അനുഭവചരിത്രം പറയുന്ന സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്

#ഡോ. ടിന്റു കെ. ജോസഫ്

സ്ഥാപനങ്ങൾക്ക് ചരിത്രം പറയാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ ഏതെല്ലാം മാധ്യമങ്ങൾ വഴിയാണ് അവ ചരിത്ര വക്താക്കളാവുന്നത്? കലാലയം എന്ന വിദ്യാഭ്യാസ സ്ഥാപനം മറ്റ് സ്ഥാപനങ്ങളുമായി താരതമ്യപ്പെടുമ്പോൾ കുറച്ചുകൂടി സമൂഹവുമായി ജൈവികമായി ചേർന്ന് നിൽക്കുന്ന, സമൂഹത്തിന്റെ ഭാഗമായ തലമുറകളെ വാർത്തെടുക്കുന്നതിൽ പരിശീലനം നൽകുന്ന സങ്കേതമാണ്. ഒരു കലാലയത്തിന്റെ ചരിത്രം ആ കലാലയം നിലനിൽക്കുന്ന നാടിന്റെയും കലാലയത്തിന്റെ ഭാഗമായ വിദ്യാർഥികളുടെയും സർവ്വോപരി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെയും കൂടി ചരിത്രമാണ്. ആ അർത്ഥത്തിൽ 'സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്: അനുഭവചരിത്രം' എന്ന കൃതി സ്ഥാപനചരിത്ര രീതിശാസ്ത്രത്തിന്റെ പല മാനദണ്ഡങ്ങളെയും സംബോധന ചെയ്യുന്നുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഗുരുവായൂരപ്പൻ കോളേജിനെക്കുറിച്ചുള്ള ഓർമ്മകളുടെ, അനുഭവങ്ങളുടെ, വികാരങ്ങളുടെ ചരിത്രം കലർന്ന കുറിപ്പുകളാണ് ഈ ബൃഹത്കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓർമ്മകളെയും അനുഭവങ്ങളെയും ചരിത്രമെന്ന ജ്ഞാനപീഠിക/വൈജ്ഞാനിക ശാഖയുടെ പ്രധാന ഘടകമായി മനസ്സിലാക്കാൻ കഴിയുമോ എന്ന ചോദ്യം ചരിത്രരചനാശാസ്ത്ര മേഖലയിൽ കാലാകാലങ്ങളായുള്ള തർക്കമാണ്.

ചരിത്രരചന ആത്മനിഷ്ഠതയിൽനിന്ന് വിമുക്തമാക്കപ്പെട്ട് വസ്തുനിഷ്ഠതയിൽ ഊന്നിയുള്ളതാകണമെന്ന ആശയം ശാസ്ത്രീയ ചരിത്രരചനയുടെ അടിസ്ഥാനഘടകമായി പലപ്പോഴും കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഓർമ്മകളും അനുഭവങ്ങളും വികാരങ്ങളും ചരിത്രരചനാ സങ്കേതത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഫ്രാൻസിൽ ഉദയം ചെയ്ത മൂന്നാം തലമുറ അനാൽ ചരിത്രകാരർ ഓർമ്മകളുടെ ചരിത്രം എന്ന വീക്ഷണത്തിന് പ്രാധാന്യം നൽകികൊണ്ട് ചരിത്രം എഴുതി. ഓർമകൾ ചരിത്രരചനയുടെ പ്രധാന ഭാഗമായിമാറി. ഓരോ കലാലയത്തിന്റെയും ചരിത്രം ഓർമകളുടെ ചരിത്രം കൂടിയാണ്. കലാലയത്തിൽ നിന്ന് പടിയിറങ്ങിയ പൂർവ്വ വിദ്യാർഥികളും പൂർവ്വ അദ്ധ്യാപക-അനദ്ധ്യാപകരും മനസ്സിൽനിന്ന് പടിയിറക്കാത്ത ഒന്നാണ് അവർ ഭാഗമായ സ്ഥാപനത്തെക്കുറിച്ചുള്ള ഓർമകൾ. ഓർമകളെ ചരിത്രവത്കരിക്കുന്ന പ്രക്രിയ അക്കാദമികമായി ഉപയുക്തമാക്കേണ്ടത് സ്ഥാപനചരിത്രരചനയുടെ ഒരു പ്രധാന ഭാഗംതന്നെയാണ്. മേൽപറഞ്ഞ സമീപനത്തിൽനിന്ന് ചിന്തിക്കുമ്പോൾ ഈ കൃതി ഓർമകളെ കൂട്ടുപിടിച്ചുകൊണ്ട് ചരിത്രത്തെ പുനഃസൃഷ്ടിക്കാനുള്ള വേദി ഒരുക്കുന്നുണ്ട്.

1877-ൽ സ്ഥാപിക്കപ്പെട്ട ഈ കോളേജിൽ ഒന്നര നൂറ്റാണ്ടിന്റെ ഓർമകൾ നിലനിൽക്കുന്നു. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ, ദേശീയ പ്രസ്ഥാനം, രണ്ട് ലോകമഹായുദ്ധങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യം തുടങ്ങി അനേകം ചരിത്രസംഭവങ്ങളുടെ സ്വാധീനത്തെ നേരിട്ടും അല്ലാതെയും അനുഭവിച്ചറിഞ്ഞ കലാലയമാണിത്. കോളേജ് സ്ഥാപിതമാകുന്നത് 1877-ൽ ആണെങ്കിലും 14-15 നൂറ്റാണ്ടുകളിൽ മലബാറിലെ സാമൂതിരി ഭരണകാലത്ത് നടന്ന വൈജ്ഞാനിക പ്രക്രിയയുടെ തുടർച്ചയായാണ് കലാലയത്തിന്റെ ചരിത്രത്തെ നോക്കിക്കാണേണ്ടത്. കോഴിക്കോട് സാമൂതിരി ഭരണകാലത്ത് വിവിധ മത വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന സാംസ്‌കാരിക വിനിമയങ്ങൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ വൈവിധ്യത്തെ വളർത്തുകയും ഈ പ്രദേശത്തെ ഒരു സാംസ്‌കാരിക കേന്ദ്രമാക്കി തീർക്കുകയും ചെയ്തു. അക്കാലത്തെ മത സാംസ്‌കാരിക സംയോജനത്തിന്റെ വികസിത രൂപം ആധുനിക കാലത്തെ കലാലയത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തെളിഞ്ഞുകാണാം.

1877-ൽ സ്ഥാപിക്കപ്പെടുമ്പോൾ കലാലയത്തിന്റെ പേര് 'വിദ്യാശാല' എന്നായിരുന്നു. പിന്നീട് 1900-ൽ ആണ് കേരള വിദ്യാശാല സാമൂതിരി കോളേജ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുന്നത്. കേരളം എന്ന സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് ഏകദേശം എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് 'കേരളം' എന്ന പദം പേരിൽ ഉൾക്കൊണ്ട വിദ്യാകേന്ദ്രമാണ് ഈ കലാലയം. കേരളത്തിന്റെ തനതായ ദേശീയതയെ 150 വർഷങ്ങൾക്കുമുമ്പ് സ്വന്തം പേരിനോടുചേർത്ത ഈ വിദ്യാഭ്യാസ സ്ഥാപനം ആധുനിക മലയാളി സ്വത്വത്തിന്റെ ആദ്യകാല ആവിർഭാവ ചരിത്രത്തെ മനസ്സിലാക്കുന്നതിന് ഉത്തമ ഉദാഹരണമാണ്. 1877-78-ൽ സാമൂതിരി കുടുംബത്തിലെ ഇരുപതോളം ആൺകുട്ടികൾക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ഈ വിദ്യാകേന്ദ്രം ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിദ്യാർഥികൾക്കായി തൊട്ടടുത്ത വർഷം തന്നെ (1878-79) തുറക്കപ്പെട്ടു. ഈഴവ/തിയ്യ സമുദായത്തിൽപ്പെട്ട വിദ്യാർഥികളും ആദ്യഘട്ടത്തിൽത്തന്നെ കലാലയത്തിൽ പ്രവേശനം നേടിയിരുന്നു. എന്നാൽ സാമൂഹിക ഘടനയിൽ ഏറ്റവും താഴെത്തട്ടിലുള്ള ചൂഷിതജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി കലാലയത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നത് 1940-കളിൽ മാത്രമാണ്. ജാതികേന്ദ്രീകൃത സമൂഹത്തിൽനിന്ന് ആധുനിക മൂല്യങ്ങളെ ഉൾക്കൊള്ളുന്ന സമൂഹത്തിലേക്കുള്ള ഈ പരിവർത്തനം അന്നത്തെ കേരളത്തിൽ നിലനിന്ന ജാതികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിച്ഛേദമായിത്തന്നെ കണക്കാക്കാവുന്നതാണ്. കൊളോണിയൽ ഭരണത്തിൽനിന്ന് ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള പരിണാമത്തിന്റെ ചരിത്രവും ഉൾക്കൊള്ളുന്ന സ്ഥാപനമാണ് ഈ കലാലയം. കോളേജുമായി ചേർന്നുനിൽക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും മുൻ അധ്യാപകരും അനധ്യാപക ജീവനക്കാരും ചേർന്നെഴുതിയ ചരിത്രം ഉൾക്കൊള്ളുന്ന ഓർമ്മകളാണ് ഈ കൃതിയുടെ പ്രധാന ഭാഗം. പ്രഗത്ഭരായ വിദ്യാർഥികളുടെ കലാലയ സ്മരണകൾ, പിൽക്കാല ജീവിതനേട്ടങ്ങൾ അടങ്ങുന്ന രചനകൾ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്രനിർമാണത്തിലും പങ്കാളികളായ പൂർവ്വ വിദ്യാർഥികളെ കുറിച്ചുള്ള ലേഖനങ്ങൾ എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ചരിത്രരചനാ സങ്കേതങ്ങളെ മുൻനിർത്തി വിശകലനം ചെയ്യുമ്പോൾ ഈ കൃതിയിലെ ശ്രദ്ധേയമായ ഭാഗം ഡി.ഡി. നമ്പൂതിരി എഴുതിയ ഇതിന്റെ അവതാരികയാണ്. ചരിത്രരചനാ രീതിയും രീതിശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ട് എഴുതിയ ഈ അവതാരികയിൽ സാമൂതിരി കോളേജിന്റെ ചരിത്രം തെളിഞ്ഞുകാണാം. പൊതുവർഷം ഒൻപതാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടുവരെയുള്ള ബൃഹത്തായ കാലഘട്ടത്തിലുള്ള അന്നത്തെ മലബാർ ഭൂഭാഗത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിലെ പ്രധാന ഏടുകൾ പരാമർശിച്ചുകൊണ്ട് അവയെ കോളേജിന്റെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന രീതി പിന്തുടരുന്ന അവതാരിക അതിന്റെ ഉള്ളടക്കംകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ കാതലാണെന്ന് പറയാം.

നാല് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ 'ആദരപൂർവ്വം' എന്ന ആദ്യഭാഗത്തുള്ളത് അന്താരാഷ്ട്ര തലത്തിൽ പ്രാഗൽഭ്യം തെളിയിച്ച, അന്തരിച്ച വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അനുസ്മരണങ്ങളാണ്. രണ്ടാം ഭാഗമായ 'സ്മൃതി'യിൽ പൂർവ വിദ്യാർത്ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും ലേഖനങ്ങൾ ചേർത്തിരിക്കുന്നു. 'അക്കാദമികം' എന്ന മൂന്നാം ഭാഗത്ത് കല, ശാസ്ത്രം, സാഹിത്യം, ദർശനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ലേഖനങ്ങളാണുള്ളത്. നാലാം ഭാഗമായ 'യവനിക'യിൽ ഉൾച്ചേർത്തിട്ടുള്ളത് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിന്റെ കലാലയ അനുഭവങ്ങളിലെ ചില സവിശേഷ സന്ദർഭങ്ങളാണ്. ഈ കൃതിയിലെ ലേഖനങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള വ്യക്തിഗത അനുഭവങ്ങളിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഒരു കഥാപാത്രമായി വരുന്നുണ്ടെങ്കിലും ഭൂരിഭാഗം ലേഖനങ്ങളുടെയും കേന്ദ്രസ്ഥാനം കോളേജ് അല്ല, മറിച്ച് ലേഖനങ്ങളിൽ പ്രതിപാദിക്കുന്ന പ്രഗത്ഭ വ്യക്തിത്വങ്ങളാണ്. അതുകൊണ്ടുതന്നെ കോളേജുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങളുടെ ആത്മകഥാപരമായ ഓർമക്കുറിപ്പുകളുടെ ചരിത്രമാണ് ഈ പുസ്തകം. ഓരോ വർഷവും ധാരാളം വിദ്യാർഥികൾ പ്രവേശനം നേടുകയും കടന്നുപോകുകയും ചെയ്യുന്ന വിദ്യാകേന്ദ്രമാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന കലാലയത്തിന്റെ ഓർമ്മകൾ പേറുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ ഓരോരുത്തർക്കും സ്ഥാപനത്തെക്കുറിച്ച് ഓരോ ചരിത്ര വീക്ഷണങ്ങൾ കാണും. ഈ കലാലയത്തിന്റെ ഭാഗമായ അദ്ധ്യാപകരും അനദ്ധ്യാപകരും ഇതേരീതിയിൽ വിദ്യാസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്ര ഉറവിടങ്ങളായി മാറുന്നുണ്ട്. ചുരുക്കത്തിൽ ആയിരക്കണക്കിന് ചരിത്ര വീക്ഷണങ്ങളുടെ ആകെത്തുകയാണ് ഈ കോളേജിന്റെ ചരിത്രം. ഈ ചരിത്ര വീക്ഷണങ്ങളിൽ ചിലതിനെ ഒരുമിച്ചുചേർത്ത് വ്യാഖ്യാനിക്കാനുള്ള ശ്രമം ഈ കൃതിയിൽ തെളിഞ്ഞുകാണാം. സ്ഥാപന ചരിത്ര രചനയുടെ ഒരു പ്രധാന പരിമിതി അത് പ്രസ്തുത സ്ഥാപനത്തെ പൂർണമായി മഹത്വവത്കരിക്കുന്നു എന്നതാണ്. ഒരു സ്ഥാപനത്തിന്റെ നേട്ടങ്ങൾക്കും മികവുകൾക്കും മേന്മകൾക്കും മാത്രമായിരിക്കും ഇത്തരം എഴുത്തിൽ പ്രാധാന്യം കൊടുക്കുന്നത്. സ്ഥാപനം നേരിട്ട വെല്ലുവിളികളേയും പ്രശ്നങ്ങളേയും മനപൂർവ്വമോ അല്ലാതേയോ തിരസ്‌കരിച്ചു കൊണ്ടുള്ളതായിരിക്കും അത്തരം ചരിത്ര രചന.

കലാലയം എന്ന ഉന്നത വിദ്യാകേന്ദ്രത്തിന്റെ ചരിത്രമെഴുത്തിലും ഈ വെല്ലുവിളി ശക്തമായിത്തന്നെ കാണാം. അതിന്റെ പ്രധാന കാരണം ലഭ്യമായ ചരിത്ര ഉറവിടങ്ങളും പ്രമാണങ്ങളുമാണ്. അതുകൊണ്ടുതന്നെ വിമർശനാത്മകവും ശാസ്ത്രീയവുമായ ചരിത്രം സാമൂതിരി ഗുരുവായൂരപ്പൻ കോളേജിനെ മുൻനിർത്തി രചിക്കാനുള്ള ഒരു പ്രധാനപ്പെട്ട ഉറവിടമായി ഈ കൃതിയെ കാണാം. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ഓക്സ്ഫോർഡ് പരിഷ്‌കർത്താവായ മാർക്ക് പാറ്റിസൺ സർവകലാശാലകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''സർവകലാശാലകൾ ചില പ്രത്യേക ഉപജീവന മാർഗങ്ങൾ നേടുന്നതിനായി മനുഷ്യരെ ഒരുമിപ്പിക്കുന്ന ഇടമല്ല. അവയുടെ ലക്ഷ്യം മനസ്സിനെ സംസ്‌കരിക്കുകയും ബൗദ്ധികതയെ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്.'' എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായ അഭിപ്രായപ്രകടനമാണിത്. വിദ്യാഭ്യാസ ചിന്തകനായ ന്യൂമാൻ സർവകലാശാലകളെ കണ്ടത് വ്യക്തിഗത ലക്ഷ്യങ്ങളേക്കാൾ സാമൂഹിക ലക്ഷ്യങ്ങളും നിറവേറ്റുന്നതിനുള്ള സ്ഥാപനങ്ങളായാണ്. മികച്ച ലോകത്തെ സൃഷ്ടിക്കുന്നതിനുള്ള മികച്ച മനുഷ്യരെ വാർത്തെടുക്കാനുള്ള ഇടമായാണ് അദ്ദേഹം ഈ സ്ഥാപനങ്ങളെ വിവക്ഷിച്ചത്. ഒരു സർവകലാശാല, അത് എത്ര പ്രയോജനപ്രദമായാലും, മൗലികമായ സത്യത്തിനും സൗന്ദര്യത്തിനും മനുഷ്യ മനസ്സിന്റെ സംസ്‌കരണത്തിനും വേണ്ടിയുള്ള പരമായ അന്വേഷണം എന്ന അതിന്റെ ആദർശം നഷ്ടപ്പെടുത്തിയാൽ, അതിന് നിലനിൽപ്പില്ല എന്നും അദ്ദേഹം വീക്ഷിച്ചു. കോളേജുകൾ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ന്യൂമാന്റെ ഈ നിരീക്ഷണത്തിൽ വ്യക്തമായും ഉൾപ്പെടുത്താവുന്നതാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനം കുടുംബം എന്ന ചുരുക്കപ്പെട്ട സംരക്ഷിത/അരക്ഷിത ഇടത്തിൽനിന്ന് പുറത്തുവരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു, വിശാലമായ സമൂഹത്തോട് സംവദിക്കാനും സാമൂഹിക ബന്ധങ്ങളുടെ സങ്കീർണ്ണ ശൃംഖലകളുമായി ഇടപഴകാനും അവർക്ക് വേദിയൊരുക്കുന്നു. മാത്രവുമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ പരിമിതികൾക്കകത്തുനിന്നുകൊണ്ടുതന്നെ സംഘടിതമായി പ്രവർത്തിക്കാനും സർഗ്ഗാത്മകതയെ പോഷിപ്പിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കുന്നു. ഈ ആശയങ്ങളിലൂന്നിയുള്ളതാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിനെക്കുറിച്ചുള്ള ഈ കൃതിയിലെ ഭൂരിഭാഗം ലേഖനങ്ങളും. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹം എന്നും ഈ കലാലയ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. സാംസ്‌കാരിക കേന്ദ്രങ്ങളായ ഗുരുവായൂരപ്പൻ കോളേജ് പോലുള്ള ഓരോ കലാലയവും വ്യതിരിക്തമായ സംസ്‌കാരം ഉൾക്കൊള്ളുന്നതിനോടൊപ്പം അവയെ പൊതുസമൂഹത്തിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒറ്റപ്പെട്ട തുരുത്തുകളായി നിലനിൽക്കാതെ സമൂഹത്തെ സാംസ്‌കാരികവത്കരിക്കേണ്ട ചുമതലയും ബാധ്യതയും ഉൾക്കൊണ്ട് ജ്ഞാനപ്രസരണകേന്ദ്രങ്ങളായി മാറേണ്ടതുണ്ട് എന്ന് ഈ കൃതി ഉറപ്പിക്കുന്നു.

(മാന്നാനം കെ.ഇ. കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights: Comprehensive analysis of Guruvayurappan College's 150-year journey., Explores the intersection of institutional history and personal memories., Traces the college's role in Kerala's social reform and nationalist movements., Evaluates the transition from elite access to inclusive education in the 1940s., Provides a scholarly review of the college’s cultural and intellectual impact.