എന്‍ജിനീയറിങ്ങിന്‌ കിരീടമായി തൃശൂരിന്റെ 60 വര്‍ഷങ്ങള്‍

By: ജി. രാജേഷ് കുമാര്‍
തൃശ്ശൂരിന്റെ അഭിമാനമായ ഗവ. എൻജിനീയറിങ് കോളേജ് 60 വയസ്സ് പൂര്‍ത്തിയാക്കുന്നു.​.1957 മുതൽ തൃശ്ശൂരിൽനിന്ന്‌ എൻജിനീയറിങ്ങിന്റെ പാഠങ്ങൾ ഉയർന്നുകേട്ടു. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ, അഗ്നി മിസൈൽ പ്രോജക്ട് ഡയറക്ടർ ഡോ. ടെസ്സി തോമസ്, വി.എസ്.എസ്.സി.മുൻ ഡയറക്ടർ എം.സി. ദത്തൻ, റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ ലീലാധർ തുടങ്ങിയവരിലൂടെ തൃശ്ശൂർ എൻജിനീയറിങ് കോളേജിന്റെ പെരുമ പെരുമ്പറ കൊട്ടി...
പാന്റ്‌സ്‌ ഇട്ട് എൻജിനീയറിങ് പഠനോപകരണമായ ടി-സ്‌ക്വയറും പിടിച്ച് 1962-ൽ രാമവർമപുരത്തുകൂടെപ്പോയിരുന്ന വിദ്യാർഥികൾ അന്ന് നാട്ടുകാർക്കൊരു പുത്തൻ കാഴ്ചയായിരുന്നു. എൻജിനീയറിങിനു പഠിക്കുന്ന അവരെല്ലാം നാട്ടുകാരുടെ കാഴ്ചപ്പാടിൽ ബഹുമിടുക്കന്മാരായിരുന്നു.
കണക്കിന് നൂറിൽ നൂറും കിട്ടുന്നവർക്ക് പഠിക്കാനുള്ള സ്ഥലം എന്നൊക്കെയേ അന്നത്തെ സാധാരണക്കാർക്ക് എൻജിനീയറിങ് വിദ്യാഭ്യാസത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. കേരളത്തിനു മൊത്തം അഭിമാനമായി അന്നത്തെ ആ 'പഠിക്കാനുള്ള സ്ഥലം' ഗവ.എൻജിനീയറിങ് കോളേജായി പടർന്നു പന്തലിക്കുകയായിരുന്നു.
1958-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഇട്ട തറക്കല്ലിൽ തൃശ്ശൂരിന്റെ അഭിമാനസ്തംഭമാണ് ഉയർന്നത്. 1962-ൽ മുഖ്യമന്ത്രി പട്ടംതാണുപിള്ള ഉദ്ഘാടനം ചെയ്ത കോളേജ് ഇപ്പോൾ അറുപതാണ്ട് പിന്നിട്ട് വിശാലമായ കാമ്പസായി മാറി.
തുടക്കം ചെമ്പൂക്കാവിൽ
1957-ലാണ് കോളേജ് തുടങ്ങിയത്. ടൗൺഹാളിനു പിന്നിലെ ഒരു കെട്ടിടത്തിൽ(ഇപ്പോഴത്തെ ജൂനിയർ ടെക്‌നിക്കൽ സ്‌കൂൾ) ക്ലാസുമുറി സജ്ജമാക്കി. പ്രീ-യൂണിവേഴ്‌സിറ്റിക്ക് ഉയർന്ന മാർക്കുനേടിവർക്ക് പ്രവേശനം. മെക്കാനിക്കൽ, സിവിൽ, ഇലക്‌ട്രിക്കൽ എന്നീ ശാഖകൾക്കാണ് അനുമതി കിട്ടിയത്. ആദ്യവർഷം പ്രീ-പ്രൊഫഷണൽ എന്നൊരു കോഴ്‌സാണ്. അതായത് എൻജിനീയറിങ് പഠനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്ന പഠനം. 58 മുതൽ ശരിക്കുമുള്ള കോഴ്‌സുകളിലേക്ക് കടന്നു.
അന്ന് എൻജിനീയറിങ് എന്നാൽ പ്രിയം സിവിലിനായിരുന്നു. എല്ലാവരുടെയും മോഹം സിവിൽ പാസായി പൊതുമരാമത്തുവകുപ്പിൽ ജോലിക്കു കയറുകയായിരുന്നു ആ തിരക്കിനു പിന്നിൽ. സിവിലിനു പ്രവേശനം കിട്ടാത്തവർ മെക്കാനിക്കലിനു ചേർന്നു. മെക്കാനിക്കലും കഴിഞ്ഞായിരുന്നു ഇലക്‌ട്രിക്കലിന്റെ സ്ഥാനം. ആദ്യബാച്ചിൽ ഇലക്‌ട്രിക്കലിനു ചേരാൻ കുട്ടികളുണ്ടായിരുന്നില്ല. പ്രാക്‌ടിക്കൽ ക്ലാസുകൾ നടന്നിരുന്നത് അടുത്തുള്ള മഹാരാജാ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. അറുപതുകളിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് തുടങ്ങിയപ്പോൾമുതൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന്‌ തൃശ്ശൂർ എൻജിനീയറിങ് കോളേജിലും പ്രിയം കൂടി വന്നു.ആദ്യ അധ്യാപകൻ ഇവിടെയുണ്ട്
ഡോ.എം.ആര്‍.ശ്രീധരന്‍ നായര്‍
ഡോ.എം.ആർ. ശ്രീധരൻനായരിലൂടെ ഈ കോളേജിന്റെ ചരിത്രം വായിച്ചെടുക്കാം. 1957-ൽ കോളേജ് തുടങ്ങാൻ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് വന്ന അഞ്ചുപേരിൽ ഒരാളാണ് അദ്ദേഹം. ആദ്യ പ്രിൻസിപ്പൽ പ്രൊഫ. രാജാറാം, ഡോ. ഗിരിജാവല്ലഭൻ, പ്രൊഫ.വി.എസ്. മാത്യു, പ്രൊഫ. എം.പി. മാത്യു എന്നിവരാണ് മറ്റുള്ളവർ. കൊട്ടാരക്കര തലവൂർ സ്വദേശിയായ ശ്രീധരൻനായർ കോളേജ് അധ്യാപകനായി വന്നതോടെ തൃശ്ശൂർ സ്വദേശിയായി മാറുകയായിരുന്നു.
വിയ്യൂരിലെ കൈലാസ് വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് ഈ എൺപത്തിമൂന്നുകാരനായ എൻജിനീയർ. 1959-ൽ ശ്രീധരൻനായരും ഗിരിജാവല്ലഭനും അമേരിക്കയിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദപഠനത്തിനു പോയി. 1960-ൽ ഇവർ തിരിച്ചുവന്നപ്പോഴേയ്ക്കും രാമവർമപുരത്ത് കരിങ്കല്ലിൽ കെട്ടിടം ഉയർന്നു കഴിഞ്ഞിരുന്നു. അധ്യാപകരുടെയും കുട്ടികളുടെയും എണ്ണവും കൂടി. ആളനക്കമില്ലാതെ കിടന്ന 66 എക്കർ നാട്ടിലെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. ശ്രീധരൻനായർ 1986-ൽ പ്രിൻസിപ്പലായി. 90-ൽ വിരമിച്ചു. കുട്ടികൾ എന്തെങ്കിലുമൊക്കെ എഴുതട്ടെ
കോളേജിന്റെ പ്രധാന കെട്ടിടത്തിലേക്ക് കയറുമ്പോൾ ഇരുവശങ്ങളിലും രണ്ട് വലിയ ബ്ലാക്ക് ബോർഡുകളുണ്ട്. 1975 ൽ പ്രിൻസിപ്പലായിരുന്ന പ്രൊഫ. പി.ജെ. ജോർജാണ് അതിനു പിന്നിൽ. വെറും ഭിത്തിയായിക്കിടന്നത് ബ്ലാക്ക് ബോർഡ് ആക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
കുട്ടികൾ എന്തു വേണമെങ്കിലും ഇതിൽ എഴുതിക്കോട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിദ്യാർഥികളോട് ഏറെ അടുപ്പം പുലർത്തിയിരുന്നുവെങ്കിലും ഏറെ കർക്കശക്കാരനുമായിരുന്നു അദ്ദേഹം. കോളേജിലെ റാഗിങ്ങിനെതിരേ അദ്ദേഹം ശക്തമായ നിലപാടെടുത്തിരുന്നു. ഒരിക്കൽ ഹൈക്കോടതിവരെ എത്തിയ ഒരു റാഗിങ് കേസിൽ അദ്ദേഹത്തിന്റെ നിലപാടുകളെ കോടതി പിന്തുണച്ചിരുന്നു. മുൻ എൻട്രൻസ് കമ്മിഷണറുമായിരുന്നു അദ്ദേഹം.
ആദ്യ വിദ്യാർഥി ഇവിടത്തന്നെ പ്രൊഫസറായി
1957-ൽ കോളേജ് തുടങ്ങിയപ്പോൾ രജിസ്റ്ററിലെ ആദ്യ പേരുകാരനായ വിദ്യാർഥി എം. അബ്ദുള്ളയായിരുന്നു. സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ ഈ നിലമ്പൂർ സ്വദേശി പഠനശേഷം ഇവിടത്തന്നെ അധ്യാപകനായി ചേർന്നു. വിരമിച്ച ശേഷം നിലമ്പൂരിലാണ് ഇപ്പോൾ താമസം. എന്തിനാ ക്ലോക്ക് ടവർ; പിള്ളേർ വാച്ചു കെട്ടുന്നവരാ..
ആദ്യ സംസ്ഥാന സർക്കാരിന്റെ ചീഫ് ആർക്കിടെക്ട് ആയിരുന്ന ജെ.സി. അലക്‌സാണ്ടറാണ് തൃശ്ശൂർ എൻജിനീയറിങ് കോളേജ് കെട്ടിടം രൂപകല്പന ചെയ്തത്. അന്ന് കോളേജുകൾ പണിയുമ്പോൾ ക്ലോക്ക് ടവറുകൾ ഒരു ഫാഷനായിരുന്നു.എന്നാൽ, ഇവിടെ അലക്‌സാണ്ടർ ക്ലോക്ക് ടവർ വച്ചില്ല. വയ്ക്കാൻ മറന്നതാണോ എന്ന് ഒരാൾ അദ്ദേഹത്തോടു ചോദിച്ചു. മറുപടി ഇങ്ങനെ: 'ഇത് എൻജിനീയറിങ് കോളേജാ, ഇവിടത്തെ പിള്ളേർ എല്ലാം വാച്ചു കെട്ടി വരുന്നവരാ. അതുകൊണ്ട് ക്ലോക്ക് ടവർ വേണ്ടാ.'തിരുവനന്തപുരം എൻജിനീയറിങ് കോളേജിന്റെ അതേ മാതൃകയിലാണ് ഈ കോളേജും രൂപകല്പന ചെയ്തത്.
പ്രൊഡക്ഷൻ എൻജിനീയറിങ് കോഴ്‌സ് കേരളത്തിൽ ആദ്യം ഇവിടെ
സംസ്ഥാനത്ത് പ്രൊഡക്ഷൻ എൻജിനീയറിങ് എന്ന കോഴ്‌സ് ആദ്യം തുടങ്ങിയത് ഇവിടെയാണ്. 1979-ൽ വ്യവസായ രംഗത്തിന് ആവശ്യമായ കോഴ്‌സ് എന്ന നിലയിലാണ് ഇത് തുടങ്ങിയത്. ഇതിന്റെ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ ഇവിടുണ്ട്. തൃശ്ശൂർ എൻജിനീയറിങ് കോളേജിന്റെ വ്യക്തിത്വമായി ഈ കോഴ്‌സിനെ പലരും വിശേഷിപ്പിക്കാറുണ്ട്.
ആഘോഷം ഉദ്ഘാടനം 22 ന്
ഗവ. എൻജിനീയറിങ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ എന്നിവർ പങ്കെടുക്കും.


VIEW ON mathrubhumi.com