്യതും
നാല് തലമുറ അധ്യാപകരായ സന്തോഷം പങ്കിടുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹരമായൊരു ചിത്രമേതാണ്? ചോദ്യത്തിന് മലയാളം തുളുമ്പുന്ന ഉത്തരമായിരുന്നു വിദ്വൽപ്രഭയുടേത്. “എന്റെ അമ്മൂമ്മ അധ്യാപികയായിരുന്ന കാലത്ത് അവരുടെ വസ്ത്രധാരണമാണ് ഏറ്റവും രസകരമായി തോന്നിയത്. അമ്മൂമ്മ തന്നെയാണ് എന്നോട് അവരുടെ അധ്യാപകകാലത്തെ വസ്ത്രങ്ങളെപ്പറ്റി പറഞ്ഞുതന്നത്. തനി നാടൻ വേഷത്തിലാണ് അമ്മൂമ്മയും മറ്റ് അധ്യാപകരും എന്നും സ്‌കൂളിലെത്തിയിരുന്നത്. മുണ്ടും നേര്യതും വെള്ളബ്ലൗസുമായിരുന്നു അമ്മൂമ്മയുടെ വേഷം. അത്തരമൊരു വേഷത്തിൽ ഇന്ന് സ്‌കൂളിൽ ഒരധ്യാപിക വരുന്നത് നമുക്ക് സങ്കല്പിക്കാനാകുമോ. അതുപോലെ ഭാഷയോടുള്ള വലിയ ഇഷ്ടവും അന്നത്തെ അധ്യാപകരുടെ മുഖമുദ്രയായിരുന്നു. അതുപോലെ പഠനത്തിൽ പിന്നാക്കമായിരുന്ന കുട്ടികളെ പരീക്ഷയുടെ തലേന്നാൾ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ഭക്ഷണവും മറ്റും നൽകി അവിടെയിരുത്തി പഠിപ്പിക്കുന്ന അധ്യാപകരായിരുന്നു അവരെല്ലാം.” വിദ്വൽപ്രഭ ഓർമ്മകളിലൂടെ സഞ്ചരിച്ചു.
ഇനിയും കഥ തുടരും
തൃപ്പൂണിത്തുറ സ്വദേശിയായ വിദ്വൽപ്രഭ പനങ്ങാട് ഹിറാ പബ്ലിക് സ്‌കൂളിൽ നിന്നാണ് പ്രിൻസിപ്പലായി വിരമിച്ചത്. അമ്മയും അമ്മൂമ്മയും അധ്യാപകരായിരുന്നുവെന്ന അഭിമാനമുണ്ടായിരുന്ന വിദ്വൽപ്രഭ അതുകൊണ്ടുതന്നെ ഏകമകൾ സൗമ്യാ അനൂപിനെയും ആ രംഗത്തേക്ക് തന്നെയാണ് വഴിതിരിച്ചുവിട്ടത്. “എന്റെ മകൾ സൗമ്യ എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ അധ്യാപികയായിരുന്നു. നമുക്കെല്ലാം ഈ ലോകത്ത് ജീവിക്കാൻ ഓരോരോ തൊഴിലുകളുണ്ട്. എന്നാൽ അധ്യാപനം എന്നത് ഒരു തൊഴിലിനപ്പുറം ഒരുപാട് അർഥങ്ങളും ആഴങ്ങളുമുള്ള ഒന്നാണ്. ഞങ്ങളുടെ നാല് തലമുറയിലെ സ്ത്രീകൾ അധ്യാപന രംഗത്തേക്ക് കടന്നുവന്നതിനും മറ്റൊരു കാരണം തേടേണ്ടതില്ല. അമ്മയും അമ്മൂമ്മയും മുത്തശ്ശിയും അധ്യാപകരായ വഴിയിൽ സഞ്ചരിക്കാൻ ഇഷ്ടമാണെന്ന് മോൾ പറഞ്ഞതാണ് എന്റെ ജീവിതത്തിലെ ധന്യമായ നിമിഷങ്ങളിലൊന്ന്. ഇന്ന് ഈ അധ്യാപക ദിനത്തിൽ എന്റെ മനസ്സിലും ഏറ്റവും വലിയ സന്തോഷവും പ്രതീക്ഷയും അതുതന്നെയാണ്... ഇനിയും കഥ തുടരും”.
Content Highlights: Discover the remarkable story of four generations of women teachers, highlighting their enduring impact on education and their shared passion for teaching.