സമ്മർദങ്ങളും വെല്ലുവിളികളും നേരിടുന്ന അധ്യാപകർ, അധ്യാപനത്തിനുപുറമെ അടിച്ചേൽപ്പിക്കപ്പെടുന്ന ചുമതലകൾ

സമൂഹത്തിന് അറിവിന്റെ വെളിച്ചം പകരുന്നവരെ ആദരിക്കുന്ന ദിനമായാണ് സെപ്റ്റംബർ 5 ആചരിക്കപ്പെടുന്നത്. അധ്യാപകന്റെ മഹത്വവും സമൂഹനിർമാണത്തിലുള്ള പങ്കും ഓർമപ്പെടുത്തുന്ന ഈ ദിനത്തിൽ, അധ്യാപകർ നേരിടുന്ന തൊഴിൽപരമായ വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്. അറിവ് പകർന്നുനൽകുക മാത്രമല്ല, സംസ്കാരസമ്പന്നവും ഉത്തരവാദിത്തബോധമുള്ളതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയെന്ന മഹത്തായ ദൗത്യവും അധ്യാപകരുടേതാണ്. പുതിയ കാലത്ത് ഈ ദൗത്യം നിർവഹിക്കുന്ന അധ്യാപകർ തന്നെ നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും നേരിടുകയാണ്.
ന്യൂജെൻ വിദ്യാർഥികളുടെ മാറിയ പഠനശീലങ്ങളും സാമൂഹിക സാഹചര്യങ്ങളും സാങ്കേതികവിദ്യയുടെ അമിതമായ സ്വാധീനവും അധ്യാപകർക്കു മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇവയെ നേരിടാൻ കൂടുതൽ സമയം, സ്വാതന്ത്ര്യം, പരിശീലനം, മാനസിക പിന്തുണ എന്നിവ ആവശ്യമാണ്
എന്നാൽ അധ്യാപനത്തിനുപുറമെ വിവിധ സർക്കാർ ഡ്യൂട്ടികളും സർവേകളും കണക്കെടുപ്പുകളും തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഔദ്യോഗിക ചുമതലകളും അധ്യാപകരുടെ മേൽ അമിതമായി അടിച്ചേൽപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്.
വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ തമ്മിൽ ആവശ്യമായ ഏകീകരണമില്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം പല പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വരുന്നു. അതിന്റെ അധികഭാരം ഒടുവിൽ അധ്യാപകരിലേക്കാണ് എത്തുന്നത്. അധ്യാപനത്തിനായി വിനിയോഗിക്കേണ്ട വിലപ്പെട്ട സമയം ഇത്തരം ജോലികൾക്കായി മാറ്റിവെക്കേണ്ടിവരുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെയും അധ്യാപകന്റെ തൊഴിൽ സംതൃപ്തിയെയും പ്രതികൂലമായി ബാധിക്കുന്നു.
തൊഴിലിന്റെ ഗുണമേന്മ ഉറപ്പാക്കണമെങ്കിൽ അധ്യാപകന് തന്റെ അഭിരുചിക്കും കഴിവിനും അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അനിവാര്യമാണ്.
വിദ്യാലയ പുരോഗതിക്കും കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽവരെ അനാവശ്യ സമ്മർദ്ദങ്ങളും ചിലപ്പോഴുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളും ഭരണപരമായ നിയന്ത്രണങ്ങളും അധ്യാപകരുടെ ആത്മവിശ്വാസത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ബാധിക്കുന്നു. അധ്യാപകനെ വെറും നിർദേശങ്ങൾ നടപ്പാക്കുന്ന ജീവനക്കാരനായി കാണാതെ, വിദ്യാഭ്യാസ രംഗത്തെ പ്രൊഫഷണലായി അംഗീകരിക്കേണ്ട കാലമാണിത്.
അധ്യാപകരുടെ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും വിദ്യാലയങ്ങളിൽ പരീക്ഷിക്കാനും നടപ്പാക്കാനും ആവശ്യമായ സ്വാതന്ത്ര്യം നൽകണം. പരാജയപ്പെടുമോ എന്ന ഭയമല്ല, പുതുമ പരീക്ഷിക്കാനുള്ള ആത്മവിശ്വാസമാണ് വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നത്. അതിന് ഭരണകൂടങ്ങളുടെ പിന്തുണയും വിദ്യാലയതലത്തിലുള്ള പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പാക്കണം.
അധ്യാപകർ ആവശ്യപ്പെടുന്നത് ആനുകൂല്യങ്ങൾ മാത്രമല്ല; അർഹമായ തൊഴിൽസുരക്ഷയും മാന്യതയും പ്രവർത്തനസ്വാതന്ത്ര്യവും കൂടിയാണ്. അധ്യാപകന്റെ മനസ്സ് സുരക്ഷിതമാകുമ്പോഴാണ് ക്ലാസ് മുറി സർഗാത്മകമാകുന്നത്. ക്ലാസ് മുറി സർഗാത്മകമാകുമ്പോഴാണ് ഒരു മികച്ച സമൂഹം രൂപപ്പെടുന്നത്. അതുകൊണ്ട് അധ്യാപകരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുന്നത് അധ്യാപകരുടെ മാത്രം ആവശ്യമല്ല; അത് സമൂഹത്തിന്റെ ഭാവിയോടുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്.
(SCERT പാഠ പുസ്തക നിർമാണ സമിതി അംഗവും കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ്. ഹൈസ്കൂൾ വിഭാഗം അധ്യാപകനുമാണ് ലേഖകൻ )
Content Highlights: Teachers day calls for educational reforms, advocating for teacher empowerment, freedom to innovate, and recognition as professionals in the education sector.