പന്തെടുക്കാൻ വിളിക്കും, ഷൂവും ചോക്ലേറ്റും നൽകും; വീരമണിയുടെ ലൈംഗിക വൈകൃതം 12-16 വയസ്സുള്ള പെൺകുട്ടികളോട്

ചെന്നൈ: തമിഴ്‌നാട്ടിലെ വ്യവസായ പ്രമുഖൻ, ജെം ഗ്രാനൈറ്റ്സിന്റെ സ്ഥാപകൻ, സമ്പന്നൻ, പ്രശസ്തൻ- ആർ. വീരമണി ഇന്ന് ജയിലിലാണ്. വീരമണിയുടെ, മേൽപറഞ്ഞ മുഖംമൂടികൾ ഒന്നൊന്നായി അഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ് തമിഴ്‌നാട് പോലീസ്. വീരമണി തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പത്തിലധികം പെൺകുട്ടികളാണ് രംഗത്തുവന്നിട്ടുള്ളത്. പണംകൊണ്ട് മൂടാൻ ശ്രമിച്ച കേസിന് പോക്‌സോ കോടതിയുടെ പ്രത്യേക ഇടപെടലാണ് പുനർജീവൻ നൽകിയത്. അതിനെ ദൈവത്തിന്റെ കരമായാണ് പലരും വിശേഷിപ്പിക്കുന്നത്.
12 മുതൽ 16 വയസിനിടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് വീരമണി തന്റെ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയത്. മധുരപലഹാരങ്ങളും ഭക്ഷണസാധനങ്ങളുമായെത്തി, കുട്ടികളെ പന്തുകളിക്കാനായി വിളിച്ചുവരുത്തിയായിരുന്നു ക്രൂരത. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അയാൾ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന വീഡിയോ പുറത്തുവരുന്നതോടെയാണ് എല്ലാം വെളിയിൽവരാൻ തുടങ്ങിയത്.
രാഷ്ട്രീയക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും പണംകൊണ്ട് വിലയ്ക്കുവാങ്ങി തന്റെ മുഖംമൂടി സംരക്ഷിക്കാനുള്ള അയാളുടെ ശ്രമം ഒരു പരിധിവരെ വിജയം കണ്ടു. എന്നാൽ, തെളിവുകളോ സാക്ഷികളോ ഇല്ലെന്ന വാദത്തോടെ തമിഴ്‌നാട് പോലീസ് ക്ലോസ് ചെയ്ത 'വീരമണി പീഡനക്കേസ്' ഫയൽ പ്രത്യേക പോക്‌സോ കോടതി തള്ളി. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തമിഴ്‌നാട്ടിലെ വ്യാവസായിക പ്രമുഖനായ ആർ. വീരമണി എന്ന 85-കാരന്റെ മുഖംമൂടികൾ ഒന്നൊന്നായി അഴിഞ്ഞുവീണു.
കോടതിയുടെ ഇടപെടലിൽ അന്വേഷണം
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി വ്യക്തമാക്കുന്ന വീഡിയോ അടങ്ങിയ പെൻഡ്രൈവുമായി 2025 ഒക്ടോബർ ആറിന് ഒരു ബാലാവകാശ പ്രവർത്തകൻ ആന്റി വൈസ് സ്‌ക്വാഡിനെ സമീപിച്ചതോടെയാണ് കേസിന്റെ തുടക്കം. പെൻഡ്രൈവ് കൈമാറിയ വ്യക്തി നൽകിയ വിവരമനുസരിച്ച്, വീഡിയോയിലുള്ള വ്യക്തി ജെം ഗ്രാനൈറ്റ്‌സ് ഉടമയും മൈനിങ് വ്യവസായിയുമായ വീരമണിയാണെന്നും അദ്ദേഹത്തിന്റെ ദീർഘകാല കൂട്ടാളികളായ ശാന്തി (60), ഭർത്താവ് മഹേന്ദ്ര സിംഹൻ (63) എന്നിവരുടെ വീട്ടിലാണ് പീഡനം നടന്നതെന്നും പോലീസ് കണ്ടെത്തി.
2025 ഒക്ടോബറിൽ കേസിൽ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യുകയും വീരമണി, ശാന്തി, മഹേന്ദ്രൻ എന്നിവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, വീഡിയോയിൽ കാണുന്ന പെൺകുട്ടിയെ കണ്ടെത്താനോ തിരിച്ചറിയാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. തുടർന്ന്, ആവശ്യത്തിന് തെളിവുകളില്ലെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയിൽ ആന്റി വൈസ് സ്‌ക്വാഡ് കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ, കേസ് അവസാനിപ്പിക്കാനുള്ള ആ റിപ്പോർട്ട് പ്രത്യേക പോക്‌സോ കോടതി തള്ളി, മാത്രമല്ല കേസിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതിയുടെ ഇടപെടലിനെത്തുടർന്ന് തെയ്നാംപേട്ടിലെ മഹേന്ദ്ര സിംഹന്റെ വസതിയിൽ പോലീസ് നടത്തിയ തിരച്ചിലിൽ, ആക്രമണത്തിന്റെ അസൽ വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
ഓഗസ്റ്റ് 29-ന് വീരമണി, ശാന്തി, മഹേന്ദ്രൻ എന്നിവർ അറസ്റ്റിലായി. തുടർന്ന് വീഡിയോയിലുള്ള ഇരയായ പെൺകുട്ടിയെ പോലീസ് തിരിച്ചറിയുകയും ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത സമയത്ത് വീരമണിയിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ആരോപിക്കുന്ന നിരവധി സ്ത്രീകൾ അതിനുശേഷം പരാതിയുമായി മുന്നോട്ടുവന്നു. മറ്റ് ഇരകളെ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ സ്ഥിരീകരിക്കുന്നതിനുമായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പോയസ് ഗാർഡനിലെ 'പീഡന' ബംഗ്ലാവ്
പോയസ് ഗാർഡനിൽ വാടകയ്ക്ക് എടുത്ത ആഡംബര ബംഗ്ലാവിലും വീരമണിയുടെ സ്വന്തം വീട്ടിലും എത്തിച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിലും വിലപിടിപ്പുള്ള വസ്തുക്കൾ നൽകി പ്രലോഭിപ്പിച്ചുമാണ് ഇയാൾ ഇരകളെ തന്റെ വലയിൽ വീഴ്ത്തിയിരുന്നത്. 12 മുതൽ 16 വരെ പ്രായമുള്ള പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. പണം, സ്‌പോർട്‌സ് ഷൂ, ചോക്ലേറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ നൽകിയാണ് കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്.
പോയസ് ഗാർഡനിലെ തന്റെ ബംഗ്ലാവിന്റെ വളപ്പിൽ പന്തുകളിക്കുന്നതുപോലെ അഭിനയിച്ച് കുട്ടികളെ അവിടേക്ക് വരാൻ വീരമണി പ്രേരിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ എറിയുന്ന പന്തുകൾ എടുക്കുന്ന കുട്ടികളെ അത് കൊണ്ടുവന്ന് തരാനെന്ന വ്യാജേന അകത്തേക്ക് വിളിക്കും. കുട്ടികൾ വീട്ടുവളപ്പിൽ പ്രവേശിക്കുമ്പോൾ ചോക്ലേറ്റും മറ്റ് ഭക്ഷസാധനങ്ങളും നൽകി ആകർഷിക്കും. തുടർന്നാണ് പീഡനത്തിനിരയാക്കിയിരുന്നത്.
സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ശാന്തിയാണ് പെൺകുട്ടികളെ കണ്ടെത്തി വീരമണിയുടെ അടുത്തേക്ക് എത്തിച്ചിരുന്നത്. സാമൂഹികമായി പിന്നാക്കംനിൽക്കുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എന്തുസഹായത്തിനും തന്നെ സമീപിക്കാമെന്ന് വാക്കുനൽകുന്നതിനൊപ്പം ആവശ്യമുള്ളപ്പോൾ വിളിക്കാനുള്ള ഫോൺനമ്പറും ഇയാൾ നൽകും. എന്തെങ്കിലും ആവശ്യം വരുമ്പോൾ വിളിക്കുന്ന കുട്ടികളെ ആഡംബര കാറിൽ ഡ്രൈവറെ അയച്ച് ബംഗ്ലാവിലെത്തിക്കും.
പീഡനത്തിനുശേഷം ഇരകൾക്ക് 2000 മുതൽ 5000 രൂപവരെ, ചില സന്ദർഭങ്ങളിൽ 50,000 രൂപവരെയും ഇയാൾ നൽകിയിരുന്നു. ഹോട്ടലുകളിൽ നടക്കുന്ന പാർട്ടികളിലേക്കും ഇയാൾ ഇത്തരത്തിൽ കുട്ടികളെ എത്തിച്ചിരുന്നു. പണത്തിനായി വിളിക്കുന്ന പെൺകുട്ടികളെ ആഡംബര കാറുകളയച്ചാണ് ഇയാൾ ഹോട്ടലുകളിൽ എത്തിച്ചിരുന്നത്. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും വ്യവസായ മേഖലയിലെ മറ്റ് കൂട്ടാളികൾക്ക് കാഴ്ചവെക്കുകയും ചെയ്തിരുന്നു. ശാന്തിയുടെ വീട്ടിൽവെച്ചും വീരമണി കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നു.
കടുത്ത നടപടി വേണമെന്ന് മുഖ്യമന്ത്രി വിജയ്‌യുടെ നിർദേശം
ഡിഎംകെ ഭരണകാലത്താണ് പീഡനം നടന്നത്. കേസ് ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമായി വീരമണി 70 കോടി രൂപവരെ നൽകിയിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിന്നാലെ, കേസിൽ കർശന നടപടിയെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചെന്നൈ പോലീസ് കമ്മിഷണർ എസ്. അമൽരാജിന് നിർദേശം നൽകി. തേനാംപെട്ടിലെ വാടക വീട്ടിൽവെച്ച് ഒട്ടേറെപ്പേരെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. മാത്രമല്ല, തന്റെ വലയിൽ കുരുങ്ങുന്ന കുട്ടികളെ വ്യവസായപങ്കാളികൾക്ക് കാഴ്ചവെക്കുകയും ചെയ്തിരുന്നു വീരമണി.
വീഡിയോയിലുള്ള പെൺകുട്ടിയടക്കം പ്രായപൂർത്തിയായിട്ടില്ലാത്ത 10 പെൺകുട്ടികളാണ് ഇതിനകം വീരമണിക്കെതിരേ മൊഴി നൽകിയിട്ടുള്ളത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ വ്യവസായ മേഖലയിലെ കൂടുതൽ പ്രമുഖർ അറസ്റ്റിലായേക്കുമെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.
വീരമണിയുടെ സഹായിയായ ശാന്തിയും അവരുടെ ഭർത്താവ് മഹേന്ദ്രനും കേസിൽ റിമാൻഡിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർ ആരും രക്ഷപ്പെടാൻ പാടില്ലെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈ പോലീസ് കമ്മിഷണർ എ. അമൽരാജിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. പണമിടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന് ചെന്നൈ സൗത്ത് അഡീഷണൽ കമ്മീഷണർ കെ.എസ്. നരേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
ലൈംഗിക കുറ്റകൃത്യങ്ങൾ സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ പി.സി. തേൻമൊഴി, ഡെപ്യൂട്ടി കമ്മീഷണർ വി.വി. ഗീതാഞ്ജലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നു.
മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ കേസിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. വീരമണിയുടെ പേരിലുള്ള കേസ് ഡി.എം.കെ. ഭരണകാലത്താണ് അട്ടിമറിക്കപ്പെട്ടതെന്ന് മന്ത്രി സി.ടി.ആർ. നിർമൽകുമാർ കുറ്റപ്പെടുത്തി. ടി.വി.കെ. സർക്കാരിനെ വിമർശിക്കുന്ന ഇടത് നേതാക്കൾ ഈ വിഷയത്തിൽ ഡി.എം.കെ. സർക്കാരിനെ വിമർശിച്ചിരുന്നോ എന്നായിരുന്നു മന്ത്രി എ. രാജ്മോഹന്റെ ചോദ്യം.
അതേസമയം, മുൻ സർക്കാരിന്റെ കാലത്ത് ഈ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ല എന്ന വാദവുമായി ഡി.എം.കെ. നേതാവ് എൻ.ആർ. ഇളങ്കോയും രംഗത്തുവന്നു.
പണമിടപാടുകൾ റെയിൽവേ യൂണിയൻ നേതാവിലേക്ക്
വീരമണിക്കെതിരെയുള്ള പോക്‌സോ കേസ് അന്വേഷണത്തിൽ, അദ്ദേഹത്തിന്റെ മുഖ്യ സഹായിയായ ഗണേശനെ ചെന്നൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഗണേശൻ കഴിഞ്ഞ 23 വർഷത്തോളമായി ജെം ഗ്രാനൈറ്റ്‌സിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച്, വീരമണി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പമുള്ള അശ്ലീല വീഡിയോ ഗണേശന്റെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നു, എന്നാൽ, ഈ വിവരം പോലീസിനെ അറിയിക്കാൻ അദ്ദേഹം തയ്യാറായില്ല.
കോടതിയിൽ ഹാജരാക്കിയ ഗണേശനെ പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീഡിയോ ഗണേശന് ആരാണ് അയച്ചു നൽകിയതെന്നും പോലീസിനെ അറിയിക്കാതെ ഇത് സൂക്ഷിച്ചതിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അതിനിടെ, കേസ് ഒതുക്കിത്തീർപ്പാക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്നവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പോലീസിന്റെ നടപടികളിൽനിന്ന് വീരമണിയെ രക്ഷപ്പെടാൻ സഹായിച്ചതായി സംശയിക്കുന്ന റെയിൽവേ യൂണിയൻ നേതാവിന്റെ മകൻ പ്രകാശിന്റെ അക്കൗണ്ട് ഉൾപ്പെടെയുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് പ്രകാശിന് സമൻസ് അയച്ചു. എന്നാൽ, പോലീസ് എത്തിയപ്പോൾ അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രകാശ് നിലവിൽ വിദേശത്താണെന്ന് കുടുംബം പറയുന്നു.
വീരമണിയുമായി ബന്ധപ്പെട്ട ഒരു വസ്തു ഇടപാടിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏകദേശം 130 കോടി രൂപ വിലമതിക്കുന്ന വസ്തു വളരെ തുച്ഛമായ വിലയ്ക്കാണ് വിറ്റതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ ഇടപാട് വളരെ ധൃതിപിടിച്ചാണ് നടത്തിയതെന്ന് സംശയിക്കുന്ന പോലീസ്, വസ്തു വിറ്റുകിട്ടിയ പണം കേസ് ഒതുക്കിത്തീർപ്പാക്കാൻ ശ്രമിച്ചവർക്ക് നൽകാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പണം ആരൊക്കെ കൈപ്പറ്റി എന്നതും ഇടപാടുകളുടെ സ്വഭാവവും പോലീസ് ഇപ്പോൾ വിശദമായി പരിശോധിച്ചു വരികയാണ്.
Content Highlights: An 85-year-old industrialist, R. Veeramani, was arrested for sexually abusing underage girls, using gifts and manipulation to lure them, with the assistance of his accomplices, Shanti and Mahendran. The case, initially closed due to lack of evidence, was reopened by a special POCSO court after a video surfaced, leading to further investigation and the arrest of Veeramani and his accomplices.