ബാങ്ക് ഗാരന്റി സമര്‍പ്പിക്കാത്ത കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കി

കോഴിക്കോട്:ബാങ്ക് ഗാരന്റി സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് പുറത്താക്കിയതായി പരാതി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് തുടങ്ങി ആഴ്ചകള്‍ക്കകം ഈ ദുരനുഭവം. 15 ദിവസത്തിനുള്ളില്‍ ഗാരന്റി കെട്ടണമെന്ന നിര്‍ദേശം പാലിക്കാനാകാത്ത മുപ്പതോളം പേരെ തിങ്കളാഴ്ച ഉച്ചയോടെ ക്ലാസില്‍നിന്ന് പുറത്താക്കിയെന്നാണ് പരാതി.എത്രയും വേഗം ബാങ്ക് ഗാരന്റി നല്‍കാമെന്ന ഉറപ്പിന്മേല്‍ ചില കുട്ടികള്‍ ക്ലാസില്‍ തിരികെ കയറി. എന്നാല്‍, ഇതിന് കഴിയാത്ത വിദ്യാര്‍ഥികള്‍ കോഴ്‌സ് തുടരനാകുമോയെന്ന ആശങ്കയോടെ വീടുകളിലേക്ക് തിരികെ പോയി. ആറ് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമോ, അത്രയും മൂല്യം വരുന്ന വസ്തുവിന്മേലുള്ള പണയം നല്‍കുകയോ മൂന്നാമതൊരാളുടെ വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ് സമര്‍പ്പിക്കുകയോ ചെയ്യാതെ ബാങ്ക് ഗാരന്റി ലഭിക്കില്ല. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഇത് പ്രയാസകരമാണെന്നതിനാല്‍, പഠനം തുടരനാകുമോയെന്ന ആശങ്കയിലാണ് കുട്ടികള്‍.സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസിന് ഗാരന്റി നല്‍കുന്നതിന് സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും, വലിയ തുക നിക്ഷേപിച്ചും മൂന്നാമതൊരാളുടെ ആധാരത്തിന്റെ പകര്‍പ്പ് സമര്‍പ്പിച്ചും ബാങ്ക് ഗാരന്റി നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയതാണെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ 11-നാണ് എം.ബി.ബി.എസ്. ഒന്നാം വര്‍ഷ ക്ലാസുകള്‍ തുടങ്ങിയത്. ആദ്യവര്‍ഷത്തെ ഫീസിനുള്ള ചെക്കിനുപുറമേ, വരും വര്‍ഷങ്ങളിലേക്കുള്ള ഫീസിന്റെ ചെക്കുകൂടി മുന്‍കൂര്‍ വാങ്ങിയതായും കോളേജിനെതിരേ പരാതിയുണ്ട്. വരുംവര്‍ഷത്തേക്കുള്ള ഫീസിന് മുന്‍കൂര്‍ ചെക്ക് വാങ്ങുന്നത് തലവരിപ്പണമായി പരിഗണിക്കുമെന്ന രാജേന്ദ്ര ബാബു കമ്മിറ്റിയുടെ ഉത്തരവ് നിലനില്‍ക്കെയാണിത്.


VIEW ON mathrubhumi.com