ക്രമമായ പഠനവും കഠിനാധ്വാനവും; ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിജയിക്കാം

By: എം.ആര്‍. സിജു
രോവര്‍ഷവും പഠിക്കാനെത്തുന്നത് എട്ടരലക്ഷത്തോളം പേര്‍. ജയം 20 ശതമാനത്തില്‍ താഴെയും. എന്നിട്ടും പഠിതാക്കള്‍ക്ക് കുറവൊന്നുമില്ല. പരീക്ഷ എഴുതുന്നവരില്‍ ബഹുഭൂരിപക്ഷവും തോറ്റുസുല്ലിടുന്ന കോഴ്‌സ് ഏതെന്നറിയേണ്ടേ. അതാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം. വിജയശതമാനക്കണക്ക് നോക്കിപിന്മാറേണ്ട. ക്രമമായ പഠനത്തിനുള്ള മനസും കഠിനാധ്വാനം ചെയ്യാന്‍ സന്നദ്ധതയുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാം. പഠിക്കാന്‍ ലക്ഷങ്ങളോ ബാങ്ക് ഗ്യാരണ്ടിയോ നല്‍കേണ്ട. വിജയിച്ചാല്‍ മോഹശമ്പളത്തില്‍ ജോലി ഉറപ്പ്. ജോലി വേണ്ടെങ്കില്‍ സ്വന്തമായി പ്രാക്ടീസ് നടത്താം. ഐ.സി.എ.ഐ.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) യാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സും പരീക്ഷയും നടത്തുന്നത്. ഇന്ത്യയൊട്ടാകെ അഞ്ച് മേഖലാ കൗണ്‍സിലുകളും 163 ശാഖകളും ഐ.സി.എ.ഐ.യുടെ കീഴിലുണ്ട്. വിദേശത്ത് 29 ചാപ്റ്ററുകള്‍ വേറെയും. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്,കോഴിക്കോട്,കണ്ണൂര്‍,കൊല്ലം ജില്ലകളിലാണ് ശാഖകളുള്ളത്. മൂന്നുഘട്ടങ്ങള്‍,പുതിയ പേരുകള്‍
മൂന്നുഘട്ടങ്ങളായാണ് പഠനം. ആദ്യഘട്ടമായ കോമണ്‍ പ്രൊവിഷ്യന്‍സി കോഴ്‌സ് (സി.പി.സി) ഇനി ഫൗണ്ടേഷന്‍ കോഴ്‌സാകും. രണ്ടാം ഘട്ടമായ ഇന്റഗ്രേറ്റഡ് പ്രൊവിഷ്യന്‍സി കോംപീറ്റന്‍സ് കോഴ്‌സ് (ഐ.പി.സി.സി.) ഇന്റര്‍മീഡിയറ്റ് എന്നാകും. ഇതിനൊപ്പം വിഷയങ്ങളും പരീക്ഷാഘടനയും മാറുന്നുണ്ട്. പുതിയ പരീക്ഷാഘടന അടുത്തവര്‍ഷം മെയ് മുതല്‍ നിലവില്‍വരും. ജൂണിലും ഡിസംബറിലും നടത്തിയിരുന്ന പരീക്ഷകള്‍ മെയിലും നവംബറിലുമാകും. ഫൗണ്ടേഷന്‍പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന വ്യവസ്ഥ ഒഴിവാക്കി. പ്ലസ് ടു പരീക്ഷ ജയിച്ചെങ്കില്‍മാത്രമേ ഫൗണ്ടേഷന് എഴുതാനാകൂ. രണ്ട് ഭാഗങ്ങളായി നാലു പരീക്ഷ. പേപ്പറുകളുടെ എണ്ണം നാലായി തുടരും. എന്നാല്‍ പരീക്ഷാരീതി മാറും.മുമ്പ് നെഗറ്റീവ് മാര്‍ക്കുള്ള നാല് ഒബ്ജക്ടീവ് പേപ്പറുകളായിരുന്നെങ്കില്‍ ഇനി രണ്ടുവീതം ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് പേപ്പറുകളാകും. പ്രിന്‍സിപ്പിള്‍സ് ആന്റ് പ്രാക്ടീസസ് ഓഫ് അക്കൗണ്ടിങ്, ബിസിനസ് ലോ ആന്റ് ബിസിനസ് കറസ്‌പോണ്ടന്‍സ് ആന്റ് റിപ്പോര്‍ട്ടിങ് എന്നിവ ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയും. ബിസിനസ് മാത്തമാറ്റിക്‌സ് ആന്റ് ലോജിക്കല്‍ റീസണിങ് ആന്റ് സ്റ്റാറ്റിസ്റ്റ്ക്‌സ്, ബിസിനസ് എക്കണോമിക്‌സ് ആന്റ് ബിസിനസ് ആന്റ് കൊമേഴ്‌സ്യല്‍ നോളഡ്ജ് എന്നിവയ്ക്ക് ഒബ്ജക്ടീവ് പരീക്ഷയും. ജി.എസ്.ടി. ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രജിസ്റ്റര്‍ ചെയ്ത് നാലുമാസം കഴിഞ്ഞേ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.
ഇന്റര്‍മീഡിയറ്റ്
ഫൗണ്ടേഷന്‍ ജയിച്ചവര്‍ക്ക് ഇതിന് ചേരാം. കൂടാതെ 55 ശതമാനം മാര്‍ക്കോടെ ബികോം/ എംകോം ജയിച്ചവര്‍ക്കും മറ്റ് വിഷയങ്ങളില്‍ 60 ശതമാനത്തില്‍ കുറയാതെ ബിരുദ/ബിരുദാനന്തരബിരുദം നേടിയവര്‍ക്കും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സി.എം.എ.(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി), സി.എസ്. (കമ്പനി സെക്രട്ടറിഷിപ്പ്) എന്നിവയുടെ ഇന്റര്‍മീഡിയറ്റ് ജയിച്ചവര്‍ക്കും ഇനിമുതല്‍ പ്രവേശനം ലഭിക്കും.
രജിസ്റ്റര്‍ ചെയ്ത് എട്ടുമാസത്തിനുശേഷമേ പരീക്ഷ എഴുതാനാകൂ. ഇതില്‍ എട്ടുപേപ്പറുകളുള്ള രണ്ടുഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പ് 1-അക്കൗണ്ടിങ്, കോര്‍പ്പറേറ്റ് ലോസ് ആന്റ് അദര്‍ ലോസ്, കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടിങ്,ടാക്‌സേഷന്‍. ഗ്രൂപ്പ് 2-അഡ്വാന്‍സ്ഡ് അക്കൗണ്ടിങ്, ഓഡിറ്റിങ് ആന്റ് അഷ്വറന്‍സ്, എന്റര്‍പ്രൈസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്റ് സ്ട്രാറ്റജിക്‌ മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്റ് എക്കണോമിക്‌സ് ഫോര്‍ ഫിനാന്‍സ്. ടാക്‌സേഷന്‍ പേപ്പറിലാണ് ജി.എസ്.ടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫൈനല്‍
ഇന്റര്‍മീഡിയറ്റിലെ രണ്ടുഗ്രൂപ്പും കിട്ടിയവര്‍ക്ക് ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം. രണ്ട് ഗ്രൂപ്പുകളിലായി എട്ടുപേപ്പറുകളുണ്ടാകും. ഗ്രൂപ്പ് 1- ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്, സ്ട്രാറ്റജിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഓഡിറ്റിങ് ആന്റ് പ്രൊഫഷണല്‍ എത്തിക്‌സ്, കോര്‍പ്പറേറ്റ് ആന്റ് എക്കണോമിക് ലോസ്. ഗ്രൂപ്പ് 2- സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റ് ആന്റ് പെര്‍ഫോമന്‍സ് ഇവാല്യുവേഷന്‍, ഡയറക്ട് ടാക്‌സ് ലോസ് ആന്റ് ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍, ഇന്‍ഡയറക്ട് ടാക്‌സ് ലോസ്.
ഇതിനുപുറമേ ആറ് ഇലക്ടീവ് പേപ്പറുകളിലൊന്ന് തിരഞ്ഞെടുക്കാമെന്നാതാണ് ഫൈനലിലെ പ്രധാനമാറ്റം. റിസ്‌ക് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍, എക്കണോമിക് ലോസ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേര്‍ഡ്‌സ്, മള്‍ട്ടിഡിസിപ്ലിനറി കേസ് സ്റ്റഡി എന്നിവയാണ് ഇലക്ടീവ് വിഷയങ്ങള്‍.
ആര്‍ട്ടിക്കിള്‍ഷിപ്പ്
ഐ.സി.എ.ഐ 2000 മുതല്‍ 3000 വരെ രൂപയാണ് സ്‌റ്റൈപ്പന്റായി പ്രതിമാസം നിശ്ചയിച്ചിട്ടുള്ളത്്. പല സ്ഥാപനങ്ങളും 3000 മുതല്‍ 10,000 വരെ രൂപ നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്യാനായി സ്ഥാപനത്തെ പഠിതാവിന് തിരഞ്ഞെടുക്കാം. എന്നാല്‍, ആര്‍ട്ടിക്കിള്‍ഷിപ്പ് കൊടുക്കണോ വേണ്ടെയോ എന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് തീരുമാനിക്കാം.
സി.എ. വിദ്യാര്‍ഥിയെ സമ്പൂര്‍ണ ബിസിനസ് മാനേജരാക്കി മാറ്റാന്‍ ഇന്റഗ്രേറ്റഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ടുപരിശീലന പദ്ധതികളുണ്ട്. ഇന്റഗ്രേറ്റഡില്‍ 15 ദിവസത്തെവീതം ഐ.ടി. കോഴ്‌സും ഓറിയന്റേഷന്‍ കോഴ്‌സുമുണ്ട്. അഡ്വാന്‍സ്ഡ് കോഴ്‌സില്‍ 15 ദിവസത്തെവീതം അഡ്വാന്‍സ്ഡ് ഐ.ടി.കോഴ്‌സും മാനേജ്‌മെന്റ് /കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് കോഴ്‌സുമുണ്ട്. ഇവയ്ക്ക പരീക്ഷ ഇല്ലെങ്കിലും പരിശീലനം പൂര്‍ത്തിയാക്കണം. എന്നാല്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ് ആന്റ് കണ്‍ട്രോള്‍ എന്ന ഒബ്ജക്ടീവ് പരീക്ഷ ഫൈനലിനുമുമ്പ് ജയിക്കണം. സി.എ.യോഗ്യത നേടുന്നവര്‍ക്ക് അസോസിയേറ്റഡ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (എ.സി.എ) അംഗത്വവും തുടര്‍ച്ചയായി അഞ്ചുവര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസ് ചെയ്തിട്ടുള്ളവര്‍ക്ക് ഫെലോ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (എഫ്.സി.എ) അംഗത്വവും നല്‍കും.
വിവരങ്ങള്‍ക്ക്: //www.icai.org
അന്താരാഷ്ട്ര നിലവാരമുള്ള പാഠ്യപദ്ധതി
പുതിയപാഠ്യപദ്ധതി അന്താരാഷ്ട്രനിലവാരമുള്ളതാണ്. രാജ്യത്തും വിദേശത്തും ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. മൂന്നുവര്‍ഷത്തെ പഠനച്ചെലവ് അരലക്ഷം രൂപയേവരൂ. മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുവളരെ കുറവാണ്. മികവുകാട്ടുന്നവര്‍ക്ക് പഠനസമയത്ത് അതിലേറെതുക സ്റ്റൈപ്പന്റായി കിട്ടും. ബാബു എബ്രഹാം കള്ളിവയലില്‍മുന്‍ ചെയര്‍മാന്‍, ഐ.സി.എ.ഐ. ബോര്‍ഡ് ഓഫ് സ്റ്റഡീസ്


VIEW ON mathrubhumi.com