ഹാര്‍ലി ഡേവിഡ്സണില്‍ ഇരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രം വൈറല്‍ ആക്കിയത് ആര്...?

-
-

നാഗ്പുരിലെ രാജ്ഭവനില്‍ കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഹാര്‍ലി ഡേവിഡ്സന്റെ ലിമിറ്റഡ് എഡീഷന്‍ ബൈക്ക് ആയ 'സിവിഓ 2020'യിൽ ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ചീഫ് ജസ്റ്റിസ് ബോബ്ഡെയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണം നടത്തിയിരുന്നു. ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ബി.ജെ.പി. നേതാവിന്റെ മകന്റെ ഹാര്‍ലി ഡേവിഡ്സണ്‍ വണ്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓടിച്ചു എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചീഫ് ജസ്റ്റിസിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. നാഗ്പുര്‍ രാജ്ഭവനില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ഡീലറുടെ ഷോ റൂം ചീഫ് ജസ്റ്റിസ് സന്ദര്‍ശിക്കുകയായിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ചീഫ് ജസ്റ്റിസിന് ഡീലര്‍ ഹാര്‍ലി ഡേവിഡ്സന്റെ ലിമിറ്റഡ് എഡീഷന്‍ ബൈക്ക് ആയ 'സിവിഓ 2020' ടെസ്റ്റ് റൈഡിന് നല്‍കുകയായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് വാഹനം ഓടിച്ചില്ല. മറിച്ച് വാഹനത്തില്‍ ഇരിക്കുക മാത്രമാണ് ചെയ്തത്. വാഹനം ആരുടേതാണെന്ന് പോലും ചീഫ് ജസ്റ്റിസിന് അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ വ്യക്തമാക്കി.

ഇതിനിടെ ഷോറൂമില്‍ ഉണ്ടായിരുന്ന ഒരാള്‍ ചീഫ് ജസ്റ്റിസ് ബോബ്ഡെ ഹാര്‍ലി ഡേവിഡ്സന്റെ ലിമിറ്റഡ് എഡീഷന്‍ ബൈക്ക് ആയ സിവിഓ 2020 ല്‍ ഇരിക്കുന്ന ചിത്രം പകര്‍ത്തി. ഇത് ചീഫ് ജസ്റ്റിസിന്റെ അറിവോടെ ആയിരുന്നില്ല. ചിത്രം പകര്‍ത്തിയത് ഷോറൂം ജീവനക്കാര്‍ ആണോ എന്ന കാര്യവും വ്യക്തമല്ല. 

ചീഫ് ജസ്റ്റിസ് ബോബ്ഡെയെക്ക് ബുള്ളെറ്റിനോടും ക്യാമറകളോടും ഉള്ള ഇഷ്ടം പ്രസിദ്ധമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനം എടുക്കുന്നതിന് തൊട്ട് മുമ്പ് മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇക്കാര്യം ചീഫ് ജസ്റ്റിസ് പറയുകയും ചെയ്തിരുന്നു. ജഡ്ജിയാകുന്നതിന് മുമ്പ് ബുള്ളറ്റ് ഉള്‍പ്പടെ രണ്ട് ഇരുചക്ര വാഹനങ്ങള്‍ ബോബ്ഡെക്ക് ഉണ്ടായിരുന്നു. സുപ്രീം കോടതി ജഡ്ജി ആയതിന് ശേഷവും ഔദ്യോഗിക വസതിയില്‍ ഒഴിവ് സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ജസ്റ്റിസ് ബോബ്ഡെ ഓടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ഹാര്‍ലി ഡേവിഡ്സണില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കുറച്ച് ദിവസം കോടതിയില്‍ എത്തിയിരുന്നില്ല.

content highlights: Photo Of Chief Justice Bobde On A Harley Bike and controversy

Content Highlights: