പാലക്കാട്ട് ആനക്കൊമ്പുമായി തമിഴ്നാട് സ്വദേശികളടക്കം മൂന്നുപേര് അറസ്റ്റില്

പാലക്കാട്: ആനക്കൊമ്പുകള് വില്ക്കാന് ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശികളടക്കം മൂന്നുപേര് പിടിയിലായി.
കോയമ്പത്തൂര് സൗത്ത് കുനിയംമുത്തൂര് മെയിന്റോഡ് സാരമേട് 31/41ല് കറുപ്പുസ്വാമി (41), കരിമ്പുക്കടൈ സാരമേട് 80-ല് റഹ്മത്തുള്ള (43), പാലക്കാട് കല്മണ്ഡപം കുന്നത്തൂര്മേട് ഫൈസല് (44) എന്നിവരാണ് പാലക്കാട് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയില് പിടിയിലായത്. ഇവരില്നിന്ന് രണ്ട് ആനക്കൊമ്പുകളും ആനക്കൊമ്പ് കടത്തിയ ബൈക്കും പിടിച്ചെടുത്തു.
കല്മണ്ഡപത്തെ സ്വകാര്യസ്ഥാപനത്തിന്റെ പിന്വശത്തുനിന്നാണ് ഇവര് പിടിയിലായത്. കറുപ്പസ്വാമിയുടെ വീട്ടില് നേരത്തേ ഉണ്ടായിരുന്ന ആനക്കൊമ്പാണ് വില്ക്കാന് ശ്രമിച്ചതെന്ന് ഇവര് മൊഴി നല്കിയതായി ഉദ്യോഗസ്ഥര് പറഞ്ഞു. സാമ്പത്തികപ്രതിസന്ധി ഉണ്ടായതോടെ ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുകയും കറുപ്പസ്വാമിയുടെ സുഹൃത്തായ റഹ്മത്തുള്ളയെ സമീപിക്കുകയുമായിരുന്നു.
പാലക്കാട്ടെത്തിച്ചാല് നല്ലവിലയ്ക്ക് ആനക്കൊമ്പ് വില്ക്കാമെന്നറിയിച്ചതിനെത്തുടര്ന്ന് റഹ്മത്തുള്ളയുടെ ബന്ധു ഫൈസലിന് ആനക്കൊമ്പ് കൈമാറുകയായിരുന്നുവെന്നും പറയുന്നു. തുടരന്വേഷണത്തിലേ കൂടുതല് കാര്യങ്ങള് വ്യക്തമാവൂ.
വാളയാര് റേഞ്ചില് കേസ് രജിസ്റ്റര്ചെയ്ത് അന്വേഷണം തുടങ്ങിയതായി റേഞ്ച് ഫോറസ്റ്റ് ഓഫീസര് യു. ആഷിഖ് അലി പറഞ്ഞു. ഫ്ലൈയിങ് സ്ക്വാഡ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര് (ഗ്രേഡ്) പി. ദിലീപ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ എച്ച്. നൗഷാദ്, കെ. ഗിരീഷ്, ആര്. ബിനു, ബിനോയ് ജയ്സണ്, രാംകൃഷ്ണന്, സീനിയര് ഡ്രൈവര് മുരളീധരന് എന്നിവരാണ് പരിശോധന നടത്തിയത്.
Content Highlights: