50,000 രൂപയ്ക്ക് ഒറ്റിയ കുഞ്ഞൂട്ടി, മാറിക്കൊണ്ട വെട്ട് തുമ്പായി; 4 ജീവിതങ്ങളെ തകിടംമറിച്ച കൊലപാതകം

1997 ഒക്ടോബർ 12. കോഴിക്കോട്ട് ചാലപ്പുറത്തെ അമ്പാട്ട് വീടിനുമുന്നിൽ അംബാസഡർ കാർ എത്തുമ്പോൾ സമയം വൈകീട്ട് ആറര. കാറിൽനിന്നിറങ്ങിയ നാലു യുവാക്കൾ ആ വീട്ടിലേക്ക് കയറണോയെന്ന് ശങ്കിച്ചുനിന്നു. അപ്പോൾ വീടിന്റെ അകത്തുനിന്ന് ഒരു ചോദ്യം കേട്ടു -‘ആരെയാണ് കാണേണ്ടത്?’
‘കുഞ്ഞിരാമമേനോൻ വക്കീലിനെ’ -എന്നായിരുന്നു യുവാക്കളിലൊരാളുടെ ഇത്തരം. അതുകേട്ടയുടൻ വീട്ടിൽനിന്ന് മറുപടിയെത്തി -‘ഞാനാണ് ആ വക്കീൽ. അകത്തേക്ക് പോന്നോളൂ’
94 വയസ്സുള്ള അഡ്വക്കേറ്റ് കുഞ്ഞിരാമമേനോൻ ഒരു കസേരയിലിരുന്നു. എതിരിലെ സോഫയിൽ നാലു യുവാക്കളും. അവർ പറഞ്ഞു:
‘‘എറണാകുളത്തെ ഹൃദിക് വക്കീൽ പറഞ്ഞിട്ടാണ് വരുന്നത്. ഞങ്ങൾ ചാവക്കാടിനടുത്ത മുതുവട്ടൂർ ഗ്രാമത്തിലുള്ളവരാണ്. പേര് ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസൻ’’
നാലുപേരും ഒരു മത-രാഷ്ട്രീയ കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ്. ജാമ്യത്തിലിറങ്ങിയതാണ്. ഹൈക്കോടതിയിൽ അപ്പീൽപോകാൻ സേവനംതേടി എത്തിയതായിരുന്നു. കേസിന്റെ പ്രസക്തഭാഗങ്ങൾ അഡ്വ. കുഞ്ഞിരാമമേനോൻ ചോദിച്ചറിഞ്ഞു. എന്നിട്ട് ചോദിച്ചു:
‘നിങ്ങളല്ല കുറ്റക്കാരെന്ന് ഉറപ്പല്ലേ’ അതേയെന്ന് നാൽവരും ഒരുമിച്ച് പറഞ്ഞു.
അടുത്ത ചോദ്യം-
‘ഞാൻ വക്കാലത്തെടുത്താൽ ജയിക്കുമെന്ന് നിങ്ങൾക്കുറപ്പുണ്ടോ’
ഉണ്ടെന്ന മറുപടികേട്ട് അഡ്വ. കുഞ്ഞിരാമമേനോൻ വീടിനകത്തേക്ക് പോയി. നല്ല വേഷമിട്ട് കൈയിൽ ചെറിയ സ്യൂട്ട്‌കേസുമായി പുറത്തുവന്നു. എന്നിട്ട് പറഞ്ഞു-
‘നമുക്ക് ഇപ്പോൾത്തന്നെ പുറപ്പെടാം. രാത്രിയാണെന്നതൊന്നും കാര്യമാക്കേണ്ട. നാളെ രാവിലെതന്നെ അപ്പീൽ ഫയൽചെയ്യണം’
കാറിലായിരുന്നു യാത്ര. യാത്രയ്ക്കിടെ ബാബുരാജ് ചോദിച്ചു:
‘ഫീസ് എത്രയാണെന്ന് പറഞ്ഞില്ല’
‘ഈ കാറിന്റെ വാടക നിങ്ങൾ കൊടുക്കണം. കേസ് നടത്തുന്ന ദിവസങ്ങളിൽ എനിക്ക് അല്പം ഭക്ഷണംവാങ്ങിത്തരണം. പറ്റുമെങ്കിൽ താമസിക്കാനൊരിടവും വേണം. അതാണ് എന്റെ ഫീസ്’ -കുഞ്ഞിരാമമേനോൻ പറഞ്ഞു.
കാറിലിരുന്ന് അദ്ദേഹം കൊലപാതകക്കേസിനെപ്പറ്റി വിശദമായി ചോദിച്ചു. അവർ അക്കഥ പറഞ്ഞു: 1994 ഡിസംബർ രണ്ട്. മുതുവട്ടൂർ ഗ്രാമത്തിൽ അന്നൊരു വിവാഹനിശ്ചയം നടന്നു. ഓട്ടോത്തൊഴിലാളിയായ വാകയിൽ വീട്ടിൽ ബിജുവിന്റെ വിവാഹം ഉറപ്പിച്ചു. ചടങ്ങുകഴിഞ്ഞ് ബന്ധുക്കളും അയൽക്കാരും മടങ്ങി. കൂട്ടുകാരായ പത്തു യുവാക്കൾമാത്രം ആ കൊച്ചുവീട്ടിൽ വൈകീട്ടുവരെ സൊറപറഞ്ഞിരുന്നു. എട്ടുപേർ മുതുവട്ടൂർക്കാരാണ്. ഗുരുവായൂരിൽ ടാക്സിഡ്രൈവറായ ജോയ്, തൃശ്ശൂരിൽ ചുമട്ടുതൊഴിലാളിയായ ജയ്‌സൺ എന്നിവർ തൃശ്ശൂർ പാലയ്ക്കൽ സ്വദേശികളും. വൈകീട്ട് ജോയിയും ജയ്‌സണും യാത്രപറഞ്ഞുപോയി. കുറച്ചുകഴിഞ്ഞ് ബാക്കിയുള്ളവരും പിരിയാനൊരുങ്ങിയപ്പോൾ സംഘത്തിലെ റഫീഖ് പറഞ്ഞു:
‘ഞാനും ഒരു പ്രണയവിവാഹത്തിന് തയ്യാറെടുക്കുകയാണ്. ഷാജിത എന്നാണ് പ്രണയിനിയുടെ പേര്. എനിക്ക് ജോലികിട്ടുംവരെ, അല്ലെങ്കിൽ എത്രകാലം വേണമെങ്കിലും അവൾ കാത്തിരിക്കും. നിങ്ങളെല്ലാം കൂടെയുണ്ടാകണം.’
ഞങ്ങളെല്ലാം ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി കൂട്ടുകാർ രാത്രിയോടെ യാത്രപറഞ്ഞു.
പിറ്റേന്ന് നേരംപുലരുംമുന്നേ ഒരാൾ സൈക്കിളിൽ പാഞ്ഞെത്തി ബാബുരാജിനെ വിളിച്ചുണർത്തിപ്പറഞ്ഞു:
‘ജോയിയെ ആരോ വെട്ടി. തൃശ്ശൂർ മെഡിക്കൽ കോളേജിലാണുള്ളത്. ജയ്‌സണെയും വെട്ടാൻശ്രമിച്ചു. പക്ഷേ, അവൻ ഓടിരക്ഷപ്പെട്ടു’
മുതുവട്ടൂർ കൂട്ടുകാർ രണ്ട് ഓട്ടോറിക്ഷകളിലായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു. തൃശ്ശൂർ നഗരത്തിലാണ് മെഡിക്കൽ കോളേജ്. ശരീരമാസകലം വെട്ടേറ്റ് ചികിത്സയിലാണ് ജോയ്. ജയ്‌സൺ അവിടെ സഹായിയായി നിൽപ്പുണ്ടായിരുന്നു.
സിപിഎമ്മിന്റെ തീവ്ര അനുഭാവിയും പ്രവർത്തകനുമായ ജോയിയെ ആർഎസ്എസുകാരാണ് വെട്ടിയതെന്ന വാർത്ത പടർന്നു. പക്ഷേ, മുതുവട്ടൂർ കൂട്ടുകാർ അതിനെപ്പറ്റി സംസാരിച്ചില്ല. കാരണം, ഈ കൂട്ടുകാരിലെ അബൂബക്കറും ജെയിംസും കോൺഗ്രസുകാരാണ്. ബിജുവും ബാബുരാജും സിപിഎം അംഗത്വമുള്ളവരാണ്. രാഷ്ട്രീയമില്ലാത്ത റഫീഖും ഹരിദാസനുമുണ്ട്.
ജോയിയുടെ നില ഗുരുതരമാണ്. അതിനാൽ ആരും അന്ന് വീട്ടിലേക്ക് മടങ്ങിയില്ല. ആശുപത്രിവരാന്തയിൽ ഉറക്കമിളച്ചിരുന്നു. പിറ്റേന്ന് രാവിലെ നാലുമണിയോടെ ഒരു കാറിലും ഒരു ടെമ്പോവാനിലുമായി അഞ്ചാറുപേരെ, ശരീരമാസകലം വെട്ടേറ്റ് ചോരയൊലിക്കുന്നനിലയിൽ ആശുപത്രിയിലെത്തിച്ചു. അവരെ വാഹനങ്ങളിൽനിന്നിറക്കാനും ആശുപത്രിയിലെ കിടക്കയിലേക്ക് മാറ്റാനും മുതുവട്ടൂർ കൂട്ടുകാർ മുൻകൈയെടുത്തു. തൊഴിയൂരിലെ ആർഎസ്എസ് കാര്യവാഹകായ സുനിലിനും കുടുംബാംഗങ്ങൾക്കുമാണ് വെട്ടേറ്റത്. സുനിൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു. സഹോദരൻ സുബ്രഹ്മണ്യന്റെ ഇടതുകൈ വെട്ടേറ്റ് അറ്റുപോയത് വേറെ എടുത്തുകൊണ്ടുവരുകയായിരുന്നു. സുനിലിന്റെ അച്ഛൻ, അമ്മ, പെങ്ങൾ തുടങ്ങി എല്ലാവർക്കും വെട്ടേറ്റിരുന്നു.
പരിക്കേറ്റവരെ വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചത് പ്രാദേശിക ആർഎസ്എസ്-ബിജെപി നേതാക്കളായിരുന്നു. അവർക്ക് ഈ മുതുവട്ടൂർ കൂട്ടുകാരുമായി പരിചയമുണ്ടായിരുന്നു. അവർ അവിടെവെച്ച് പരസ്പരം സംസാരിച്ചു. കാര്യങ്ങൾ തിരക്കി. സങ്കടം പങ്കിട്ടു.
അന്ന് രാവിലെ ജയ്‌സൺ വീട്ടിൽപോയി കുളിച്ച് ക്ഷീണംമാറ്റി തിരിച്ചെത്തി. എന്നിട്ട് മറ്റുള്ളവരോട് പറഞ്ഞു:
‘ഇവിടെ ഞാൻ നിന്നുകൊള്ളാം. നിങ്ങൾ വീട്ടിൽപോയി കുറച്ച് ഉറങ്ങിയിട്ട് വന്നാൽമതി’
മുതുവട്ടൂർസംഘം നാട്ടിലേക്കുമടങ്ങി. വൈകീട്ട്, ഇവരിൽ നാലുപേർ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജിലേക്ക് പുറപ്പെടാനൊരുങ്ങവേ, അജ്ഞാതനായ ഒരു വ്യക്തി അവരുടെ മുന്നിലെത്തി. അയാൾ പറഞ്ഞു: ‘തൊഴിയൂരിലെ സുനിലിനെ വെട്ടിക്കൊന്നത് നിങ്ങളാണെന്ന് പറഞ്ഞ് പോലീസ് നിങ്ങളെ പിടികൂടാനൊരുങ്ങുകയാണ്. ജോയിയെ ആർഎസ്എസുകാർ വെട്ടിയതിന് പകരമായി നിങ്ങളാണ് സുനിലിനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. ജയ്‌സണെയും ജെയിംസിനെയും പോലീസ് പിടിച്ചു. അതുകൊണ്ട് ഉചിതംപോലെ ചെയ്യുക.’
സിപിഎം അംഗത്വമുള്ള ബിജുവും ബാബുരാജും പാർട്ടിയുടെ സഹായംതേടിയെങ്കിലും മറുപടി ഇങ്ങനെയായിരുന്നു
-‘കൊലയ്ക്ക് പകരം കൊല എന്നത് പാർട്ടി നയം അല്ല. നിങ്ങളുടെ പ്രവൃത്തി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. അതിനാൽ സഹായിക്കാൻപറ്റില്ല.’
ഒളിവിൽപ്പോകുകയായിരുന്നു ഏകവഴി. ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസൻ എന്നിവർ കൂലിപ്പണിക്കാരായി ചമഞ്ഞ് തൃത്താലയ്ക്കടുത്ത് കൂടല്ലൂരിൽ വാടകവീട്ടിൽ ഒളിവിൽ താമസിച്ചു. കൈയിൽ പണമില്ല. പട്ടിണിയും സങ്കടങ്ങളുമായി രണ്ടുമാസം കഴിഞ്ഞു. അബൂബക്കറും സുബ്രഹ്മണ്യനും എറണാകുളത്താണ് ഒളിവിലുള്ളത്. ഷമീർ എവിടേക്കോ പോയി.
ഗുരുവായൂർ പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കി:
ഒന്നാം പ്രതി: വാകയിൽ വീട്ടിൽ വി.ജി. ബിജു-ഓട്ടോഡ്രൈവർ
രണ്ടാം പ്രതി: രായമരക്കാർ വീട്ടിൽ ആർ.വി. റഫീഖ്, തൊഴിലന്വേഷി
മൂന്നാം പ്രതി: ഷമീർ-പ്രതിയെപ്പറ്റി വിവരങ്ങൾ ലഭ്യമല്ല
നാലാം പ്രതി: തൈക്കാടൻ ടി.എം. ബാബുരാജൻ-ബസ് കണ്ടക്ടർ
അഞ്ചാം പ്രതി: കല്ലിങ്ങപ്പറമ്പിൽ തുപ്രാടൻ ഹരിദാസൻ, ഓട്ടോഡ്രൈവർ
ആറാം പ്രതി: മത്രംകോട്ടിൽ സുബ്രഹ്മണ്യൻ, വാർക്കപ്പണിക്കാരൻ
ഏഴാം പ്രതി: കരിക്കലകത്ത് വീട്ടിൽ അബൂബക്കർ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ
എട്ടാം പ്രതി: ആളൂർ വീട്ടിൽ ജെയിംസ്, ഗുരുവായൂരിൽ വാഴയിലക്കച്ചവടം
ഒൻപതാം പ്രതി: പാലയ്ക്കൽ മൂലയ്ക്കൽ വീട്ടിൽ ജയ്‌സൺ, ചുമട്ടുതൊഴിലാളി
കൂടെ, കണ്ടാലറിയാവുന്ന രണ്ടുപേരെയും പ്രതിചേർത്തു.
എട്ടുപേരും ഒളിവിൽപ്പോയതോടെ പോലീസ് നരനായാട്ട് തുടങ്ങി. രാപകലില്ലാതെ എട്ടുപേരുടെയും വീടുകളിലും ബന്ധുവീടുകളിലും കയറിയിറങ്ങി. സ്ത്രീകളെ പുലഭ്യം പറഞ്ഞു. പുരുഷൻമാരെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെനിർത്തി ശിക്ഷിച്ചു. പ്രതികളെ ആരെങ്കിലും സഹായിച്ചാൽ അവരെ, കണ്ടാലറിയാവുന്ന രണ്ടു പ്രതികളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കൂടല്ലൂരിലെ ഒളിവുജീവിതം രണ്ടുമാസം പൂർത്തിയാകവേ, അവിടേക്ക് പരിചിതനായ ഒരാളെത്തി. ഒളിവിൽക്കഴിയുന്ന നാലുപേർക്കും കേട്ടുപരിചയമുള്ള കുഞ്ഞൂട്ടിയായിരുന്നു അത്.
കുഞ്ഞൂട്ടി പറഞ്ഞു:
‘നിങ്ങളെ സഹായിക്കാൻവന്നതാണ് ഞാൻ. കേസിന്റെ കാര്യം പോലീസുകാരുമായി സംസാരിച്ചു. 50,000 രൂപ കൊടുത്താൽ ഒൻപതുപേരെയും കേസിൽനിന്ന് ഒഴിവാക്കാമെന്നാണ് പോലീസ് ഉറപ്പുതന്നിരിക്കുന്നത്. പണം കൊടുത്തുകഴിഞ്ഞാൽ നിങ്ങൾ പോലീസിൽ കീഴടങ്ങണം. അവർ ഒന്നോ രണ്ടോ ദിവസം ചോദ്യംചെയ്യുന്നതായി ഭാവിക്കും. പിന്നീട് നിങ്ങൾ കുറ്റക്കാരല്ലെന്നുപറഞ്ഞ് വിട്ടയക്കും.’
പ്രതികളുടെ വീട്ടുകാർചേർന്ന് കുഞ്ഞൂട്ടിക്ക് പണംനൽകി. ഷമീർ ഒഴികെ ആറ് പ്രതികളും ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. എല്ലാവരെയും അടിവസ്ത്രംമാത്രം ധരിപ്പിച്ച് പോലീസ് നിരത്തിനിർത്തി. അവിടേക്കെത്തിയ കുഞ്ഞൂട്ടി പ്രതികളെ നോക്കി കണ്ണിറുക്കി. പോലീസിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു.
പോലീസ് പറഞ്ഞു:
‘നന്ദിയുണ്ട് കുഞ്ഞൂട്ടി. കിട്ടിയത് മുഴുവൻ കുഞ്ഞൂട്ടി എടുത്തോ, ഈ സഹായത്തിനുള്ള പ്രതിഫലം’
തുടർച്ചയായ 11 നാൾ ഏഴുപേരും നേരിട്ടത് ക്രൂരമർദനം. കുളിക്കാനോ പ്രാഥമികകാര്യങ്ങൾ നിറവേറ്റാനോപോലും അനുവദിച്ചില്ല. ആവശ്യത്തിന് ഭക്ഷണവും നൽകിയില്ല. പന്ത്രണ്ടാം നാൾ ചാവക്കാട് കോടതിയിൽ ഹാജരാക്കി. മൂന്നുമാസം ചാവക്കാട് സബ്ജയിലിൽ ഏഴുപേരും റിമാൻഡ് തടവുകാരായി കഴിഞ്ഞു. അവിടെ ജയ്‌സണും ഉണ്ടായിരുന്നു.
ജാമ്യംകിട്ടി പുറത്തിറങ്ങിയപ്പോൾ എല്ലാവർക്കും ഭീതിയായിരുന്നു. കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് ആർഎസ്എസുകാർ പകപോക്കുമോയെന്ന പേടിയായിരുന്നു. പക്ഷേ, അപ്രതീക്ഷിതസംഭവങ്ങൾ ഉണ്ടായി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ.ജി. മാരാർ പ്രതികൾക്ക് അനുകൂല പരസ്യപ്രസംഗവും പ്രസ്താവനകളുമായി രംഗത്തെത്തി. തൊഴിയൂർ സുനിലിനെ വധിച്ച കേസിലെ യഥാർഥപ്രതികളയല്ല പോലീസ് പിടിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി നേതാവായ പി.എസ്. ശ്രീധരൻപിള്ളയും ഈ നിലപാട് തുടർന്നു. അതോടെ സിപിഎമ്മും പ്രതികൾക്ക് പരോക്ഷ പിന്തുണനൽകി.
സിപിഎം-ആർഎസ്എസ് പകപോക്കൽ എന്ന് പോലീസ് മുദ്രകുത്തിയ തൊഴിയൂർ സുനിൽ വധക്കേസിൽ, ജെയിംസ്, അബൂബക്കർ എന്നീ രണ്ടു കോൺഗ്രസ് പ്രവർത്തകരെയും പ്രതികളാക്കി. അതിന് കാരണമുണ്ടായിരുന്നു. കോൺഗ്രസിന്റെ ഭരണമായിരുന്നു അപ്പോൾ. തിരുത്തൽവാദിയായിരുന്ന ജെയിംസ്, പ്രമുഖ കോൺഗ്രസ് നേതാവിന്റെ പ്രസംഗത്തിനിടെ കൂവിവിളിച്ചതിന് നേതാവിന്റെ നോട്ടപ്പുള്ളിയായി. റിയൽ എസ്റ്റേറ്റ് ഇടപാടിൽ മുന്നേറുന്ന അബൂബക്കർ ഇതേ ഇടപാടുകാരനായിരുന്ന ഒരു കോൺഗ്രസ് നേതാവിന് തലവേദനയുമായി. കോൺഗ്രസ് നേതാക്കൾക്കുവേണ്ടി ഇവരെയും ബലിയാടാക്കി.
1997 മാർച്ച് 27-ന് തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി, തൊഴിയൂർ സുനിൽ വധക്കേസിൽ ശിക്ഷവിധിച്ചു. ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസൻ എന്നിവരെ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപവീതം പിഴയൊടുക്കാനും ശിക്ഷിച്ചു. മറ്റ് നാലുപേരെ കുറ്റവിമുക്തരാക്കി. ഷമീർ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞു.
വലിയ ഫീസ് വാങ്ങി വക്കാലത്തെടുത്ത പ്രഗല്‌ഭ അഭിഭാഷകൻപോലും പോലീസിനെ സഹായിക്കുംവിധം വാദിച്ചതുകണ്ട് പ്രതികൾ അമ്പരന്നു. പ്രതികളായ നാലുപേർ സുനിലിന്റെ വീട്ടിലേക്ക് തിളങ്ങുന്ന വാളുമായി പോകുന്നത് നിലാവെളിച്ചത്തിൽ കണ്ടെന്നായിരുന്നു സാക്ഷിമൊഴിയും പോലീസിന്റെ വാദവും. സംഭവം നടന്ന ദിവസം അമാവാസിയായിരുന്നെന്നുപോലും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചില്ല.
ശിക്ഷവിധിച്ചതിൽ പ്രതിഷേധിച്ച് അന്ന് ചാവക്കാട്ടെ ജനത ഹർത്താലാചരിച്ചു. ആരും ആഹ്വാനംചെയ്യാത്ത ഹർത്താൽ. നാട്ടുകാർ നടത്തിയ പ്രതിഷേധം.
നാലുകുറ്റവാളികളും രണ്ടുദിവസം വിയ്യൂർ സെൻട്രൽ ജയിലിലും പിന്നീട് ആറുമാസം കണ്ണൂർ സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പിന്നീട് ജാമ്യത്തിലിറങ്ങി. ഹൈക്കോടതിയിൽ പോകാൻ പണമില്ല. എങ്കിലും പ്രതീക്ഷയോടെ പല അഭിഭാഷകരെ സമീപിച്ചു. ചിലർ നിരുത്സാഹപ്പെടുത്തി. മറ്റു ചിലർ വൻതുക ഫീസായി ആവശ്യപ്പെട്ടു. വധക്കേസിൽ കുറ്റവാളിയായതോടെ ബിജുവിന്റെ വിവാഹം മുടങ്ങി. ബാബുരാജിന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചതിൽനിന്ന് വരന്റെ വീട്ടുകാർ പിന്മാറി. അതോടെ അമ്മ ഹൃദയാഘാതംവന്ന് കിടപ്പിലായി. പോലീസിന്റെ ക്രൂരമർദനമേറ്റ ഹരിദാസൻ കടുത്ത ക്ഷയരോഗിയായി. മകനെ ശിക്ഷിച്ചതറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ റഫീഖിന്റെ പിതാവ് മുഹമ്മദാലിക്ക് ജോലി നഷ്ടപ്പെട്ടു. ഫീസ് കുറവുള്ള അഭിഭാഷകരെ തേടിയുള്ള നാൽവർസംഘത്തിന്റെ യാത്ര എറണാകുളത്തെത്തി. അവിടെയുണ്ടായിരുന്ന ഹൃദിക് വക്കീലാണ് (പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ മകൻ) കോഴിക്കോട്ടെ കുഞ്ഞിരാമമേനോനെ കാണാൻ പറഞ്ഞയച്ചത്.
കഥതീർന്നപ്പോഴേക്കും കാർ എറണാകുളത്തെത്തി. നാലുപേരും ചേർന്ന് കുഞ്ഞിരാമമേനോന് ഹോട്ടലിൽ മുറിയെടുത്തുകൊടുത്തു. അദ്ദേഹം കോടതിയിൽ അപ്പീൽനൽകി വാദംതുടർന്നു. ഹോട്ടൽമുറിക്ക് വാടകനൽകാൻ യുവാക്കളുടെ പക്കൽ പണമില്ലെന്ന് മനസ്സിലാക്കി കുഞ്ഞിരാമമേനോൻ താമസം ബന്ധുവീട്ടിലാക്കി. കക്ഷികൾക്കുവേണ്ടി വാദംനടത്തി.
1998 ജൂലായ് 29 -വാദികളായ നാലുപേരെയും കുഞ്ഞിരാമമേനോൻ എറണാകുളത്തേക്ക് വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു:
‘കേസിൽ വാദം പൂർത്തിയായി. നിങ്ങൾക്ക് നീതിലഭിക്കും. അത് എന്റെ ഉറപ്പ്. ഞാൻ ഇന്ന് നാട്ടിലേക്കുമടങ്ങുന്നു.’
അന്ന് നാട്ടിലേക്കുമടങ്ങിയ കുഞ്ഞിരാമമേനോൻ പിറ്റേദിവസം ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിലായി. പന്ത്രണ്ടാംനാൾ മരിച്ചു
അവസാനവാദത്തിന്റെ വിധിവരും മുൻപേ, 1998 ഓഗസ്റ്റ് പത്തിനായിരുന്നു കുഞ്ഞിരാമമേനോന്റെ മരണം. ക്ഷയരോഗം മൂർച്ഛിച്ച്, വാദിയായ ഹരിദാസനും ഹൈക്കോടതി വിധി വരുംമുന്നേ മരണത്തിന് കീഴടങ്ങി. ഒളിവിൽക്കഴിഞ്ഞിരുന്ന ഷമീർ അതിനിടെ വധിക്കപ്പെട്ടു.
കേസന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. രേഖകളെല്ലാം നഷ്ടപ്പെട്ടെന്ന മറുപടിയാണ് ഗുരുവായൂർ പോലീസ് നൽകിയത്. തൊഴിയൂർ സുനിൽ വധക്കേസിലെ എല്ലാ രേഖകളും തെളിവുകളും അന്വേഷണസംഘം നശിപ്പിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ, തീരദേശം കേന്ദ്രീകരിച്ച് തീവ്രവാദസംഘടനകൾ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച കേരള സിബിസിഐഡി സ്പെഷ്യൽ സ്‌ക്വാഡ് സർക്കാരിന് റിപ്പോർട്ട് നൽകി. സുനിൽവധക്കേസിലെ യഥാർഥപ്രതികൾ വിദേശത്തേക്കുകടന്നെന്നും ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്നുമായിരുന്നു 1997-ൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്.
1998 സെപ്റ്റംബർ 15-ന് ഹൈക്കോടതിയുടെ ഡിവിഷൻബെഞ്ച് വിധിപറഞ്ഞു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. കൊലപാതകത്തിന് പിന്നിലുള്ള തീവ്രവാദസംഘടനകളുടെ ബന്ധത്തെപ്പറ്റി വിശദമായ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ജീവപര്യന്തം തടവിൽനിന്ന് മോചിതനായ റഫീക്, ഹൈക്കോടതിയുടെ വിധി വന്ന് 15-ാം നാൾ, 1998 സെപ്റ്റംബർ 30-ന്, പ്രണയിനിയായ ഷാജിതയെ ജീവിതസഖിയാക്കി.
ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രത്യേകസംഘം തീവ്രവാദപ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചു. വലപ്പാട് കോതകുളത്തെ അന്വേഷണസംഘത്തിന്റെ ക്യാമ്പിലുള്ള ഉദ്യോഗസ്ഥർ ഇസഹാക് എന്നയാളെ സംശയാസ്പദമായി പിടികൂടി. ഇയാളുടെ കൈയിലുണ്ടായ മുറിവിനെപ്പറ്റി അന്വേഷിച്ചു. ഈ അന്വേഷണമെത്തിയത് തൊഴിയൂർ സുനിൽ വധക്കേസിന്റെ തെളിവിലേക്കാണ്. തൊഴിയൂർ സുനിലിനെയും കുടുംബത്തെയും വെട്ടിയത് അമാവാസിനാളിലാണ്. തൃശ്ശൂർ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജം ഇയ്യത്തുൽ ഇഹ്‌സാനിയ എന്ന തീവ്രവാദസംഘടനയിലെ ഒൻപതുപേർ ചേർന്നാണ് വെട്ടിയത്. വെട്ടുന്നതിനിടെ അക്രമിസംഘത്തിൽ ഒരാളുടെ വെട്ട് മാറിക്കൊണ്ടതാണ് ഈ മുറിവുപാടെന്ന് കണ്ടെത്തി. അതോടെ അന്വേഷണത്തിന് തുമ്പ് തെളിഞ്ഞു. യഥാർഥകുറ്റവാളികൾ വേറെയാണെന്ന് മനസ്സിലായതോടെ സുനിലിന്റെ വീട്ടുകാർ തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് അനുകൂലമായി.
സുനിലിന്റെ വീട്ടുകാരും തെറ്റായി ശിക്ഷിക്കപ്പെട്ട നാലുപേരും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. സുനിൽ ഉൾപ്പടെയുള്ള എല്ലാ മത-രാഷ്ട്രീയ വധക്കേസുകളും അതിനുപിന്നിലെ തീവ്രവാദബന്ധവും അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് മുഖ്യമന്ത്രി അംഗീകരിച്ച്, കേസുകൾ വീണ്ടും അന്വേഷിക്കുന്നതിന് 2017 സെപ്റ്റംബർ 25-ന് ഉത്തരവിറക്കി. അതിനായി പ്രത്യേകസംഘത്തെയുണ്ടാക്കി. അവർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ജം ഇയ്യത്തുൽ ഇഹ്‌സാനിയ എന്ന തീവ്രവാദസംഘടനയിലെ ഒൻപതുപേർ ചേർന്ന് ആറുപേരെ കൊലപ്പെടുത്തിയെന്നാണ്. കൊല്ലപ്പെട്ട ആറുപേരും അയോധ്യയിലെ കാർസേവയിൽ പങ്കെടുത്തവരായിരുന്നു. തീവ്രവാദസംഘടനയിലെ അഞ്ചുപേരെ അന്വേഷണസംഘം അറസ്റ്റുചെയ്തു.
സുനിലിനെ വെട്ടിക്കൊന്ന തീവ്രവാദസംഘത്തിൽ ഒൻപതുപേരുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിയാണ് ഗുരുവായൂർ പോലീസ് അതിനുസമാനമായി നിരപരാധികളായ ഒൻപതുപേരെ പ്രതിചേർത്തത്. കേസിൽ സത്യം തെളിയുമെന്നായതോടെ രേഖകളും തെളിവുകളും നശിപ്പിക്കുകയും ചെയ്തു.
ജീവപര്യന്തം തടവുശിക്ഷ കിട്ടിയവരിൽ അവശേഷിക്കുന്ന മൂന്നുപേർ ചേർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇവിടെയും സഹായിയായി ഒരു അഭിഭാഷകനെത്തി. മുൻപ് പരിചയമില്ലാത്ത ഷൈജൻ സി. ജോർജ്. ഫീസ് വാങ്ങാതെയാണ് അദ്ദേഹം കേസ് വാദിച്ചത്. അഞ്ചുവർഷത്തിനുശേഷം ഇവർക്ക് 2025 മാർച്ച് 20-ന് അനുകൂലവിധി കിട്ടി. തെറ്റായി ശിക്ഷിക്കപ്പെട്ടതിന് കൃത്യമായ നഷ്ടപരിഹാരം നൽകാനായിരുന്നു വിധി. ഇവിടംകൊണ്ട് ഇവർ പോരാട്ടം അവസാനിപ്പിക്കുന്നില്ല. കള്ളക്കേസിനും അറസ്റ്റിനും ചോദ്യംചെയ്യലിനും തടവുശിക്ഷയ്ക്കും 31 വർഷം തികയുകയാണിപ്പോൾ. ഇതിനുള്ള നഷ്ടപരിഹാരം സർക്കാരല്ല, കള്ളക്കേസിൽ കുടുക്കിയ പോലീസുകാരിൽനിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്
നിവേദനം നൽകിയിരിക്കുകയാണ് ഇപ്പോൾ ഈ മൂവർസംഘം.
ബാബുരാജും ബിജുവും സിപിഎം ചാവക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. റഫീഖ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. മൂവരും ചെറിയ ബിസിനസിലൂടെ ഉപജീവനം നടത്തി, ഉറ്റമിത്രങ്ങളായി ജീവിക്കുന്നു.
- ഡിവൈഎസ്‌പി ടി. ചന്ദ്രൻ, സിഐ ശിവദാസൻപിള്ള, എസ്െഎ സതീശൻ, േടാമി, ഇബ്രാഹിം എന്നീ പോലീസുകാരാണ് കള്ളക്കേസിനും രേഖ നശിപ്പിക്കലിനും പിന്നിൽ. കള്ളക്കേസെടുത്ത് തീവ്രവാദികളെ രക്ഷിച്ചതിന് അന്നത്തെ സർക്കാർ ഇവർക്ക് സ്ഥാനക്കയറ്റവും പാരിതോഷികവുമാണ് നൽകിയത്. സുനിൽ കൊല്ലപ്പെടുന്നസമയത്ത് ഞങ്ങൾ മെഡിക്കൽ കോളേജിലുണ്ടായിരുന്നതിന് ബിജെപിക്കാർ സാക്ഷിയാണ്. അവർ അക്കാര്യം മിണ്ടിയില്ല- ടി.എം. ബാബുരാജ്
- കൃത്യമായ അന്വേഷണം അന്നേ നടത്തിയിരുന്നെങ്കിൽ തുടർന്നുണ്ടായ അഞ്ച് കൊലപാതകങ്ങൾ തടയാമായിരുന്നു. വാടാനപ്പിള്ളി രാജീവ്, മതിലകം സന്തോഷ്, കൊല്ലങ്കോട് മണി, വളാഞ്ചേരി താമി, കൊളത്തൂർ മോഹനചന്ദ്രൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളിൽ ചിലർ വിദേശത്തേക്ക് രക്ഷപ്പെട്ടു. ഇതിന് വഴിയൊരുക്കിയവരെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കണം- വി.ജി. ബിജു
- ക്രൂരമർദനമാണ് നടന്നത്. ഹരിദാസൻ ക്ഷയംപിടിച്ച് മരിച്ചു. പിന്നാലെ മാതാപിതാക്കളും. ബാബുരാജ് ഹൃദ്രോഗം ബാധിച്ച് തുറന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹൃദയംപൊട്ടിയാണ് ബാബുരാജിന്റെ അമ്മ മരിച്ചത്. ബിജുവിന്റെ വിവാഹം മുടങ്ങി. പ്രതിചേർക്കപ്പെട്ട ജയ്‌സൺ അർധപ്രാണനായി കഴിയുന്നു. സുബ്രഹ്മണ്യനും ഷമീറും ചെറുപ്രായത്തിൽ മരിച്ചു- ആർ.വി. റഫീഖ്
Content Highlights: political murder case 1994