ഒരുവര്‍ഷം മുമ്പ് വിവാഹം, പുലര്‍ച്ചെ വീട്ടില്‍നിന്ന് കാണാതായി; യുവതി പാറക്കുളത്തില്‍ മരിച്ചനിലയില്‍

ശിശിര
ശിശിര

നന്മണ്ട(കോഴിക്കോട്): നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എഴുകുളം പാറക്കുഴി രജീഷിന്റെ ഭാര്യ ശിശിരയെയാണ് (23) ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍നിന്ന് കാണാതാവുന്നത്. സമീപത്തെ ക്വാറിയില്‍നിന്ന് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാറക്കുളത്തിനടുത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. തുടര്‍ന്ന് ബാലുശ്ശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ഒരുമണിയോടെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തി. നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബ ടീം, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ ടീം എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയത്. തിരച്ചിലിന് നരിക്കുനി എസ്.ഒ. ടി.പി. രാമചന്ദ്രന്‍, സ്‌കൂബ അംഗങ്ങളായ ശിഹാബുദ്ദീന്‍, അഭിലാഷ്, മിഥുന്‍, ഇന്ദ്രജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മരിച്ച ശിശിര നരിക്കുനി മടവൂര്‍ സ്വദേശിനിയാണ്. ഒരുവര്‍ഷംമുമ്പാണ് ശിശിരയും രജീഷും വിവാഹിതരായത്. അച്ഛന്‍: തറോല്‍പൊയില്‍ സുരേന്ദ്രന്‍. അമ്മ: ഷീബ. സഹോദരന്‍: ആദര്‍ശ്.

തിരച്ചില്‍ നടത്തിയത് 10 മണിക്കൂര്‍

നന്മണ്ട: ചൊവ്വാഴ്ച പുലര്‍ച്ചെ കാണാതായ നന്മണ്ട പരലാട് പാറക്കുഴി രജീഷിന്റെ ഭാര്യ ശിശിരയുടെ മൃതദേഹം കണ്ടെത്തിയത് 22 അടിയോളം ആഴമുള്ള കുളത്തില്‍നിന്ന്. ഏഴുകുളം പരലാട് ക്വാറിയിലാണ് 22 അടി താഴ്ചയില്‍ വെള്ളമുള്ള കുളമുള്ളത്. പുലര്‍ച്ചെ മൂന്നുമണിയോടെ എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം നടത്തിയ വിശ്രമമില്ലാത്ത തിരച്ചിലിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം കണ്ടെത്താനായത്. 10 മണിക്കൂറോളമാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബ ടീം തിരച്ചില്‍ നടത്തിയത്. നരിക്കുനി ഫയര്‍ റെസ്‌ക്യൂ അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.പി. രാമചന്ദ്രന്‍, സ്‌കൂബ ടീം അംഗങ്ങളായ ശിഹാബുദ്ദീന്‍, ജിന്‍സ് ജോര്‍ജ്, ബൈജുരാജ്, പി. വിനീത്, അഭിലാഷ്, മിഥുന്‍, ഇന്ദ്രജിത്ത്, നിഖില്‍, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ ടീം അംഗങ്ങളായ വിനു ആലക്കാട്, സാദിഖ്, മുജീബ്, മുസ്തഫ, ഷറഫുദ്ദീന്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. നന്മണ്ട സ്വദേശിയായ ഇന്ദ്രജിത്താണ് മൃതദേഹം കണ്ടെത്തിയത്.

Content Highlights: