'മരണത്തിൻ്റെ മാലാഖ': അക്രമിയെ ഇടിച്ചിട്ടയാളോട് പ്രണയം, കാമുകൻ്റെ ഭാര്യയെകൊന്ന് ക്രൂരത; ചതിച്ചത് ഡയറി

ന്യൂഡല്‍ഹി: സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു 2018-ല്‍ ഡല്‍ഹിയില്‍ നടന്ന സുനിത ഷെരാവത്തിന്റെ കൊലപാതകം. സുനിതയുടെ ഭര്‍ത്താവായ മഞ്ജീത് സിങ്ങിനൊപ്പം ജീവിക്കാനായി ഇയാളുടെ കാമുകിയും മോഡലുമായ ഏയ്ഞ്ചല്‍ ഗുപ്തയും പിതാവും ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ കൊലപാതകമായിരുന്നു അത്. സുനിതയെ വാടകകൊലയാളികളെ ഉപയോഗിച്ച് വകവരുത്തിയ പ്രതികള്‍ക്ക് പക്ഷേ, പോലീസിന്റെ വലയില്‍നിന്ന് രക്ഷപ്പെടാനായില്ല. കൊലപാതകം ആസൂത്രണംചെയ്ത ഏയ്ഞ്ചല്‍ ഗുപ്തയും പിതാവും മഞ്ജീത് സിങ്ങും കൃത്യം നടത്തിയവരുമെല്ലാം പോലീസിന്റെ പിടിയിലായി. ആറുവര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ഏപ്രില്‍ 29-ന് കേസിലെ ആറുപ്രതികളെയും ഡല്‍ഹി രോഹണിയിലെ കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
കാമുകന്റെ ഭാര്യയെ കൊന്നിട്ടാണെങ്കിലും അയാളെ സ്വന്തമാക്കി ഒപ്പം ജീവിക്കണമെന്ന ഏയ്ഞ്ചല്‍ ഗുപ്തയുടെ അടങ്ങാത്ത ആഗ്രഹമാണ് സുനിത ഷെരാവത്ത് എന്ന സ്കൂള്‍ അധ്യാപികയുടെ അതിദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. ഈ കൊടുംക്രൂരതയ്ക്ക് കൂട്ടുനിന്നതാകട്ടെ ഏയ്ഞ്ചലിന്റെ പിതാവ് രാജീവും സുനിതയുടെ ഭര്‍ത്താവായ മഞ്ജീതുമായിരുന്നു. ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ 2018 ഒക്ടോബര്‍ 29-നാണ് ഡല്‍ഹി ഭവാനയില്വെച്ച് സുനിത ഷെരാവത്തിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ പ്രതികളെക്കുറിച്ചോ കൊലപാതകത്തിനുള്ള കാരണത്തെക്കുറിച്ചോ തുമ്പൊന്നും കിട്ടാതിരുന്ന കേസില്‍ സുനിതയുടെ ഡയറി കണ്ടെടുത്തതാണ് വഴിത്തിരിവായത്. 16 വയസ്സുള്ള സുനിതയുടെ മകളാണ് അമ്മയുടെ ഡയറി പോലീസിന് കൈമാറിയത്. അതോടെയാണ് സുനിതയുടെ ഭര്‍ത്താവ് മഞ്ജീത് സിങ്ങും മോഡലായ ഏയ്ഞ്ചല്‍ ഗുപ്തയും തമ്മിലുള്ള ബന്ധം പോലീസിന് വ്യക്തമായത്. തുടര്‍ന്ന് മഞ്ജീത് സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. പിന്നാലെ ഏയ്ഞ്ചല്‍ ഗുപ്ത അടക്കമുള്ള മറ്റുപ്രതികളും പിടിയിലായി.
ഐറ്റം ഡാന്‍സര്‍, മോഡല്‍: ആരാണ് ഏയ്ഞ്ചല്‍ ഗുപ്ത?
ഇന്ത്യന്‍-ബ്രിട്ടീഷ് ദമ്പതിമാരുടെ മകളായ ഏയ്ഞ്ചല്‍ ഗുപ്ത ഡല്‍ഹിയിലാണ് ജനിച്ചുവളര്‍ന്നത്. ഏയ്ഞ്ചലിന്റെ അമ്മ ബ്രിട്ടീഷുകാരിയായിരുന്നു. ശശിപ്രഭ എന്നാണ് ഏയ്ഞ്ചലിന്റെ യഥാര്‍ഥപേര്. മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചതോടെ ശശിപ്രഭ 'ഏയ്ഞ്ചല്‍ ഗുപ്ത' എന്ന് പേരുമാറ്റി. ബിഗ് സ്ക്രീനും ആഡംബരജീവിതവും സ്വപ്നം കണ്ടിരുന്ന ഏയ്ഞ്ചല്‍ വൈകാതെ ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് ചേക്കേറി. ചെറുകിട ചിത്രങ്ങളില്‍ ചെറിയവേഷങ്ങള്‍ ചെയ്തും ഐറ്റംഡാന്‍സുകള്‍ അവതരിപ്പിച്ചും ഏയ്ഞ്ചല്‍ മുംബൈയില്‍ പിടിച്ചുനിന്നു. മോഡലിങ് രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ചു. ചില മാസികകളുടെ കവര്‍ഗേളായും പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ഏയ്ഞ്ചല്‍ സ്വപ്നം കണ്ടപോലെയായിരുന്നില്ല മുംബൈയിലെ യഥാര്‍ഥ ജീവിതം. വിചാരിച്ചതുപോലെ സിനിമ, മോഡലിങ് അവസരങ്ങള്‍ ലഭിക്കാതിരുന്നത് ജീവിതം പ്രതിസന്ധിയിലാക്കി. ഇതിനൊപ്പം ആഡംബരജീവിതം കൂടിയായതോടെ സാമ്പത്തികപ്രതിസന്ധിയും വര്‍ധിച്ചു. കടങ്ങള്‍ പെരുകി. അപ്പാര്‍ട്ട്മെന്റ് വാടകയായ 50,000 രൂപ നല്കാന് പോലും ബുദ്ധിമുട്ടി.
ബിഗ്സ്ക്രീന്‍ സ്വപ്നങ്ങള്‍ തകരുകയും സാമ്പത്തികബാധ്യത കൂടുകയുംചെയ്തതോടെ ഏയ്ഞ്ചല്‍ ഗുപ്ത മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. തുടര്‍ന്ന് ഡല്‍ഹിയില്‍ താമസിച്ചുവരുന്നതിനിടെയാണ് മഞ്ജീത് സിങ്ങുമായുള്ള പ്രണയം ആരംഭിച്ചത്.
നിശാക്ലബില്‍ രക്ഷകനായെത്തി, പിന്നാലെ അടുപ്പത്തിലായി...
2016-ലെ ഒരു മഞ്ഞുകാലത്ത് ഡല്‍ഹിയിലെ നിശാക്ലബില്വെച്ചാണ് ഏയ്ഞ്ചലും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മഞ്ജീത് സിങ്ങും ആദ്യം കണ്ടുമുട്ടിയത്. ബോളിവുഡ് സിനിമാരംഗങ്ങളെ അനുസ്മരിക്കുന്നവിധമായിരുന്നു ആ കണ്ടുമുട്ടല്‍. നിശാക്ലബില്‍വെച്ച് ഏയ്ഞ്ചലിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ അടിച്ചോടിച്ചായിരുന്നു മഞ്ജീത് സിങ് അവളുടെ ജീവിതത്തിലേക്ക് രംഗപ്രവേശം ചെയ്തത്. നിശാക്ലബില്‍വെച്ച് രണ്ടുപേര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ ഏയ്ഞ്ചല്‍ ഉറക്കെ കരഞ്ഞു. ഈ കരച്ചില് കേട്ടെത്തിയ മഞ്ജീത് അക്രമികളെ അടിച്ചോടിക്കുകയും യുവതിയെ സുരക്ഷിതയാക്കുകയുംചെയ്തു. ബോളിവുഡ് രംഗങ്ങളെ വെല്ലുന്ന അന്നത്തെ സംഭവത്തോടെ ആദ്യകാഴ്ചയില്‍ തന്നെ ഏയ്ഞ്ചലിന് മഞ്ജീതിനോട് പ്രണയം തോന്നി. ഇരുവരും സൗഹൃദം ഊട്ടിയുറപ്പിച്ചു. അത് ഗാഢപ്രണയമായി വളരുകയുംചെയ്തു.
മഞ്ജീതുമായുള്ള അടുപ്പം വളര്‍ന്നതോടെയാണ് ഇയാള്‍ വിവാഹിതനാണെന്നും ഭാര്യയും മകളും ഉണ്ടെന്നും ഏയ്ഞ്ചല്‍ അറിഞ്ഞത്. പക്ഷേ, എന്നിട്ടും അവള് ബന്ധത്തില്‍നിന്ന് പിന്മാറിയില്ല. എന്തുവന്നാലും ഇനിയുള്ള ജീവിതം മഞ്ജീതിനൊപ്പമെന്നായിരുന്നു ഏയ്ഞ്ചലിന്റെ തീരുമാനം. ഇതോടെ ഏയ്ഞ്ചല്‍ പിതാവായ രാജീവിനെ വിവരം ധരിപ്പിച്ചു. രാജീവ് മഞ്ജീതിനെ നേരിട്ടുകാണുകയും ഇക്കാര്യം സംസാരിക്കുകയുംചെയ്തു. ഏയ്ഞ്ചലിനൊപ്പമുള്ള ജീവിതംവേണോ അതോ ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം തുടരണോയെന്ന് തീരുമാനിക്കണമെന്ന് ഇയാള്‍ മഞ്ജീതിനോട് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് പ്രതികളെല്ലാം ചേര്‍ന്ന് സുനിത ഷെരാവത്തിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.
വാടക കൊലയാളികള്‍, ദിവസങ്ങള്‍നീണ്ട ആസൂത്രണം...
സുനിതയെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തതോടെ രാജീവ് തന്റെ ഡ്രൈവറായ ദീപക്കിനെയാണ് ആദ്യം ബന്ധപ്പെട്ടത്. വാടകകൊലയാളികളെ കണ്ടെത്താന്‍ രാജീവ് ഇയാള്‍ക്ക് നിര്‍ദേശം നല്കി. ഇതനുസരിച്ച് ഗുണ്ടാസംഘാംഗങ്ങളായ വിശാല്‍, ഷെഹ്സാദ് എന്നിവരെ ദീപക് ബന്ധപ്പെട്ടു. പത്തുലക്ഷം രൂപയ്ക്ക് ഇരുവരുമായി ക്വട്ടേഷന്‍ ഉറപ്പിച്ചു. അഡ്വാന്‍സായി രണ്ടരലക്ഷം രൂപയും നല്കി.
സുനിതയെ ദിവസങ്ങളോളം നിരീക്ഷിച്ച് അനുകൂലമായ സാഹചര്യത്തില്‍ വെടിവെച്ച് കൊല്ലാനായിരുന്നു പ്രതികളുടെ പദ്ധതി. സുനിത എവിടെയെല്ലാം പോകുന്നു, എപ്പോള്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നു തുടങ്ങിയ വിവരങ്ങള്‍ കൈമാറുകയായിരുന്നു ഭര്‍ത്താവായ മഞ്ജീതിന്റെ ചുമതല. ഇതനുസരിച്ച് കൊലയാളികളും ഏയ്ഞ്ചല്‍ ഗുപ്തയും സുനിതയെ ദിവസങ്ങളോളം പിന്തുടരുകയും നിരീക്ഷിക്കുകയുംചെയ്തു. തന്റെ സ്വന്തം സ്കൂട്ടറിലെത്തിയാണ് ഏയ്ഞ്ചല്‍ പലദിവസങ്ങളിലും സുനിതയെ റോഡില്‍ പിന്തുടര്ന്നിരുന്നത്.
2018 ഒക്ടോബര്‍ 25-ന് 'കര്‍വ ചൗത്ത്' ദിനത്തിന്റെ തലേദിവസം പ്രതികള്‍ സുനിതയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. വാടകകൊലയാളികള്‍ സുനിതയെ വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെ പിന്തുടര്ന്നെങ്കിലും പിന്നീട് സുനിത ഇവരുടെ കാഴ്ചയില്‍നിന്ന് മറഞ്ഞു. പിന്തുടരുന്നതിനിടെ ക്വട്ടേഷന്‍ സംഘാംഗങ്ങളായ രണ്ടുപേരും സമോസ കഴിക്കാന്‍ കടയില്‍ കയറിയതിനിടെയാണ് സുനിത ഇവരുടെ നിരീക്ഷണവലയത്തില്നിന്ന് അപ്രത്യക്ഷമായത്. എന്നാല്‍, നാലുദിവസത്തിന് ശേഷം പ്രതികള്‍ കൃത്യം നടപ്പാക്കി.
2018 ഒക്ടോബര്‍ 29-ന് രാവിലെ അധ്യാപികയായ സുനിത വീട്ടില്‍നിന്ന് സ്കൂളിലേക്ക് തിരിച്ചതിന് പിന്നാലെ ഭര്‍ത്താവ് മഞ്ജീത് ഇക്കാര്യം കൊലയാളികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് കൊലയാളികളായ രണ്ടുപേരും സുനിതയെ പിന്തുടരുകയും റോഡില്‍വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയുംചെയ്തു. സംഭവത്തിന് പിന്നാലെ കൊലയാളികള്‍ രക്ഷപ്പെട്ടു.
സുനിതയുടെ പേഴ്സും മൊബൈല്‍ഫോണും പണവുമെല്ലാം റോഡില്നിന്നുതന്നെ കണ്ടെത്തിയതിനാല്‍ സംഭവം കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമല്ലെന്ന് പോലീസ് പ്രാഥമികഘട്ടത്തില്‍ തന്നെ മനസ്സിലാക്കി. ഇതോടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായി പോലീസ് അന്വേഷണം. പക്ഷേ, കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. എന്നാല്‍, അന്വേഷണം തുടരുന്നതിനിടെ മഞ്ജീത്-സുനിത ദമ്പതിമാരുടെ 16 വയസ്സുള്ള മകള്‍ ഒരു നിര്‍ണായക തെളിവ് പോലീസിന് കൈമാറി.
ആരുംകാണാതെ താന്‍ സൂക്ഷിച്ചിരുന്ന അമ്മയുടെ ഡയറിയാണ് മകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചത്. മഞ്ജീതുമായുള്ള ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും ഏയ്ഞ്ചലുമായുള്ള അയാളുടെ ബന്ധവുമെല്ലാം ഡയറിയില്‍ സുനിത കുറിച്ചിരുന്നു. ഇതോടെ മഞ്ജീതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ അരുംകൊലയുടെ ചുരുളഴിയുകയായിരുന്നു.
കൊലപാതകം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് കേസിലെ ആറുപ്രതികളെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രതികളായ ഏയ്ഞ്ചല്‍ ഗുപ്ത, മഞ്ജീത് സിങ്, രാജീവ്, ദീപക്, വാടക കൊലയാളികളായ വിശാല്‍, ഷെഹ്സാദ് എന്നിവര്‍ക്ക് ജീവപര്യന്തം തടവായിരുന്നു കോടതി വിധിച്ച ശിക്ഷ.
Content Highlights: A Delhi model and her father conspired to murder her lover`s wife. All six accused convicted